4 January 2025, Saturday
KSFE Galaxy Chits Banner 2

ആട്ടവിളക്കിനു പിന്നിൽ

രമ്യാ മേനോൻ
December 4, 2022 4:03 am

കീചക വധത്തിനോ കല്യാണസൗഗന്ധികത്തിനോ വേണ്ടിയല്ലാതെ ആട്ടക്കഥാ രൂപം കൊള്ളുക. അതിന് ഇന്ത്യയ്ക്ക് പുറത്തുപോലും ആരാധകരുണ്ടാകുക. തികച്ചും വിചിത്രമെന്നുതോന്നുന്ന ഇക്കാര്യങ്ങൾ ഒരു കലാജീവിതത്തിന്റെ പകർന്നാട്ടങ്ങളുടെ ആകെത്തുകയാണ്. കേരളത്തിനെ അടയാളപ്പെടുത്തുന്ന കഥകളിയെന്ന കലാരൂപം കലാമണ്ഡലം ഷിജുകുമാറിന് വെറും നേരംപോക്കല്ല, ജീവിതം തന്നെയാണ്. കല്ലറയിൽ നിന്ന് കലാമണ്ഡലത്തിലേക്ക് ചേക്കേറുന്നതിന് മുമ്പ് തന്നെ ഷിജുവിലെ കൊച്ചു കലാകാരൻ കഥകളിയെ ഏറെ സ്നേഹിച്ചിരുന്നു. മുത്തച്ഛൻ കഥകളി നടൻ ആയിരുന്നു എന്ന കേട്ടുള്ള ഓർമ്മയൊഴിച്ചാൽ കഥകളിയുമായി മറ്റൊരു ബന്ധവും ഷിജുകുമാറിനില്ല. എന്നാലും ഉത്സവപ്പറമ്പുകളിൽ മണിക്കൂറുകളോളം കഥകളി ആസ്വദിച്ചിരുന്ന ഷിജുകുമാറിനെ ഉറക്കം പോലും ശല്യപ്പെടുത്തിയിരുന്നില്ല.

തുടർന്ന് തന്റെ 14-ാം വയസിൽ കഥകളി പഠിക്കാൻ ഷിജുകുമാർ കലാമണ്ഡലത്തിലെത്തി. നാലു മണിയ്ക്കാണ് കളരി ആരംഭിക്കുക. കണ്ണിൽ നെയ്യൊഴിച്ച് ഉഴിച്ചിൽ, ദേഹമാസകലം ചവിട്ടിത്തിരുമ്മി അങ്ങനെ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് കഥകളി അഭ്യസിക്കാൻ ആരംഭിക്കുക. രാവിലെ തുടങ്ങിയാൽ ഉച്ചവരെ കഥകളി കളരി, ഉച്ചയ്ക്ക് സ്കൂളിൽ. കളരിയിലെ ക്ഷീണത്തോടെ ക്ലാസിൽ ഇരിക്കേണ്ടി വന്നിരുന്ന ബാല്യകാലം. തന്റെ ഒപ്പം പഠിക്കുന്ന വിദ്യാർത്ഥികൾ കളിച്ചുനടന്ന സമയം മുഴുവൻ ഷിജുകുമാർ കഥകളിയ്ക്കുവേണ്ടി മാറ്റിവച്ചു. നിരന്തരമുള്ള അഭ്യാസ‑പ്രയാസങ്ങൾ ചിലപ്പോഴെങ്കിലും മടിപ്പിച്ചിരുന്നു, വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നുവരെ ആലോചിച്ച ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് ആ ബാലന്. പിന്നെയും നിയോഗം പോലെ കളരിയിൽ തുടർന്നു.

ഏറെക്കാലങ്ങൾ പിന്നിടുമ്പോൾ അത് നല്ലതായെന്ന് തോന്നുമെങ്കിലും നഷ്ടബാല്യത്തിന്റെ ശിഷ്ട ഓർമ്മകൾ വ്യഥയായി എത്താറില്ലെന്ന് പറഞ്ഞാൽ, നുണയായി പോകുമെന്ന് ഷിജുകുമാർ പറയുന്നു. കലാമണ്ഡലം ഗോപകുമാർ, പ്രസന്നകുമാർ, രാജശേഖരൻ എന്നീ ഗുരുക്കന്മാരുടെ ശിഷ്യഗണത്തിൽ ആട്ടവിളക്കിന് മുന്നിൽവന്ന കഥകളി കലാകാരന്മാരുടെ ജീവിതം അരങ്ങിലേതിനെക്കാളും പലപ്പോഴും വിചിത്രവും ആകാംക്ഷാഭരിതവുമാണ്. ഷിജുകുമാറിന്റെ ജീവിതവും തെല്ലും വ്യത്യസ്തമായിരുന്നില്ല. കഥകളി പഠനത്തിന്റെ അവസാന കാലത്ത് ഏകലവ്യൻ എന്ന കഥയ്ക്ക് മണിപ്രവാള സാഹിത്യത്തിൽ പദങ്ങൾ രചിച്ച്, വേദിയിലേക്ക് കൊണ്ടുവന്നതായിരുന്നു ഷിജുകുമാറിന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ നേട്ടം. ഏകലവ്യൻ കഥകളി അരങ്ങ് ഉദ്ഘാടനം ചെയ്തത് ഒഎൻവി ആയിരുന്നു. അത് തീരുന്നതുവരെ കാണിയായി അദ്ദേഹം അവിടെ തുടർന്നതും ഷിജുകുമാറിന്റെ ഓർമ്മിലെ ഏറ്റവും ഇഷ്ടനിമിഷങ്ങളിൽ ഒന്നാണ്. കേരള ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥി രചിച്ച ആട്ടക്കഥ വിദ്യാർത്ഥികൾ അരങ്ങത്ത് അവതരിപ്പിച്ചു എന്ന വാർത്ത 1997ലെ പത്രങ്ങളിൽ വലിയ പ്രാധാന്യത്തിൽ വന്നിരുന്നു.

പിന്നീട് 30 സ്റ്റേജുളിൽ ഷിജുകുമാർ ഏകലവ്യൻ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ പുരാണേതിഹാസങ്ങളെ വിട്ടിട്ട് ചൈനീസ് സാഹിത്യത്തെ കഥകളിയാക്കിയ ചരിത്രവും ഷിജുകുമാറിനുണ്ട്. ഇന്ത്യ- തായ്പേയ് ഫെസ്റ്റിവലിലെ പ്രധാന മുഖമായി മാറിയ കാലത്താണ് ചൈനീസ് സാഹിത്യമായ ബട്ടർഫ്ലൈ ലവേഴ്സ് എന്ന കഥയെ കഥകളിയാക്കി, ഷിജുകുമാർ മാറ്റിയത്. ചുളങ് തായി എന്ന നായികാ കഥാപാത്രം സുനന്ദയായും ലിയാങ് സാംപോ ഗുണപാലനായും വാ- എന്ന പ്രതിനായകൻ മേഘമുഖനായും അരങ്ങിലെത്തി. ഇന്ത്യൻ അംബാസിഡർമാരായിരുന്ന നിരുപമാ റാവുവിന്റെയും ടി പി സീതാറാമിന്റെയും ശ്രമഫലമായിട്ടാണ് ബട്ടർഫ്ളൈ ലവേഴ്സ്- സുനന്ദാ ഗുണപാലനായി അരങ്ങിലെത്തിയത്. 2004 മുതൽ നാടകവും അവതരിപ്പിച്ചുവരുന്നു. ഏഷ്യൻ നൃത്തകലകളെ രാമായണവുമായി ബന്ധപ്പെടുത്തിയുള്ള കോറിയോഗ്രഫിയും ചെയ്തു. ഷേക്സ്പിയറിന്റെ ഒഥല്ലോയെ ഇതിവൃത്തമാക്കി സുവർണാ ബാഹും രചിച്ചു തയ്യാറാക്കിയെങ്കിലും ഇതുവരെ അരങ്ങിലെത്തിക്കുന്നതിന് വേണ്ട പിന്തുണ ലഭിച്ചില്ലെന്ന തെല്ല് പരിഭവവും ഷിജുകുമാറിനുണ്ട്.

മത്സരങ്ങൾക്കുവേണ്ടി കഥകളി പഠിക്കുന്ന കുട്ടികളെങ്കിലും ഇന്ത്യയുടെ രാജകീയ കലയെ അടുത്തറിയുന്നല്ലോ എന്ന തെല്ലൊരാശ്വാസമാണ് ഈ കലാകാരന്. ഇന്ത്യൻ കലകളിൽ കേരളത്തെ അടയാളപ്പെടുത്തുന്ന കഥകളിയുടെ രൂപം പോലും തിരിച്ചറിയാനാകാത്ത സമൂഹം ഒട്ടൊന്നുമല്ല ഷിജുകുമാറെന്ന കഥകളി നടന്റെ മനസിനെ അലോസരപ്പെടുത്തുന്നത്. കഥകളിയെന്ന കലാരൂപം കുട്ടികളെ പാഠ്യത്തിലൂടെ പരിചയപ്പെടുത്താനെങ്കിലും മുതിർന്നവർ ശ്രദ്ധിക്കണമെന്ന് ഷിജുകുമാർ ഓർമ്മിപ്പിക്കുന്നു. ആസ്വദിക്കുന്ന ഒരാൾക്ക് മുന്നിലായാലും കഥകളി അവതരിപ്പിക്കുന്നതിന് സന്തോഷമേയുള്ളൂ. കോവിഡ് കഴിഞ്ഞ കാലയളവിൽ പൊതുപരിപാടികൾ സജീവമായി വരുന്നതേയുള്ളൂ. ഈ അവസരത്തിൽ ഇത്തരം കലയുമായി മുന്നോട്ട് പോകുന്നവരെക്കൂടി കൈപിടിച്ച് ഒപ്പം കൂട്ടാൻ അധികൃതർ ശ്രദ്ധപുലർത്തുമെന്നാണ് ഷിജുകുമാറിനെപ്പോലുള്ള കലാകാരന്മാരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.