19 December 2024, Thursday
KSFE Galaxy Chits Banner 2

സിഎജി ചൂണ്ടിക്കാട്ടിയത് പച്ചയായ അഴിമതി

Janayugom Webdesk
August 27, 2023 5:00 am

യുഷ്മാൻ ഭാരത് പദ്ധതിയിൽ 7.5 ലക്ഷം ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ ഒറ്റ മൊബൈൽ ഫോൺ നമ്പറിൽ കേന്ദ്രീകരിക്കുന്നു തുടങ്ങിയ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ(സിഎജി)വെളിപ്പെടുത്തൽ ഒട്ടേറെ ചോദ്യങ്ങൾക്ക് വഴിയായിരിക്കുന്നു. പാർലമെന്റിൽ അവതരിപ്പിച്ച സിഎജി റിപ്പോർട്ടനുസരിച്ച് മരിച്ച 88,670 ആളുകളുടെ പേരിൽ ചികിത്സയ്ക്കുള്ള ഇൻഷുറൻസ് തുക കൈമാറിയിരിക്കുന്നു. പക്ഷെ, ആർക്കാണ് പണം നൽകിയതെന്ന് അറിയില്ലതാനും. ആയുഷ്മാൻ ഭാരത് മുതൽ ദ്വാരക എക്സ്പ്രസ് വേ വരെ ഏഴ് അഴിമതികളാണ് സിഎജി വെളിച്ചത്തുകൊണ്ടുവന്നത്. ഭരണകൂടത്തിന് ഇക്കാര്യത്തിൽ നിശബ്ദതയല്ലാതെ മറുപടിയൊന്നുമില്ല. ജനങ്ങളുടെ അധ്വാനത്തിന്റെ പ്രതിഫലവും അവർ നികുതിയായി നൽകുന്ന പണവും പാഴായതു മിച്ചം.
ആയുഷ്മാൻ ഭാരത്, പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന(പിഎംജെഎവൈ) പദ്ധതിയുടെ ഓഡിറ്റിങ്ങിൽ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. 3446 രോഗികളുടെ ചികിത്സയ്ക്കായി 6.97 കോടി രൂപ നൽകിയതായി സിഎജി വെളിപ്പെടുത്തി. പക്ഷെ, പരിചരണവും ചികിത്സയും ലഭിച്ചതായി പറയുന്ന ഈ രോഗികളെല്ലാം കാലങ്ങൾക്ക് മുമ്പേ മരിച്ചുപോയവരാണ്. 2018ലാണ് ആയുഷ്മാൻ ഭാരത് പദ്ധതി ആരംഭിച്ചത്. ഗ്രാമ‑നഗര പ്രദേശങ്ങളിലെ ദരിദ്രർക്കും അശരണർക്കും അവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായം നൽകുകയാണ് ഉദ്ദേശം. ‘മരിച്ചു’ എന്ന് അടയാളപ്പെടുത്തിയിരുന്ന രോഗികൾക്ക് ചികിത്സ തുടർന്നുവെന്നും സിഎജി ഓഡിറ്റിനിടെ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ 3,903 കേസുകൾ സിഎജി ചൂണ്ടിക്കാട്ടി. മധ്യപ്രദേശിൽ 403 കേസുകളിൽ ‘മരിച്ച’വരുടെ ചികിത്സയ്ക്കായി 260,09,723 രൂപ നൽകി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇത്തരം റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: പ്രധാനമന്ത്രിയുടെ മൗനം; നാണംകെട്ട നിസംഗത


മാർഗനിർദേശങ്ങളനുസരിച്ച്, ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷവും ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പും മരണമുണ്ടായാൽ ഓഡിറ്റിന് ശേഷം മാത്രമേ ആശുപത്രികള്‍ക്ക് പണം നൽകൂ. ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിരവധി ആളുകൾ കടലാസിൽ ‘വികലാംഗരായി’ എന്നും സിഎജി റിപ്പോർട്ട് പറയുന്നു. ഇതനുസരിച്ച്, ആവശ്യമായ പരിശോധനകൾ പാലിച്ചില്ലെന്ന് സിഎജി ചൂണ്ടിക്കാട്ടിയപ്പോൾ, ‘വിവിധ കാരണങ്ങളാൽ മുന്‍കാല തീയതി രേഖപ്പെടുത്തുന്നത് സംവിധാനത്തിൽ അനുവദിച്ചിരിക്കുന്നു’ എന്നായിരുന്നു എൻഎച്ച്എയുടെ നിലപാട്. ചികിത്സയ്ക്കിടെ മരിച്ചവര്‍ക്കായി സംസ്ഥാന ആരോഗ്യ അതോറിട്ടിയുടെ മുൻകൂട്ടിയുള്ള അധികാരപ്പെടുത്തൽ, ഇൻഷുറൻസ് തുകയുടെ ക്ലെയിം, അന്തിമ തുക അംഗീകരിക്കല്‍ എന്നീ നിലകളിൽ പിഴവുകൾ ഏറെയാണെന്ന് സിഎജി വിശദീകരിക്കുന്നു. ഇല്ലാത്ത പേരുകൾ, തെറ്റായ ജനനത്തീയതി, വ്യാജ ആരോഗ്യ രേഖകൾ, കുടുംബാംഗങ്ങളുടെ എണ്ണത്തില്‍ കള്ളം എന്നിങ്ങനെ തട്ടിപ്പുകളുടെ പെരുക്കം സർക്കാരിന്റെ ഓഡിറ്റർ പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ അക്കമിടുന്നു.


ഇതുകൂടി വായിക്കൂ: വന്ദേഭാരത് കേരളത്തിലെത്തുമ്പോള്‍


19 സംസ്ഥാനങ്ങളിൽ സ്വച്ഛ് ഭാരത് ദിനത്തിന്റെ പ്രചാരണത്തിനായി സാമൂഹിക ക്ഷേമ പെൻഷനുവേണ്ടിയുള്ള തുക വകമാറ്റി ചെലവഴിച്ചതായും സിഎജി പറയുന്നു. ഗ്രാമവികസന മന്ത്രാലയത്തിൽ നിന്ന് പെൻഷൻ ലഭിക്കാൻ അർഹരായ വയോജനങ്ങൾ, വിധവകൾ, ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് സഹായം കിട്ടിയില്ല. അവർക്കുള്ള പണം വകമാറ്റി മറ്റ് ചില പദ്ധതികളുടെ പ്രചാരണത്തിനായി ചെലവഴിച്ചു. ‘ദക്ഷിണേന്ത്യയിലെ നാഷണൽ ഹൈവേ അതോറിട്ടി നടത്തിയ ടോൾ പിരിവുകൾ’ എന്ന വിഭാഗത്തില്‍ അഞ്ച് ടോൾ പ്ലാസകള്‍ യാത്രക്കാർക്ക് 132.05 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി വിവരിക്കുന്നു. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത 41 ടോൾ പ്ലാസകളിൽ സിഎജി ഓഡിറ്റ് നടത്തി. ഭാരത്‌മാല പരിയോജന കൂടാതെ ദ്വാരക എക്സ്പ്രസ് വേ, അയോധ്യ വികസന പദ്ധതി എന്നിവയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളും സിഎജിയുടെ കണ്ടെത്തലുകളിൽ ഉൾപ്പെടുന്നു. കേന്ദ്രത്തിന്റെ പ്രധാന റോഡ് വികസന പദ്ധതിയായ ഭാരത്‌മാല പരിയോജനയും അതിന്റെ നിർമ്മാണച്ചെലവും കിലോമീറ്ററിന് 15.37 കോടിയിൽ നിന്ന് 32 കോടി രൂപയായി ഇരട്ടിച്ചു. ടെൻഡർ നടപടികളിലെ അപാകതകളെക്കുറിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിന്ന് 3,500 കോടി രൂപ വകമാറ്റി. സുരക്ഷാ കൺസൾട്ടന്റുമാരെ നിയമിച്ചിട്ടില്ല എന്നതും സിഎജി ചൂണ്ടിക്കാട്ടുന്നു. ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയുടെ ഓഡിറ്റിങ്ങിൽ, ‘അയോധ്യ വികസന പദ്ധതി’യിലെ ക്രമക്കേടുകൾ നിരത്തുന്നു. രജിസ്ട്രേഷൻ പോലും നടത്താത്ത കരാറുകാർക്കാണ് പണം അനുവദിച്ചിരിക്കുന്നത്. ജിഎസ്‌ടി തുക പോലും അവരിലെത്തുന്നു. ഇത്തരം ആളുകൾ ആരൊക്കെയാണ്, ടെൻഡർ നടപടി ഇത്രത്തോളം ക്രമക്കേടു നിറഞ്ഞതെങ്ങനെ തുടങ്ങി ഓഡിറ്റുകളുടെ അടിസ്ഥാനത്തിൽ സിഎജി നടത്തിയ വെളിപ്പെടുത്തലുകളായിരുന്നു പാർലമെന്റിൽ അവതരിപ്പിച്ചത്. ഒന്നും കേവലം ആരോപണങ്ങളല്ല, ഭരണകൂട അഴിമതി തന്നെയാണ് എന്നതാണ് ഉണ്മ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.