ദൃശ്യങ്ങൾ ഉചിതമായ സംവിധാനത്തിൽ വിന്യസിക്കുമ്പോൾ മാത്രമാണ് സിനിമ മികച്ച അനുഭവമാകുന്നത്. ചലച്ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തിനകത്ത് ന്യൂക്ലിയസായി ഒരു സംഭവത്തെ ആവിഷ്കരിക്കുക ദൃശ്യഭാഷയിൽ അപൂർവ്വമായികണ്ടുവരുന്ന രീതിശാസ്ത്രമാണ്. ലോക സിനിമയിൽ വലിയ കുതിച്ചുചാട്ടങ്ങൾക്ക് തുടക്കം കുറിച്ച 1960 കളിൽ ഇറങ്ങിയ ‘ബ്ലോ അപ്പ്’ എന്ന ചിത്രം അതിന്റെ കഥാഖ്യാനശൈലിയിൽ ഏറെ വൈവിധ്യം പുലർത്തിയ ചിത്രമായിരുന്നു. മൗലികതയോടൊപ്പം ആഖ്യാനത്തിലെ പുതുമയും ചിത്രത്തിന്റെ ആസ്വാദനം പതിറ്റാണ്ടുകൾക്ക് ശേഷവും പ്രേക്ഷകരിൽ നവ്യാനുഭൂതി സൃഷ്ടിക്കുന്നു. മൈക്കൽ ആഞ്ചലോ അന്റോണിയോണി സംവിധാനം ചെയ്ത ബ്ലോ അപ്പ് അദ്ദേഹത്തിന്റെ ആദ്യത്തെ മുഴുനീളൻ ഇംഗ്ലീഷ് ചിത്രമായിരുന്നു. ജൂലിയ കോർട്ടിസറിന്റെ കഥയായ ലാസ് ബാബാസ് ഡയസ്ബ്ലോയെ ആസ്പദമാക്കിയാണ് അന്റോണിയോണി ഈ ചിത്രം നിർമ്മിച്ചത്.
നിഗൂഢതയുടെ ഹൃദ്യമായ ആഖ്യാനമായാണ് ഈ ചിത്രത്തെ ഉൾക്കൊള്ളേണ്ടത്. നിശ്ചലച്ഛായാഗ്രഹണം ഈ സിനിമയിൽ ഒരു ബിംബമായി മാറുന്നു. ഫോട്ടോ എന്നത് യാഥാർത്ഥ്യമാണ്. അത് വസ്തുതയെ വെളിച്ചത്ത് കൊണ്ടുവരികയാണ്. ഇവിടെ മറഞ്ഞിരിക്കുന്ന വസ്തുതയെ തികച്ചും യാദൃച്ഛികമായി ഫോട്ടോ വെളിച്ചത്ത് കൊണ്ടുവരുന്നു. സൃഷ്ടിയുടെ സ്ഥാനത്ത് ക്യാമറ സ്ഥാപിക്കപ്പെടുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ ചിത്രം. മരിച്ച നിലനില്പിനെ കാണിക്കുവാനും സ്ഥാപിക്കുവാനും നിശ്ചലതയുടെ കല സഹായിക്കുന്നു. ക്യാമറ വ്യക്തതയുടെ കല സൃഷ്ടിക്കുന്നതോടൊപ്പം യാഥാർത്ഥ്യം അതിതീവ്രതയോടെ അവിടെ കടന്നു വരുന്നു. ഉത്തരാധുനിക ഭാവനയിൽ കാമറ ഒരു പ്രേരണയായി കടന്നുവരുന്നത് പോലെയാണ് ബ്ലോ ‑അപ്പ് എന്ന ചിത്രത്തിലും സംഭവിക്കുന്നത്.
ഒരു പബ്ലിക് പാർക്കിൽ വെച്ച് ചിത്രത്തിലെ കഥാപാത്രം എടുക്കുന്ന സ്നാപ്പ്ഷോട്ടുകളുടെ ഒരു പരമ്പരയാണ് കഥാതന്തുവിലേക്ക് നമ്മെ നയിക്കുന്നത്. ഈ ചിത്രങ്ങളിൽ കൊലപാതകത്തിന്റെ തെളിവുകൾ അടങ്ങിയിട്ടുണ്ടോ എന്ന് നിർണയിക്കാനുള്ള തന്റെ പോരാട്ടത്തിൽ വിജയിച്ച യുവ ഫാഷൻ ഫോട്ടോഗ്രാഫറുടെ ശ്രമങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലർ-സസ്പെൻസ് ആണ് ബ്ലോ അപ്പിനായുള്ള അന്റോണിയോണിയുടെ തിരക്കഥ. അമേച്വർ ഡിറ്റക്ടീവായ തോമസ് അവന്റെ അന്വേഷണം തുടക്കത്തിൽ തന്റെ ക്യാമറയിൽ റെക്കോർഡ് ചെയ്യുന്നു. പിന്നീടാണ് അതിനകത്ത് ‘മറഞ്ഞിരിക്കുന്ന സത്യത്തെ’ കുറിച്ചുള്ള ചില മിന്നലാട്ടംചോദ്യം ചെയ്യാൻ അവനെ പ്രേരിപ്പിക്കുന്നത്. തുടർന്ന് അവന്റെ ജീവിത യാഥാർത്ഥ്യങ്ങളുമായുള്ള ഏറ്റുമുട്ടലിലേക്ക് കഥ പ്രയാണമാരംഭിക്കുന്നു. സംഘർഷം അതിന്റെ തീഷ്ണതയിൽ അനുഭവിക്കുന്ന ഈ യുവാവ് സ്വന്തം നിലനിൽപ്പിന്റെ യാഥാർത്ഥ്യത്തെ ചോദ്യം ചെയ്യുന്നു. ചലച്ചിത്രകാരനായ അന്റോണിയോണിയുടെ സസ്പെൻസ് ഉപയോഗത്തിലെ നൈപുണിയെ നമുക്കിവിടെ തിരിച്ചറിയാൻ കഴിയും.
ബ്ലോ-അപ്പ് എന്ന ചിത്രത്തിലുടനീളം നിഗൂഢത സ്ഥായീഭാവമായി അനുഭവപ്പെടുന്നു. ഒരു കൊലപാതകം നടന്നോ എന്നുള്ളത് സിനിമയിൽ പ്രസക്തമാണ്, പക്ഷേ അതിനുള്ള പരിഹാരമല്ല. അതിനപ്പുറമുള്ള അനിശ്ചിതത്വം ഈ സിനിമയുടെ പരിണാമത്തെ നിർണയിക്കുന്ന ഘടകമാണ്. യഥാർത്ഥ സസ്പെൻസ് കുടികൊള്ളുന്നത് ഫോട്ടോഗ്രാഫിക് ബ്ലോ-അപ്പുകളുടെ നിഗൂഢതയിലല്ല, മറിച്ച് തോമസ് എന്ന കഥാപാത്രത്തിന്റെ അസ്ഥിരതയിലാണ്
സിനിമയുടെ റിലീസ് സമയത്ത് ഒരു അഭിമുഖത്തിൽ, “മനുഷ്യനും മനുഷ്യനുമായുള്ള ബന്ധത്തെക്കുറിച്ചല്ല, അത് യാഥാർത്ഥ്യവുമായുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിച്ചാണ്” സിനിമയെന്ന് സംവിധായകൻ ആന്റണിയോണി പ്രസ്താവിച്ചു. തീർച്ചയായും ഈ നിരീക്ഷണം നിശ്ചല ചിത്രത്തിന്റെ യാഥാർത്ഥ്യ സ്വഭാവത്തെ അവതരിപ്പിക്കുന്നതോടൊപ്പം ഭൗതിക വസ്തുവായ ഫോട്ടോ എന്നത് യാഥാർത്ഥ്യമാകുമ്പോൾ തന്നെ മനുഷ്യന്റെ വസ്തുനിഷ്ഠമായ അന്വേഷണത്വരയെയും പ്രതിഫലിപ്പിക്കുന്നു. പരിഹരിക്കാൻ കഴിയാത്ത ഒരു നിഗൂഢത അന്റോണിയോണിയുടെ ബ്ലോ അപ്പിലെ പ്രമേയത്തിന് സഹായകരമായി പ്രവർത്തിക്കുന്ന മുഖ്യ ഘടകമാണ്.
തന്റെ അന്വേഷണങ്ങളിൽ നിന്നും സ്വന്തം ജീവിതത്തിൽ നിന്നും ഉണ്ടാകുന്ന വൈരുദ്ധ്യങ്ങളും അവ്യക്തതകളും പരിഹരിക്കാൻ തോമസ് എന്ന കഥാപാത്രം ശ്രമിച്ചെങ്കിലും അവയെ സമന്വയിപ്പിക്കുന്നതിൽ പരാജയപ്പെടുമ്പോൾ ബ്ലോ അപ്പിന്റെ അവസാന നിമിഷംവരെ അനിശ്ചിതത്വത്തിന്റെ ഭാഗമായുള്ള അന്തർ സംഘർഷങ്ങൾ പ്രേക്ഷകരും അനുഭവിക്കുന്നു.
ചിത്രത്തിന്റെ ഒടുവിൽ ‘വസ്ത്രധാരികളായ’ മൈം ട്രൂപ്പ് പാർക്കിലെത്തുന്നു-യഥാർത്ഥ ലോകത്ത് നിന്ന് രക്ഷപ്പെടുന്നു. അവരുടെ ഫാന്റസികളിയിൽ തോമസ് അവരോടൊപ്പം ചേരുന്നു, ട്രൂപ്പുകളുടെ വ്യാജ മത്സരത്തിനിടെ അവൻ കാണുന്ന നിലവിലില്ലാത്ത പന്ത് പോലെ അവൻ കാഴ്ചയിൽ നിന്ന് അലിഞ്ഞുചേരുന്നു. ഇവിടെ പ്രേക്ഷകരുടെ സസ്പെൻസ് അവസാനിക്കുകയാണ്. അതൊരു കാവ്യാത്മകമായ പരിസമാപ്തിയായി മാറുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.