22 December 2024, Sunday
KSFE Galaxy Chits Banner 2

പാര്‍ലമെന്ററി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ചങ്ങാത്ത മുതലാളിത്തം

Janayugom Webdesk
August 13, 2021 5:05 am

രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്പര്യങ്ങളെ ഹനിക്കുന്ന നിയമനിര്‍മ്മാണ പ്രക്രിയയില്‍ ഫലപ്രദവും സുതാര്യവുമായ ചര്‍ച്ചകള്‍ പാര്‍ലമെന്ററി നടപടിക്രമങ്ങളുടെ പേരില്‍ തടയുന്ന മോഡിഭരണകൂട പ്രവണത ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുവന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിനമായിരുന്ന ഓഗസ്റ്റ് 11, ബുധനാഴ്ച രാജ്യസഭയില്‍ അരങ്ങേറിയത് അത്തരം ഒരു അസംബന്ധ നാടകമായിരുന്നു. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ മോഡി സര്‍ക്കാര്‍ അവതരിപ്പിച്ച ജനറല്‍ ഇന്‍ഷുറന്‍സ് ബില്ലാണ് അതിന് അരങ്ങ് ഒരുക്കിയത്. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുന്നതിന് വഴിയൊരുക്കുന്ന ബില്‍ വിശദമായ ചര്‍ച്ചകള്‍ക്കും പരിശോധനക്കുമായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ഉന്നയിച്ച ആവശ്യം നിരാകരിക്കപ്പെട്ടു. ഗവണ്മെന്റിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിക്കാന്‍ മുതിര്‍ന്ന പ്രതിപക്ഷാംഗങ്ങളെ നേരിടാന്‍ പത്ത് സ്ത്രീകളും അമ്പത് പുരുഷന്മാരും അടങ്ങുന്ന മാര്‍ഷല്‍മാരെ അണിനിരത്തി. തുടര്‍ന്ന് ഉപരിസഭയുടെ അകത്തളത്തില്‍ നടന്ന സംഭവവികാസങ്ങള്‍ ഏറ്റവും മിതമായ ഭാഷയില്‍ ജനാധിപത്യത്തിന് അപമാനകരമായി. പെഗാസസ് ചാര നിരീക്ഷണം, പെട്രോളിയം ഇന്ധന വിലവര്‍ധന, കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷക ജനതയുടെ ആവശ്യം, കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പരാജയം തുടങ്ങി ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങള്‍ ഒന്നുംതന്നെ ചര്‍ച്ചക്കെടു‌ക്കാന്‍ ഭരണപക്ഷം തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന് നടപടിക്രമങ്ങളുമായി സഹകരിക്കാനാവുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഭരണപക്ഷം പരാജയപ്പെട്ടു. എന്നിരിക്കിലും വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന പ്രശ്നമെന്ന നിലയില്‍ വിദ്യാഭ്യാസപരവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ ഉത്തമതാല്പര്യം കണക്കിലെടുത്ത് 127-ാം ഭരണഘടനാ ഭേദഗതി ഏകകണ്ഠമായി പാസാക്കിയെടുക്കാന്‍ പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്കി. എന്നാല്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങള്‍ക്ക് എതിരായ ജനറല്‍ ഇന്‍ഷുറന്‍സ് ബില്ലിന്റെ വിഷയത്തില്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ വിസമ്മതിച്ചതാണ് ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ അപമാനകരവും ഞെട്ടിപ്പിക്കുന്നതുമായ രംഗങ്ങള്‍ക്ക് വഴിതെളിച്ചത്.

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ തങ്ങളുടെ ചങ്ങാത്ത മുതലാളിക്കൂട്ടങ്ങള്‍ക്ക് അടിയറവയ്ക്കുക എന്നത് മോഡി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് ദേശസാല്‍ക്കരണ നിയമം- 1972 വഴിയാണ് രാജ്യത്തെ ജനറല്‍ ഇന്‍ഷുറന്‍സ് ബിസിനസ് പൊതുമേഖലയില്‍ ആക്കിയത്. 107 സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ അതുവഴി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി, യുണെെറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി എന്നിങ്ങനെ നാല് പൊതു മേഖലാ കമ്പനികളാക്കി പുനഃസംഘടിപ്പിച്ചു. രാജ്യത്തുടനീളം 7,500 ബ്രാഞ്ചുകളും 60,000 ജീവനക്കാരുമായി ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലെ 55 ശതമാനം വിപണി പങ്കാളിത്തമുള്ള പ്രസ്ഥാനമായി അത് വളര്‍ന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് വിപണിയില്‍, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ കടന്നുചെല്ലാന്‍ മടിക്കുന്ന വിദൂര ഗ്രാമീണ മേഖലയടക്കം, 67 ശതമാനം അവയുടെ നിയന്ത്രണത്തിലാണ്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ സംബന്ധിച്ച് ഇടപാടുകാരുടെ ആവലാതി തോത് 82 ശതമാനമായിരിക്കെ പൊതുമേഖലയില്‍ ഇത് കേവലം 18 ശതമാനം മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വസ്തുതകള്‍ ഇതായിരിക്കെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ സ്വകാര്യവല്‍ക്കരണം തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇടപാടുകാരായ പൊതുജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇന്‍ഷുറന്‍സ് മേഖലയിലെ ജീവനക്കാരുടെ സംഘടനകള്‍, സംഘപരിവാര്‍ യൂണിയനടക്കം, സ്വകാര്യവല്‍ക്കരണ നീക്കത്തെ നിശിതമായി എതിര്‍ക്കുന്നു. തന്ത്രപ്രധാനമായ ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയുടെ സ്വഭാവത്തിലും ഘടനയിലും അടിസ്ഥാനപരമായ മാറ്റം ലക്ഷ്യംവച്ചുള്ള നിയമനിര്‍മ്മാണം വിശദമായി ചര്‍ച്ച ചെയ്യപ്പെടണമെന്ന ആവശ്യം പ്രതിപക്ഷത്തിന്റേതു മാത്രമല്ല. ഇടപാടുകാരായ സാമാന്യജനങ്ങളും ജീവനക്കാരും ജനറല്‍ ഇന്‍ഷുറന്‍സിന്റെ ഗുണഭോക്താക്കളും ആ ആവശ്യത്തിന് ഒപ്പമാണ്. അതിനെ മറികടക്കാന്‍ പാര്‍ലമെന്ററി നടപടിക്രമത്തിന്റെ മറവില്‍ ശത്രുസെെന്യത്തെ നേരിടുംവിധം മാര്‍ഷല്‍‍മാരെ അണിനിരത്തി പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കാനാണ് മോഡി ഭരണകൂടം തുനിഞ്ഞത്.

പാര്‍ലമെന്റിനെയും പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയെയും നിരന്തരം അട്ടിമറിക്കുകയും രാജ്യത്തെ ഫാസിസ്റ്റ് ഏകാധിപത്യത്തിലേക്ക് തള്ളിനീക്കുകയും ചെയ്യുന്ന മോഡി ഭരണകൂടം പ്രതിപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തങ്ങളുടെ ചങ്ങാത്ത മുതലാളിത്ത അജണ്ടയുമായി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും രാജ്യത്താകെ വളര്‍ന്നുവന്നിരിക്കുന്ന ജനകീയ രോഷവും മറിച്ചൊരു ചിത്രമാണ് കാഴ്ചവയ്ക്കുന്നത്. ജനവികാരം പ്രതിഫലിപ്പിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല ഐക്യനിര രാജ്യത്തിന്റെ രാഷ്ട്രീയ വഴിത്തിരിവില്‍‍ നിര്‍ണായക പ്രാധാന്യമാണ് കെെവരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.