23 May 2024, Thursday

അധികാരത്തിന്റെ ‘ഭ്രമയുഗ’ കല്പനകൾ

ഡോ. ബി ആർ സുമേഷ്
ചിത്രശാല
February 25, 2024 2:12 am

ഇരുളും വെളിച്ചവും ദൃശേയ സാധ്യതയാക്കി നിർമ്മിക്കപ്പെട്ട ഭ്രമയുഗം ഒരു രാഷ്ട്രീയ സിനിമയാണ്. ഒരു രാഷ്ട്ര സങ്കൽപത്തിനുള്ളിൽ അധികാരത്തിന്റെയും അധിനിവേശത്തിന്റെയും ഇടയിൽപെട്ട് ജീവത്യാഗം ചെയ്യുന്ന മുഷ്യന്റെ അനുഭവ സാക്ഷ്യമാണ് ഭ്രമയുഗം. ഇത് സാക്ഷ്യപ്പെടുത്തുന്നതോ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി വേഷപ്പകർച്ച നേടിയ കൊടുമൺ പോറ്റിയും. രാമനെ പൂജിക്കുന്ന അമ്പോറ്റിക്കുപകരം, ചാത്തനായി അവതരിക്കുന്ന കൊടുമൺ പോറ്റിയാണ് സാധുവായ മനുഷ്യന്റെ ജീവിതത്തെ നിർണയിക്കുന്നതും നിയന്ത്രിക്കുന്നതും. മലയാള സിനിമയ്ക്ക് ഫാന്റസിയും ചാത്തനും അപരിചിതമല്ല. എന്നാൽ ചാത്തൻ എന്ന മിത്തിനെ ഹെജിമണി എന്ന പ്രത്യയശാസ്ത്രവുമായി കോർത്തിണക്കി ചലച്ചിത്രഭാഷ്യം ഉണ്ടാകുന്നത് ഇതാദ്യമാണ്, രാഹുൽ സദാശിവൻ സംവിധാനം ചെയ്ത്, ടി ഡി രാമകൃഷ്ണൻ സംഭാഷണം രചിച്ച സിനിമയിൽ ഫാന്റസിക്ക് ഒരു രാഷ്ട്രീയ മാനമുണ്ട്. ഹെജിമണി എന്ന പദം അന്റോണിയോ ഗ്രാംഷി ഉപയോഗിച്ചത് രാഷ്ട്രീയവും സാമ്പത്തികവുമായി, എന്നുമാത്രമല്ല സാംസ്കാരികമായും ഒരു വ്യക്തിക്കുമേലെയോ രാഷ്ട്ര ത്തിനുമേലെയോ ആരോപിക്കപ്പെടുന്ന ആധിപത്യത്തെക്കുറിച്ച് സൂചിപ്പിക്കാനാണ്. അതിന്റെ ദൃശ്യവത്കരണമാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. കൊടുമൺ പോറ്റിയായി മമ്മൂട്ടി വേഷമിട്ട ഭ്രമയുഗം എന്ന സിനിമയിൽ ഒരു മിത്ത് ഹെജിമണിക് പ്രതിനിധാനമാകുന്നത് ഒരു പ്രത്യേക രാഷ്ട്രീയ പരിസരത്തിലാണ്. ആധിപത്യം ഊട്ടിയുറപ്പിക്കപ്പെടുന്ന രാമസങ്കല്പം പോലെയാണ് ദൈവത്തെ നിഷേധിക്കുന്ന ചാത്തൻ സങ്കൽപവും. ഭ്രമയുഗം എന്ന സിനിമയിൽ ഭക്ഷണവും കിടപ്പാടവും തന്ന ദൈവത്തിന് പാണൻ നന്ദിപറയുന്ന രംഗത്തിൽ കൊടുമൺ പോറ്റി പറയുന്നത്, ഇതൊക്കെ തന്നത് ഞാനല്ലേ, പിന്നെന്തിനാണ് ദൈവത്തിന് നന്ദി പറയുന്നത് എന്നാണ്. 

കൊടുമൺ പോറ്റിയുടെ ശരീരത്തിൽ ആവാഹിക്കപ്പെട്ട ചാത്തൻ ദൈവത്തിന്റെ സ്ഥാനത്തേക്ക് സ്വയം അവരോധിക്കപ്പെടുന്നതിനും ഒരു രാഷ്ട്രത്താകമാനമുള്ള ജനതയ്ക്ക് അന്നമൂട്ടുന്ന ഭരണാധികാരി സ്വയം ദൈവമായി മാറാനാഗ്രഹിക്കുന്നതിനും ഒരേ രാഷ്ട്രീയ സ്വഭാവമാണുള്ളത്. ഒരു മിത്തിനെ യാഥാർഥ്യമാക്കുന്നതുപോലെ, ഐതിഹ്യത്തെ ചരിത്രമാക്കി മാറ്റുന്നതുപോലെയുള്ള തന്ത്രപരമായ രാഷ്ട്രീയ കരുനീക്കം. പകിടകളിയിൽ അഷ്ടിക്കുവകയില്ലാത്തവനെ എതിരെയിരുത്തി അവന്റെ സമയത്തെ പണയപ്പണ്ടമാക്കി പകിടകളിക്കുന്ന കൊടുമൺ പോറ്റി വിലയ്ക്കെടുക്കുന്നത് ഒരു പാണന്റെ ജീവിതത്തെ തന്നെയാണ്. ഒരു സമഗ്രാധിപത്യത്തിന്റെ ചുഴിയിൽപ്പെട്ട് ഉഴലുന്ന സാധാരണക്കാരനെയാണ് നമുക്ക് പാണനിൽ (അർജുൻ അശോക്) കാണാനാവുക. സ്വന്തം നാടുമറന്ന്, പേരുമറന്ന് പെറ്റമ്മയുടെ പേരുപോലും ഓർത്തെടുക്കാനാവാത്ത അവസ്ഥയിൽ പെട്ടുപോകുന്ന ജനതയുടെ പ്രിതിനിധാനമാണ് വാഴ്ത്തുപാട്ടുകൾ പാടാൻ മാത്രമറിയാവുന്ന പാണൻ. എരിതീയിൽനിന്ന് വറചട്ടിയിലേക്ക് എന്നപോലെ അടിമവ്യാപാരത്തിന്റെ നീരാളിപ്പിടിത്തത്തിൽനിന്ന് വന്നുപെട്ടതോ ആധിപത്യത്തിന്റെ പരകോടിയിൽ. 

ഇടയ്ക്ക് പാണൻ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും അതിന്റെ ചക്രവാളത്തിനുള്ളിലേക്ക് അനുനിമിഷം സ്വാംശീകരിക്കപ്പെടുകയാണ്, സ്വയം ഒരു അധിപതിയായി മാറുന്നതുവരെ. കൊടുമൺ പോറ്റി ചാത്തനെ തളയ്ക്കാൻ വന്ന, അതായത് തന്റെ കുടുംബത്തെ (രാഷ്ട്രത്തെ) മുച്ചൂടും മുടിച്ച ചാത്തനെ (അധികാരത്തെ) തളയ്ക്കാൻ വന്ന കുടുംബത്തിലെ അവസാന കണ്ണിയാണ്. അധികാരഭ്രമം എന്ന ചാത്തൻ, കൊടുമൺ പോറ്റിയെ കൊന്ന് ആ ശരീരത്തിൽ ആദേശിച്ച് മറ്റൊരു സാമ്രാജ്യം സ‍ൃഷ്ടിക്കുന്നു. പാണൻ പ്രഭാതകൃത്യത്തിനുപോകുമ്പോൾ ശവക്കുഴികൾ കണ്ട് ഭയക്കുന്ന രംഗം സിനിമയിലുണ്ട്. തന്റെ അധികാര സീമ ഊട്ടിയുറപ്പിക്കാൻ കൊന്നുതള്ളിയ മനുഷ്യരുടെ ശവക്കൂനയാണെന്ന് നമ്മൾ തിരിച്ചറിയുന്നിടത്താണ് അധികാരസ്ഥാപനങ്ങളുടെ താന്ത്രിക വിദ്യ നമുക്ക് ബോധ്യമാവുക. അങ്ങനെയൊരു ബോധന പ്രക്രിയയാണ് ഭ്രമയുഗം എന്ന സിനിമയിൽ മമ്മൂട്ടി എന്ന കൊടുമൺ പോറ്റി നിർവഹിക്കുന്നത്. ഭ്രമയുഗം എന്ന സിനിമയുടെ പ്രസക്തിയും അതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.