24 November 2024, Sunday
KSFE Galaxy Chits Banner 2

തമസ്കരിക്കപ്പെട്ട സ്വാതന്ത്ര്യസമരഗാഥയുമായി ‘ഭവാനി’

ജ്യോതിഷ് ബാബു
February 11, 2024 6:41 pm

ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയ്ക്ക് ശക്തി പകർന്നു കൊണ്ട് ചെറുതും വലുതുമായ നിരവധി പ്രാദേശിക സമരങ്ങൾ ഇന്ത്യയിൽ നടന്നിട്ടുണ്ട്. അതിൽ ആദിവാസിയുടെയും കിഴാളന്റെയും രക്തവും കണ്ണീരും ഊടും പാവുമായിട്ടുണ്ട്. പക്ഷേ അത്തരം ചരിത്ര സന്ദർഭങ്ങളെ തമസ്കരിക്കനും പാർശ്വവൽക്കരിക്കപെട്ടവന്റെ പ്രതിരോധ ചരിത്രത്തെ ചവറ്റുകൂനയിലേക്ക് തള്ളാനുമുള്ള സമകാലിക രാഷ്ട്രീയ പ്രവണതകൾക്കു നേരേയുള്ള ഉത്തരമാണ് ഡോ. എം എസ് നൗഫലിന്റെ ‘മാ… തുത്സേ സലാം’ എന്ന നോവലിനെ ആസ്പദമാക്കി പി എൻ മോഹൻരാജ് രചനയും സംവിധാനവും നിര്‍വഹിച്ച ഭവാനി എന്ന നാടകം.

പി എൻ മോഹൻരാജ്

എറണാകുളം വടക്കൻ പറവൂരിൽ നടന്ന സംസ്ഥാന നാടക മത്സരത്തിൽ കൊല്ലം കുളക്കട ഇന്റലക്ച്വൽ ലൈബ്രറി അവതരിപ്പിച്ച ‘ഭവാനി’ നാല് അവാർഡുകളാണ് നേടിയത്. മികച്ച ബാലനടി, മികച്ച ചമയം, മികച്ച ദീപവിതാനം, അവതരണത്തിൽ മൂന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി. കൊല്ലം ജില്ലാ കൗൺസിലിനെ പ്രതിനിധീകരിച്ചാണ് അവർ സംസ്ഥാന നാടകോത്സവത്തിൽ പങ്കെടുത്തത്.

ശിർധോൻ ഗ്രാമത്തിൽ ജനിച്ച വാസുദേവ ബലവന്ത് ഫഡ്ക്കേ ഒരു സവർണനായിരുന്നെങ്കിലും ആദിവാസി കുടികളിലേക്കിറങ്ങി ചെന്ന് തൊലിയുടെ നിറമോ വംശത്തിന്റെയോ വർഗത്തിന്റെയോ ഉച്ചനീചത്വങ്ങളോ നോക്കാതെ അദ്ദേഹം ഒരു വിപ്ലവ പ്രസ്ഥാനത്തിനു രൂപം കൊടുത്തു. അതാണ് ശിപായി ലഹള എന്നു വിളിക്കുന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷമുള്ള സായുധ കലാപമായ റാമോഷി കലാപമായി പടർന്നത്. ഭരിക്കുകയും കൊള്ളയടിക്കുകയും ചെയ്ത അധിനിവേശ പടയോടുള്ള പെറ്റ മണ്ണിന്റെ കലാപമായിരുന്നു അത്. ഇന്ത്യൻ വനങ്ങളെ കൊള്ളയടിച്ച് കപ്പൽ കടത്താൻ തടസമായി നിന്ന ആദിവാസികളെ ട്രൈബൽ ആക്ടിലൂടെ വെടിവെച്ചു കൊല്ലാനും തൂക്കിക്കൊല്ലാനുമാണ് വെള്ളക്കാർ ശ്രമിച്ചത്. ഈ കൊള്ളക്കെതിരെ ഭരണത്തിന്റെ കുഴലൂത്തുകാരും ആശ്രിതരും ചെറുവിരലനക്കിയില്ല. മാത്രമല്ല കൊടിയ ക്ഷാമം ഇന്ത്യൻ ഭൂഖണ്ഡത്തെ കവർന്നുതിന്നു കൊണ്ടിരുന്നപ്പോൾ അവർ പണപ്പെട്ടിക്കുമേൽ അടയിരിക്കുകയായിരുന്നു. അവിടെയാണ് ദൗലത്തിനെ പോലെയുള്ള ഒരു ആദിവാസിയുടെ പ്രസക്തി.

ഗൗരി കൃഷ്ണ

ദൗലത്ത് തന്റെ തെരുവഭ്യാസത്തിൽ നിന്നു സ്വരുപിച്ച ചില്ലറ നാണയങ്ങൾ മുഴുവൻ ക്ഷാമത്തിനെതിരെയുള്ള അടിയന്തിര പ്രയത്നങ്ങൾക്കായി ഫഡ്ക്കേയ്ക്കു നൽകുന്നു. കാലം മാറിയെങ്കിലും ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ചരിത്രത്തിന്റെ ആവർത്തനത്തെ തമസ്കരിക്കുവാനാണ് ദേശത്തിന്റെ കാവൽക്കാർ എന്ന് നടിക്കുന്നവർ ശ്രമിക്കുന്നത്. ഈ സത്യത്തെ പുതിയ തലമുറയിൽ നിന്നവർ മറച്ചു പിടിക്കുന്നു. ഭവാനി എന്ന കൊച്ചു പെൺകുട്ടിയിലൂടെ ഇത്തരം ചരിത്രങ്ങൾ പുതുതലമുറയിലേക്ക് പകരേണ്ടുന്ന പ്രസക്തിയിലേക്കാണ് നാടകം സഞ്ചരിക്കുന്നത്. ലോകമെമ്പാടുമുള്ള അധിനിവേശങ്ങളിൽ തകർന്നടിയുന്ന കുഞ്ഞുങ്ങളുടെ തലമുറയെ ഭവാനി പ്രതിനിധീകരിക്കുന്നു. നദിയുടെ ആഴങ്ങളിലൂടെ കൊല്ലപ്പെട്ട തന്റെ ഉറ്റവർ ഒഴുകി പോകുന്നതറിയാതെ പ്രതീക്ഷയുടെ പൂക്കളുമായി കാത്തിരിക്കുന്ന തലമുറയാണ് ഭവാനി.

ഭരണകൂടത്തിനായി കൊത്തി കൊത്തി തായ് മരത്തിന് തുളയിട്ടു കൊണ്ടിരിക്കുന്ന മരംകൊത്തികളുടെ കോടതിക്ക് കലാപകാരിയുടെ ധീരതയേയും അവനു കൂറു പ്രഖ്യാപിച്ച കർഷകരുടെ പ്രക്ഷോഭത്തെയും ഭയമാണ്. അത് കൊണ്ടാണ് ആൻഡമാനിലെ ജയിലുകൾ വന്നിട്ടില്ലാത്ത ആ കാലത്ത് ഫഡ്ക്കേയെ കപ്പലിൽ യെമനിലേക്ക് നാടുകടത്തുന്നത്. അതോടൊപ്പം ജയിലിലടയ്ക്കപ്പെടുകയും ഒരിക്കലും പുറത്ത് വരാതിരിക്കുകയും ചെയ്യുന്ന പ്രതിരോധിക്കുന്ന യുവതലമുറയെയാണ് ഈ നാടകത്തിലെ രുസ്തം അടയാളപ്പെടുത്തുന്നത്.
ചരിത്രം ആവർത്തിക്കപെടുമ്പോൾ അത് നിലക്കണ്ണാടിയിലെന്ന പോലെ വർത്തമാനകാലത്തിൽ പ്രതിഫലിക്കുന്നു. അങ്ങനെ ഭവാനി ഒരേ സമയം തമസ്കരിക്കപ്പെട്ട ചരിത്രത്തിന്റെ ദൃശ്യഭാഷയും സമകാലത്തിന്റെ നേർവായനയുമായി മാറുന്നു.

പുതിയൊരു നാടകത്തിന്റെ ആശയവുമായി പ്രശസ്ത നാടക സംവിധായകൻ പി എൻ മോഹൻരാജ് കുളക്കട ഗ്രാമത്തിലെ ഇന്റലക്ച്വൽ ലൈബ്രറിയിലെത്തുമ്പോൾ നാടകം കണ്ടിട്ടുപോലുമില്ലാത്ത കുട്ടികളും അമ്മമാരും ചില ചില്ലറ പരിചയങ്ങൾ മാത്രമുള്ള യുവാക്കുളും മാത്രമായിരുന്നു മുന്നിൽ. അരങ്ങിന്റെ ശില്പദാർഢ്യത്തെ കുറിച്ചൊന്നുമേ അറിയാത്ത ഒഴുകുന്ന ജലം പോലൊരു ഗ്രാമീണത്വം. ആ ജലത്തിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഒരു ശില്പത്തെ കൊത്തിയെടുക്കുക എന്ന ദൗത്യത്തിൽ പി എൻ മോഹൻരാജിന്റെ ആത്മാർത്ഥത വിജയിച്ചു.

ഡോ. എം എസ് നൗഫല്‍

14 ജില്ലകളിലെ എണ്ണം പറഞ്ഞ നാടകപ്രവർത്തകരുമായി ഏറ്റുമുട്ടി താഴത്തു കുളക്കട ഡിവിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരികൃഷ്ണ സംസ്ഥാനത്തെ ഏറ്റവും മികച്ച ബാലനടിയായി. പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങിക്കൊണ്ട് മറ്റ് ജില്ലകളെ പിന്നിലാക്കി ഭവാനി മൂന്നാം സ്ഥാനത്തെത്തുകയും ദീപവിതാനത്തിനും ചമയത്തിനുമുള്ള ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

മുതിർന്നവരുടെ ജോലിത്തിരക്കുകളും കുഞ്ഞുങ്ങളുടെ സ്കൂൾ പഠനവും കൊണ്ട് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് റിഹേഴ്സലിനായി ലഭിച്ചത്. ആ ദിവസങ്ങൾ കൊണ്ട് ഡോ. എം എസ് നൗഫലിന്റെ നോവലിനെ അവലംബിച്ച് അദ്ദേഹംതന്നെ തയ്യാറാക്കിയ നാടകം അവർ മനസിലാക്കുകയും അത് ഹൃദയത്തിൽ ഒപ്പിയെടുക്കുകയുമായിരുന്നു. ഗൗരി കൃഷ്ണയ്ക്ക് ഒപ്പം ലൈബ്രറിയിലെ സുജിത് പ്രസാദ്, അമൽ മുട്ടറ, അബു പാലാഴി, സാബു മാവിടി, സുഭാഷ്, കെ ശശിധരൻ പാങ്ങോട്, ബിബിൻ, സുനിൽകുമാർ, അക്ഷര അനീഷ്, നിള സി വിജയ്, ചന്ദ്രലേഖ, രാധിക, മഹിത്, അഭിലാഷ്, അക്കീര, ആദിത്യ ജയൻ, രഞ്ജിനി എന്നിവരാണ് അരങ്ങിലെത്തിയത്. സംഗീതം ആർ കിരൺബോധിയും ലൈറ്റ് സന്തോഷ് കലാകേന്ദ്രവും നിർവഹിച്ചു. ടീം മാനേജർ രാജൻ ബോധിയായിരുന്നു. ആർട്ട് ഗോപാലകൃഷ്ണൻ മുന്ന, സ്റ്റേജ് മനേജ്മെന്റ് സുഭാഷ് ആറ്റുവാശേരി, കോ-ഓർഡിനേറ്റർ ശ്രീലത സുനി.

You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.