22 April 2024, Monday

ഈ പുറംതിരിഞ്ഞ് നില്‍പ്പാണ് ഞങ്ങള്‍ക്ക് സൗകര്യം

Janayugom Webdesk
July 17, 2022 7:25 am

ജൂലൈ 4 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച ജോയിന്റ് കൗണ്‍സില്‍ വനിതാ മുന്നേറ്റ ജാഥയുടെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന കളിയാട്ടം തെരുവു നാടകത്തില്‍ ഭരണകൂടത്തിന്റെ പ്രതിനിധിയായി എത്തുന്ന കഥാപാത്രം പറയുന്നതാണ് ഇതിലെ തലക്കെട്ടിലെ വരികള്‍. നമ്മള്‍ പ്രതികരണ ശേഷിയില്ലാത്തവരായി പുറം തിരിഞ്ഞ് നില്‍ക്കുന്നതു കൊണ്ടാണ് കൊതിയന്മാരായ ഭരണ സംവിധാനങ്ങള്‍ക്ക് നമ്മളെ ചൂഷണം ചെയ്യാനാകുന്നത്. പുറംതിരിഞ്ഞു നില്‍ക്കുന്നവന്‍ കാര്യമറിയാതെ കയ്യടിക്കും. അവര്‍ക്ക് അന്വേഷണമില്ല. പ്രതിഷേധങ്ങളില്ല. നമ്മള്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നത് കൊണ്ടാണ് അവര്‍ക്ക് നമ്മളെ ഭരിക്കപ്പെടാനാകുന്നത്, നമ്മളെ ഇല്ലായ്മ ചെയ്യാനാകുന്നത്. പ്രതികരണശേഷി ഇല്ലാത്ത സമൂഹം അരാജകത്വമാണ് സൃഷ്ടിക്കുന്നതെന്ന് ഈ നാടകം കാണിച്ചു തരുന്നു.

 

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ ജീവിതം കമ്പോളവല്‍കൃത സമൂഹത്തില്‍ എങ്ങനെയെല്ലാം വേദനിപ്പിക്കപ്പെടുന്നു എന്ന് നാടകം പറയുന്നുണ്ട്. ആര്‍ത്തി വളരുമ്പോള്‍ സ്വന്തം കുടുംബത്തെപ്പോലും തള്ളിക്കളയുന്നതാണ് പുരുഷ പ്രകൃതം. ആണധികാരം സമൂഹത്തിലും കുടുംബത്തിലും സൃഷ്ടിക്കുന്ന അനിശ്ചിതത്വം നാടകം തുറന്നു കാട്ടുന്നു.
വിവേചനത്തിന്റെയും വംശീയതയുടെയും വേലികള്‍ തൊഴിലിടങ്ങളെ പോലും അന്യവല്‍ക്കരിച്ചിരിക്കുന്നു. സംസാരിക്കുവാനും നിലവിളിക്കുവാനും കഴിയാത്ത നിസ്സഹായതയിലാണ് ഇന്ത്യന്‍ സ്ത്രീ ജീവിതം എന്ന് നാടകം അടയാളപ്പെടുത്തുന്നുമുണ്ട്.
മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടിയവരിലും ആവേശം നെഞ്ചിലേറ്റിയവരിലും അവസാനത്തെ ആളും ജീവിച്ചിരിക്കുന്നതു വരെ ഈ മണ്ണില്‍ ആരും വര്‍ഗ്ഗീയമായി തിരിഞ്ഞ് ആയുധം വീശില്ല, അതിന് സമ്മതിക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് നാടകത്തിന്റെ ആദ്യ രംഗം അവസാനിക്കുന്നത്.

 

 

പെണ്ണിന് എന്താ കുഴപ്പം. നാടകത്തില്‍ ഏറ്റവും മുഴങ്ങിക്കേട്ട ശബ്ദമാണിത്. സ്ത്രീമുന്നേറ്റ സന്ദേശം ഉയര്‍ത്തുന്ന ജാഥയായതു കൊണ്ട് തന്നെ ഈ വരികള്‍ കാണികളെ ആവേശഭരിതമാക്കുന്നുണ്ട്. പെണ്ണിടങ്ങളിലെ സുരക്ഷിതത്വമില്ലായ്മയെയും അതിനെ ചെറുത്തു നില്‍ക്കുവാന്‍ യുവത തയ്യാറാകുന്നതിന്റെയും നേര്‍ചിത്രങ്ങളാണ് നാടകം കാണിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ പെണ്ണുണ്ടായിരുന്നില്ലേ, രാജ്യത്തിന്റെ ഭരണഘടന നിര്‍മ്മാണ വേളയില്‍ അവകാശങ്ങള്‍ പറഞ്ഞുറപ്പിക്കാന്‍ പെണ്ണുണ്ടായിരുന്നില്ലേ എന്ന് പറയുന്നിടത്ത് പെണ്ണിന്റെ ചരിത്ര ബോധം അവരുടെ അവകാശം ചോദിച്ചു വാങ്ങുന്നതിനുള്ള കരുത്താണെന്ന് കാണിച്ചു തരുകയാണ്.
സ്ത്രീകളുടെ പേരില്‍ കരാര്‍ ഉറപ്പിച്ചാലാണ് തിരികെ വാങ്ങിയെടുക്കുവാന്‍ എളുപ്പമെന്ന് ലാഭക്കൊതിയനായ ഇടപാടുകാരന്‍ പറയുമ്പോള്‍ പെണ്ണ് കീഴ്പ്പെടും എന്ന ആണധികാര ബോധമാണ് ഉയര്‍ന്നു വരുന്നത്. പെണ്ണ് ദുര്‍ബലമാണെന്ന പ്രഖ്യാപനത്തെ വാക്കുകളുടെ കരുത്തു കൊണ്ട് നേരിടുകയാണ് ധീരയായ വനിതാകഥാപാത്രം. അനീതിക്കെതിരെ പോരാടുമ്പോള്‍ സ്വന്തം പിതാവാണ് പാപിയെങ്കില്‍ അയാള്‍ക്ക് നേരെയും ചാട്ടവാര്‍ ഉയര്‍ത്തുവാന്‍ പെണ്ണ് മടിക്കരുത്. അരുതെന്ന് പറയാന്‍ ആളില്ലെങ്കില്‍ ആസ്വദിക്കുവാന്‍ ഒരുപാട് പേരുണ്ടാകും, പ്രത്യേകിച്ച് പെണ്‍ തൊഴിലിടങ്ങളില്‍ എന്ന സാക്ഷ്യപ്പെടുത്തലും ശരിയാണെന്ന് കാട്ടിത്തരുകയാണ് നാടകം.

 

 

ജാഥയില്‍ മുപ്പത്തിയഞ്ച് മിനുട്ടാണ് നാടകത്തിന് വേണ്ടി മാറ്റിവയ്ക്കപ്പെടുന്നത്. വനിതാ മുന്നേറ്റ ജാഥ ഉയര്‍ത്തുന്ന എല്ലാ ആശയങ്ങളെയും കൃത്യമായി പ്രസരിപ്പിക്കുവാന്‍ നാടകത്തിലൂടെ കഴിയുന്നു. കളിയാട്ടം എന്ന് പേരിട്ടിരിക്കുന്ന ഈ തെരുവു നാടകം രചനയും സംവിധാനവും ചെയ്തിരിക്കുന്നത് ഷെരീഫ് പാങ്ങോടാണ്. നാടകത്തിന്റെ കോറിയോഗ്രഫി ഡോ.മധു ഗോപിനാഥും ഡോ.വൈക്കം സജിയുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നാടകം കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നത് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാകമ്മിറ്റി അംഗവും പ്രശസ്ത സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ ശുഭ വയനാടാണ്. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന — ജില്ലാ നേതാക്കളാണ് അരങ്ങിലെത്തുന്നത്.
സംസ്ഥാനത്താകെ അറുപത് സ്വീകരണ കേന്ദ്രങ്ങളാണ് ജാഥയ്ക്കുള്ളത്. എല്ലാ കേന്ദ്രങ്ങളിലും ജാഥയോടൊപ്പം നാടകവും അവതരിപ്പിക്കപ്പെടുന്നുണ്ട്. വടക്കന്‍ ജില്ലകളില്‍ തോരാമഴക്കിടയിലും നൂറ് കണക്കിന് പേരാണ് ജാഥയെ സ്വീകരിക്കുന്നതിനും നാടകം ആസ്വദിക്കുന്നതിനും എത്തിച്ചേര്‍ന്നത്.
പൊതുസമൂഹത്തിലേക്ക് പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് തെരുവു നാടകങ്ങള്‍ക്ക് മറ്റെല്ലാ കലാരൂപങ്ങളെക്കാളും സാധ്യതയുണ്ടെന്നത് മുമ്പ് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇവിടെ ജോയിന്റ് കൗണ്‍സില്‍ വനിതാമുന്നേറ്റ ജാഥയിലൂടെ തെരുവിലെത്തുന്ന കളിയാട്ടം സമൂഹത്തിന് മുന്നില്‍ വലിയ സന്ദേശമാണ് അവതരിപ്പിക്കുന്നത്. മതത്തിനും ജാതിക്കും അപ്പുറം മനുഷ്യസ്നേഹമാണ് പുലരേണ്ടത് എന്ന ആശയം പറഞ്ഞുറപ്പിക്കാന്‍ നാടകത്തിന് സാധിക്കുന്നു. വൈകാരികമായി നമ്മെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ നാടകം സംഭാവന ചെയ്യുന്നുമുണ്ട്. ഗാനങ്ങളുടെ വരികളും സംഗീതവും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. ഭൂരിഭാഗം അഭിനേതാക്കളും ആദ്യമായി മുഖത്ത് ചായം പൂശിയവരാണ് എന്നത് നാടകത്തിന്റെ പ്രത്യേകത. പൊതുമരാമത്ത് വിഭാഗത്തിലെ അസിസ്റ്റന്റ്എഞ്ചിനിയര്‍ വി വി ഹാപ്പിയുള്‍പ്പെടെ വിവിധ വകുപ്പുകളിലെ പത്ത് പേരാണ് അരങ്ങിലെത്തുന്നത്.

 

 

തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാടക കളരിയിലൂടെയാണ് നാടകം ചിട്ടപ്പെടുത്തി അഭിനേതാക്കളെ പാകപ്പെടുത്തിയത്. കലയുടെ അകമ്പടിയോടെ ജോയിന്റ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വനിതാ മുന്നേറ്റ ജാഥ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മാത്രമായി ചുരുങ്ങിയ സന്ദേശ യാത്രകള്‍ക്ക് പുതിയ മാനം സൃഷ്ടിക്കുവാന്‍ ഇതിലൂടെ കഴിഞ്ഞു. സമ്പൂര്‍ണ മനുഷ്യത്വം ലിംഗനീതിയിലൂടെയാണ് സാദ്ധ്യമാകുന്നത് എന്ന സന്ദേശമാണ് ജാഥ നല്‍കുന്നത്. തെരുവു നാടകങ്ങള്‍ അരങ്ങൊഴിഞ്ഞ കാലത്താണ് പുതിയ ചുവടുവയ്പ്പുമായി കളിയാട്ടം കാണികളുടെ മുന്നിലെത്തിയത്. പുതിയ കാലത്ത് ഒന്നിച്ചുള്ള ചുവടുകളാണ് നമുക്കാവശ്യമെന്നും ഭയക്കാനും കരയാനുമുള്ളതല്ല സ്ത്രീ ജീവിതമെന്നും തുല്യമായി പങ്കിട്ട് ആഹ്ലാദിച്ച് ജീവിക്കാനുള്ള സാഹചര്യം നമുക്ക് നേടിയേ മതിയാകൂ എന്ന് വിളംബരം ചെയ്യുകയാണ് ജോയിന്റ് കൗണ്‍സില്‍ നയിക്കുന്ന വനിതാമുന്നേറ്റ ജാഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.