ജമ്മു കശ്മീർ വിധാൻസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രചരണം പ്രധാനമായും ഒരു വിഷയത്തെ കേന്ദ്രീകരിച്ചാണ് — ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 370 പുനഃസ്ഥാപിക്കലും കേന്ദ്രഭരണ പ്രദേശത്തിന്റെ നഷ്ടപ്പെട്ട സംസ്ഥാന പദവിയും. ബിജെപിയും കോൺഗ്രസും പ്രാദേശിക പാർട്ടികളായ നാഷണൽ കോൺഫറൻസും (എൻസി) പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) തങ്ങളുടെ രാഷ്ട്രീയ പ്രസക്തി പുനഃസ്ഥാപിക്കുന്നതിനുള്ള പോരാട്ടമാക്കി തെരഞ്ഞെടുപ്പിനെ മാറ്റിയിരിക്കുന്നു. ബിജെപിയുടെ ‘ന്യൂ കശ്മീർ’ അജണ്ടയെ പരാജയപ്പെടുത്തുമെന്ന് അവാമി ഇത്തിഹാദ് പാർട്ടി (എഐപി) പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഇവര്‍ക്കിടയില്‍ ബിജെപിയുടെ ‘നിഴല്‍ സ്ഥാനാർത്ഥി‘കളെന്ന് പറയപ്പെടുന്നവരും ജമാഅത്തെ ഇസ്ലാമി പിന്തുണയ്ക്കുന്ന സ്വതന്ത്രരും ഉണ്ട് എന്നത് രസകരമാണ്. തീര്‍ച്ചയായും ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ബിജെപിയുടെ നയങ്ങളാണ് വിചാരണ നേരിടുന്നത്. അനുച്ഛേദം 370, മുസ്ലിങ്ങളുടെ രാഷ്ട്രീയാധിപത്യം, വിഘടനവാദം, തീവ്രവാദം എന്നിവ ബിജെപി രാജ്യത്തുടനീളം തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുകയും രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഒടുവിൽ കേന്ദ്രത്തിലും കഷ്ടിച്ച് അധികാരത്തിലെത്തി.
സംഘ്പരിവാര്‍ നയങ്ങൾ അടിച്ചേല്പിക്കുന്നതില്‍ കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങളുടെ വികാരം ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കും. 40 മണ്ഡലങ്ങളിലേക്കുള്ള അവസാന ഘട്ടം തെരഞ്ഞെടുപ്പ് നാളെയാണ്. ആകെ 90 മണ്ഡലങ്ങളിലെ 50 എണ്ണത്തിലേക്കുള്ള രണ്ടുഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഭരണഘടനയുടെ അനുച്ഛേദം 35എയ്ക്കൊപ്പം റദ്ദാക്കിയ അനുച്ഛേദം 370 പുനഃസ്ഥാപിക്കുന്നതിനെതിരെ ബിജെപി ശക്തമായി രംഗത്തുണ്ട്. 2019ലെ ആ നടപടിയോടെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി നഷ്ടപ്പെട്ടു, പ്രത്യേക പദവി ഇല്ലാതായി. ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു. പ്രാദേശിക പാർട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും (എൻസി) പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) യും അനുച്ഛേദം 370 ഉം സംസ്ഥാന പദവിയും പുനഃസ്ഥാപിക്കുന്നതിനുള്ള പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എൻസി ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതിനാൽ, അനുച്ഛേദം 370 പുനഃസ്ഥാപിക്കുന്ന വിഷയത്തിൽ കോൺഗ്രസിന് ശക്തമായ പോരാട്ടമാണ് നടത്തേണ്ടിവരിക. ദേശീയ പാർട്ടിയായതിനാൽ ബിജെപിയുടെ തുടർച്ചയായ ആക്രമണം ഏല്‍ക്കേണ്ടിവരുന്ന പാര്‍ട്ടിയാണ് കോൺഗ്രസ്. അതുകൊണ്ടുതന്നെ എൻസിയെയും പിഡിപിയെയും പൂര്‍ണമായി പിന്തുണയ്ക്കുമോ എന്ന കാര്യത്തിൽ കോൺഗ്രസ് മൗനം പാലിക്കുകയാണ്. ഈ വിഷയത്തിൽ എൻസിക്കും പിഡിപിക്കുമുള്ള നേട്ടമോ നഷ്ടമോ ജമ്മു കശ്മീരിൽ മാത്രമായി ഒതുങ്ങും. അതേസമയം കോൺഗ്രസിന്റെയും ബിജെപിയുടെയും രാഷ്ട്രീയത്തെ ദേശീയതലത്തില്‍ ബാധിക്കും.
അനുച്ഛേദം 370 പുനഃസ്ഥാപിക്കുന്ന വിഷയത്തിൽ കോൺഗ്രസ് തികച്ചും നൂല്‍പ്പാലത്തിലാണ്. എങ്കിലും, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനുവേണ്ടി പോരാടുമെന്ന് വാഗ്ദാനം ചെയ്യുന്നു. 2019 വരെ നിലനിന്നിരുന്ന സംസ്ഥാന പദവി പുനഃസ്ഥാപിക്കുമോ, നിലവിലെ കേന്ദ്രഭരണ പ്രദേശത്തെ പിന്തുണയ്ക്കുമോ എന്ന് വോട്ടര്‍മാര്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഇക്കാര്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ആശയക്കുഴപ്പത്തിലാണ്.
അതേസമയം ബിജെപിയും അത്ര ഉറച്ചനിലയിലല്ല. സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് നൽകുന്നുണ്ടെങ്കിലും എപ്പോൾ എന്നാണ് വോട്ടര്‍മാരുടെ ചോദ്യം. മാത്രമല്ല, വിഭജനത്തിന് മുമ്പുള്ളതുപോലെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് അവര്‍ ഉറപ്പ് നൽകുന്നില്ല. ജമ്മു കശ്മീരിന്റെ വികസനം സാധ്യമാക്കാൻ കഠിനശ്രമത്തിലാണെന്ന് പാര്‍ട്ടി പറയുമ്പോള്‍, വിഭവങ്ങൾ ചൂഷണം ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്നാണ് വോട്ടർമാർ വിശ്വസിക്കുന്നത്.
അടുത്തകാലത്തൊന്നും കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കാണുന്നില്ല. ഭീകരാക്രമണങ്ങൾക്കെതിരെ സുരക്ഷയൊരുക്കുമെന്ന ബിജെപിയുടെ അവകാശവാദം ചോദ്യംചെയ്യപ്പെടുകയാണ്. പാകിസ്ഥാനിലെ ഭീകരരെ നിർവീര്യമാക്കുമെന്ന് അവകാശപ്പെടുന്ന പാർട്ടിക്ക് രാജ്യത്തിനകത്ത് നടക്കുന്ന ഭീകരാക്രമണങ്ങളിൽ നിന്ന് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ പോലും പ്രതിരോധിക്കാൻ കഴിയുന്നില്ല.
പതിറ്റാണ്ടുകളായി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്ന ജമാഅത്തെ ഇസ്ലാമി ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നു, അവരിൽ പലരും നിരോധിത സംഘടനയിലെ മുൻ അംഗങ്ങളാണുതാനും. ഇതൊരു പുതിയ സംഭവവികാസമാണ്. കോൺഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ബിജെപിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ പ്രചരണം നടത്തുന്നുണ്ട്. ജമ്മു കശ്മീരിലെ പ്രതിസന്ധികൾക്ക് ഇരു പാർട്ടികളും പരസ്പരം കുറ്റപ്പെടുത്തുകയാണ്. കോൺഗ്രസ് 32 സീറ്റുകളിൽ മത്സരിക്കുമ്പോള്‍ അര ഡസൻ സീറ്റുകളിൽ ഇന്ത്യ സഖ്യത്തിലെ ഘടകകക്ഷികളുമായി സൗഹൃദ മത്സരത്തിലാണ്. ബിജെപി 63 സീറ്റുകളിലാണ് മത്സരിക്കുന്നത്. പ്രാദേശിക പാർട്ടികളിൽ എൻസി 50 സീറ്റിലും പിഡിപി 63 സീറ്റിലും മത്സരിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയും 90 സീറ്റുകളിലും മത്സരിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇത് ഭാവിരാഷ്ട്രീയത്തിലെ ഭിന്നതയുടെ സൂചനയായും കാണാവുന്നതാണ്. പരസ്പരം പങ്കിടല്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളുമുണ്ടാവാം.
ഒക്ടോബർ ഒന്നിന് വോട്ടെടുപ്പ് നടക്കുന്ന 40 സീറ്റുകളിൽ കുപ്‌വാര ജില്ലയിലെ ആറിൽ രണ്ടെണ്ണത്തില്‍ ബിജെപി മത്സരിക്കുന്നു. ഏഴ് സീറ്റുകളുള്ള ബാരാമുള്ളയിൽ അവര്‍ മത്സരിക്കുന്നില്ല. വിഘടനവാദത്തിന്റെ പേരില്‍ ജയിലിലായ എന്‍ജിനീയർ റാഷിദിന്റെ സ്ഥാനാർത്ഥികള്‍ ഇവിടെ ശക്തരാണ്. ജയിലിൽ കിടന്നാണ് ഈ ലോക്‌സഭാ സീറ്റിൽ റാഷിദ് വിജയിച്ചുകയറിയത്. ബന്ദിപ്പോരയിലെ മൂന്ന് സീറ്റുകളിലും ഉധംപൂര്‍ നാല്, കഠ്‌വ ആറ്, സാംബ മൂന്ന്, ജമ്മുവിലെ 11 സീറ്റുകളില്‍ വീതം ബിജെപി മത്സരിക്കുന്നുണ്ട്. അവസാന ഘട്ടത്തിലെ 26 സീറ്റുകളില്‍ ബിജെപി ഇന്ത്യ സഖ്യവുമായി നേരിട്ടുള്ള മത്സരത്തിലാണ്. ബാക്കിയുള്ള 14 സീറ്റുകളിൽ പിഡിപിയുമായോ എന്‍ജിനീയർ റാഷിദിന്റെ പാർട്ടിയുമായോ സ്വതന്ത്രരുമായോ ഇന്ത്യ സഖ്യവുമായോ ത്രികോണ, ചതുഷ്‌കോണ മത്സരം നടക്കുന്നു. ജമ്മു കശ്മീരിൽ ദേശീയ — പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് എത്രമാത്രം രാഷ്ട്രീയ പ്രസക്തിയുണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള നിമിഷം രാഷ്ട്രീയക്കാറ്റിന്റെ ദിശ പൊടുന്നനെ മാറിയില്ലെങ്കിൽ, കേന്ദ്രഭരണ പ്രദേശത്തെ സർക്കാര്‍ രൂപീകരണത്തില്‍ നിരവധി വഴിത്തിരിവുകളും പ്രതീക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.