21 December 2024, Saturday
KSFE Galaxy Chits Banner 2

ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് അധികാരം നിലനിര്‍ത്താന്‍ ബിജെപി ശ്രമം: കാനം

Janayugom Webdesk
June 8, 2022 11:39 pm

മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച് അതിന്റെ മറവില്‍ രാഷ്ട്രീയ അധികാരം പിടിച്ചുപറ്റാനുമുള്ള ശ്രമമാണ് രാജ്യത്ത് ബിജെപി നടത്തിവരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ മതവിശ്വാസികളെ രണ്ടുതട്ടിലാക്കുന്നതിനു വേണ്ടിയുള്ള രാഷ്ട്രീയം അവര്‍ ഇപ്പോള്‍ നടത്തിവരികയാണെന്നും കാനം പറഞ്ഞു. ഒക്ടോബർ ഒന്ന് മുതൽ നാല് വരെ തിരുവനന്തപുരത്തു ചേരുന്ന സിപിഐ സംസ്ഥാന സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗം അയ്യന്‍കാളി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം.

ഇന്ത്യയുടെ രാഷ്ട്രീയം സൂചിപ്പിക്കുന്നത് മതസൗഹാര്‍ദ്ദത്തിന്റെയും യോജിപ്പിന്റെയും പശ്ചാത്തലമാണ്. അവിടെ കപട ദേശീയതയുടെ വക്താവായാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രവര്‍ത്തിക്കുന്നത്. അതീവ ഗൗരവതരമായ സാഹചര്യത്തെ രാജ്യത്ത് ചെറുക്കാന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനു മാത്രമേ കഴിയൂ.
മതനിരപേക്ഷതയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് എല്ലാവരെയും ഒരുമിപ്പിച്ച് ഇതിനെ എതിര്‍ക്കുന്ന ഒരു പൊതുവേദിയുണ്ടാക്കണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നത്. ഒക്ടോബറില്‍ വിജയവാഡയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ ഗൗരവതരമായ വിഷയം ചര്‍ച്ചചെയ്യും. ബിജെപി ഭരണത്തിനും കോര്‍പറേറ്റ് പ്രീണന നയത്തിനുമെതിരെ ശക്തമായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങളില്‍ സിപിഐക്ക് കഴിയുന്നത് ചെയ്യും. 2014 മുതല്‍ അധികാരത്തില്‍ തുടരുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നടപടികളില്‍ ഞെരിഞ്ഞമരുന്ന ജനങ്ങളുടെ മോചനത്തിനുവേണ്ടി പ്രക്ഷോഭങ്ങളും സമരങ്ങളുമായാണ് സിപിഐ മുന്നോട്ടുപോകുന്നതെന്നും കാനം പറഞ്ഞു. സംസ്ഥാന സമ്മേളന ചരിത്രത്തിലെ അവിസ്മരണീയമായ ഒന്നാക്കി തിരുവനന്തപുരം സമ്മേളനത്തെ മാറ്റാന്‍ ഓരോരുത്തരുടെയും സജീവ പങ്കാളിത്തവും സഹായവും ഉണ്ടാകണമെന്നും കാനം അഭ്യര്‍ത്ഥിച്ചു.

യോഗത്തിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി ദിവാകരൻ എന്നിവർ പ്രസംഗിച്ചു. പാർട്ടി ദേശീയ കൗൺസിൽ അംഗങ്ങളായ മന്ത്രി ജെ ചിഞ്ചുറാണി, കെ പി രാജേന്ദ്രൻ, പി വസന്തം, എൻ രാജൻ, ഇ ചന്ദ്രശേഖരൻ എംഎൽഎ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വി ചാമുണ്ണി, പി പി സുനീർ, സി പി മുരളി തുടങ്ങി സംസ്ഥാന‑ജില്ല നേതാക്കളും വര്‍ഗ‑ബഹുജന നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.
ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ നന്ദിയും പറഞ്ഞു. സംസ്ഥാനസമ്മേളന വിജയത്തിനായി 2001 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, സി ദിവാകരൻ, വിശ്വമംഗലം സുന്ദരേശൻ എന്നിവർ രക്ഷാധികാരികളും ഭക്ഷ്യമന്ത്രി ജി ആർ അനിൽ ചെയർമാനും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ജനറൽ കൺവീനറുമാണ്.

Eng­lish Sum­ma­ry: BJP seeks to retain pow­er by divid­ing peo­ple along reli­gious lines: Kanam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.