ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ആരോഗ്യ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്നുവെന്ന ധനകാര്യ മന്ത്രിയുടെ വാദം നിരര്‍ത്ഥകം. മേഖലയില്‍ ബജറ്റ് വിഹിതം വര്‍ധിപ്പിച്ചുവെന്നും മെഡിക്കല്‍ സീറ്റുകളുടെ എണ്ണം ഉയര്‍ത്തിയെന്നും അവകാശപ്പെടുന്ന മന്ത്രി സുപ്രധാന വിഷയങ്ങളെ അവഗണിച്ചു.
സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍, മെഡിക്കല്‍ വിദ്യാഭ്യാസ നിലവാരം തകരുന്നുവെന്ന് സമ്മതിക്കുന്ന അവസരത്തിലാണ് മെഡിക്കല്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നത്. 36 അവശ്യ മരുന്നുകളുടെ ഇറക്കുമതി തീരുവ റദ്ദാക്കിയെന്ന വാദവും താഴേത്തട്ടിലേക്ക് എത്തില്ല എന്നാണ് ആശങ്ക. പുരോഗമനപരമെന്ന് വിശേഷിപ്പിക്കുന്ന ആരോഗ്യ ബജറ്റ് സ്പൈനല്‍ മസ്കൂലാര്‍ അട്രോപി (എസ്എംഎ) ബാധിതര്‍ക്ക് ആശ്വാസം പകരില്ലെന്ന് പൂര്‍വ മിത്തല്‍ എന്ന എസ്എംഎ രോഗി പ്രതികരിച്ചു. പ്രതിവര്‍ഷം 72 ലക്ഷം രൂപയുടെ മരുന്ന് വേണ്ട രോഗികള്‍ക്ക് ഗുണകരമാകുന്ന പ്രഖ്യാപനം ബജറ്റില്‍ ഇല്ലെന്നും മിത്തല്‍ പറഞ്ഞു.
ഇന്ത്യയില്‍ നിര്‍മ്മിക്കാത്ത മരുന്നുകള്‍ക്ക് 10 ശതമാനം ഇറക്കുമതി തീരുവ റദ്ദാക്കിയത് വഴിയും ആശ്വാസം ലഭിക്കില്ലെന്ന് തേര്‍ഡ് വേള്‍ഡ് നെറ്റ്‌വര്‍ക്ക് എന്ന സന്നദ്ധ സംഘടന പ്രവര്‍ത്തകന്‍ കെ എം ഗോപകുമാര്‍ പ്രതികരിച്ചു. 10,000 മെഡിക്കല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ നിലവാരം കുത്തനെ ഇടിയുന്നുവെന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്ന ഗുരുതര പ്രത്യാഘാതത്തിന് കടകവിരുദ്ധമാണ്. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഫാക്കല്‍റ്റി ക്ഷാമം, വ്യാജ ഫാക്കല്‍റ്റി, പരിശീലനത്തിലെ അഭാവം എന്നിവ പരിഹരിക്കാനുള്ള യാതൊരു ശ്രമവും നടത്താതെയാണ് മെഡിക്കല്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
സ്വകാര്യ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനത്തിന് 60 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ചെലവ് വരും. രാജ്യത്ത് 40 ശതമാനത്തോളം മെഡിക്കല്‍ കോളജുകളും സ്വകാര്യ മേഖലയിലാണ് എന്ന വസ്തുത വിസ്മരിച്ചാണ് സീറ്റ് വര്‍ധിപ്പിക്കല്‍ നിര്‍ദേശം. മാനസികരോഗ്യ മേഖലയ്ക്ക് പ്രധാന്യം നല്‍കണമെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുമ്പോള്‍ നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് (നിംഹാന്‍സ് ) ബജറ്റ് വിഹിതം 4.5 ശതമാനം വെട്ടിക്കുറച്ചു. പ്രധാനമന്ത്രി സ്വസ്ത്യ സുരക്ഷാ യോജനക്ക് 2,200 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പണപ്പെരുപ്പ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ആറ് ശതമാനം ഇടിവാണ് ഉണ്ടാകുക. പുതിയ എയിംസ് 7,639 കോടി, എയ്ഡ്സ് നിയന്ത്രണം 3,442.77, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ 558.45 കോടി എന്നിങ്ങനെ തുക അനുവദിച്ചുവെങ്കിലും പണപ്പെരുപ്പ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവ് അനുഭവപ്പെടും. ബജറ്റ് വിഹിതം വര്‍ധിപ്പിച്ചുവെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, യഥാര്‍ത്ഥ വസ്തുത മറച്ചുപിടിക്കുകയാണ് ധനകാര്യമന്ത്രി ചെയ്തിരിക്കുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.