ലോക ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഒന്നാംസ്ഥാനത്തുള്ള ചെെനയെ 2050 ൽ മറികടക്കുമെന്നും എന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോൾ ഇപ്പോഴുള്ളതിനെക്കാൾ 30 കോടി ജനങ്ങൾ കുറവായിരിക്കുമെന്നും പഠനം. ദേശീയ കുടുംബാരോഗ്യ സർവേയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ സൂചനയുള്ളത്. രണ്ടു കൂട്ടികൾ മാത്രമുള്ള കുടുംബങ്ങളുടെ എണ്ണം കൂടുന്നതിനാൽ ജനസംഖ്യയിലെ ഇപ്പോഴത്തെ കുതിച്ചുചാട്ടം 2050 ആകുമ്പോഴേക്ക് താഴോട്ടാകും. രാജ്യത്ത് വയസായവരുടെ എണ്ണം കൂടുകയും യുവാക്കളുടെ എണ്ണം കുറയുകയും ചെയ്യും. രാജ്യത്തിന്റെ മനുഷ്യവിഭവശേഷിയിൽ ഗുരുതരമായ കറവായിരിക്കും ഇതു സൃഷ്ടിക്കുകയെന്നും റിപ്പോർട്ട് പറയുന്നു.
സ്വാതന്ത്ര്യാനന്തരം ആധുനിക ആരോഗ്യ സംരക്ഷണം നല്ല രീതിയിൽ ലഭ്യമായി തുടങ്ങിയപ്പോഴാണ് ജനസംഖ്യാ വളർച്ച വേഗത്തിലായത്. 1940 കളിൽ പ്രതിവർഷം 1.26 ശതമാനം ആയിരുന്ന ജനസംഖ്യാവർധന 1960 കളിൽ രണ്ട് ശതമാനം ആയി ഉയർന്നു. ജനസംഖ്യാശാസ്ത്രജ്ഞൻ ശ്രീപതി ചന്ദ്രശേഖർ ഇന്ത്യയുടെ ആരോഗ്യമന്ത്രിയാതോടെയാണ് ജനസംഖ്യാ നിയന്ത്രണ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഇതോടെ ആരോഗ്യ രംഗത്തെ വളർച്ച കൂടിയതിനാൽ ശിശുമരണനിരക്ക് കുറഞ്ഞു. സ്ത്രീ വിദ്യാഭ്യാസവും ശാക്തീകരണവുംമൂലം ഇന്ത്യയിലെ നഗരങ്ങളിൽ ജനനനിരക്ക് ഇപ്പോൾ 1.6 ആണ്. എങ്കിലും രാജ്യവ്യാപകമായി വർഷം ചെല്ലുന്തോറും ജനസംഖ്യ കൂടിവരുന്ന ഒരു പ്രവണതയാണുള്ളത്. അടുത്ത 30 വർഷത്തിനുള്ളിൽ ഇത് 200 കോടിയാകുമെന്നായിരുന്നു യുഎൻ പ്രവചിച്ചിരുന്നത്. എന്നാൽ അതിൽനിന്ന് വ്യത്യസ്‍തമായി ഈ നൂറ്റാണ്ടിന്റെ അവസാനം ജനസംഖ്യ ഗണ്യമായി കുറയുമെന്നാണ് പുതിയ പഠനം പറയുന്നത്.
ഇന്ത്യ ഏറ്റവും കൂടുതൽ ജോലിക്കാരുള്ള രാജ്യമാകും
ജനസംഖ്യ കുറയുമ്പോൾ ജോലിചെയ്യുന്ന ആളുകളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും. 2100 ൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജോലിചെയ്യുന്നവരുള്ള രാജ്യം ഇന്ത്യയായിരിക്കും. അതേസമയം ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം പരാജയമാണെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യൻ കമ്പനികൾ ഇതിനകം തന്നെ വിദഗ്ധ തൊഴിലാളികളുടെ കുറവ് ചൂണ്ടിക്കാട്ടുന്നുണ്ട്. ബിരുദധാരികളുടെ തൊഴിലില്ലായ്മാ നിരക്ക് 19.3ശതമാനം ആണെന്ന് സെന്റർ ഫോർ മോണിറ്ററിങ് ദി ഇന്ത്യൻ ഇക്കണോമിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ജോലി ചെയ്യാൻ പ്രാപ്തരായ തൊഴിലാളികളെ സർവകലാശാലകൾ സൃഷ്ടിക്കുന്നില്ല. തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുന്ന ബിരുദധാരികളിൽ പകുതിയോളം പേർക്ക് അത്യാധുനികമായ കഴിവുകളോ പരിശീലനമോ ലഭിക്കുന്നില്ല. ജോലി തേടുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.
ചൈനയിൽ മൂന്നിൽ രണ്ട് യുവാക്കളും ജോലി ചെയ്യുകയോ ജോലി അന്വേഷിക്കുകയോ ചെയ്യുന്നു. ഇന്ത്യയിൽ ഇത് 40 ശതമാനം മാത്രമാണ്.
വാഷിങ്‍ടൺ സർവകലാശാലയുടെ ഒരു പഠനത്തിലും 2050 നു ശേഷം ഇന്ത്യയിലെ ജനസംഖ്യ കുറയുമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ലോകജനസംഖ്യ 2064 ൽ 970 കോടിയായി ഉയരുമെങ്കിലും, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 880 കോടിയായി കുറയുമെന്നും ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ജപ്പാൻ, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ജനസംഖ്യ പകുതിയാകും. ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളായ ചൈനയും ഇന്ത്യയും 2050 ന് മുമ്പ് ജനസംഖ്യാ വർധനവ് രേഖപ്പെടുത്തും.
ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്നും തുടർന്ന് ജനസംഖ്യ കുത്തനെ കുറയുമെന്നും പഠനത്തിലുണ്ട്. 140 കോടി ജനങ്ങളുള്ള ചൈനയിൽ 2100 ഓടെ അത് 73 കോടിയായി കുറയുമ്പോൾ, ഇന്ത്യയിൽ 2100 ഓടെ ജനസംഖ്യ 110 കോടിയാകുമെന്നാണ് ലാൻസെറ്റ് റിപ്പോർട്ട്.
ENGLISH SUMMARY:By 2100, India’s population will have shrunk to 110 crore
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.