26 May 2024, Sunday

ചരിത്രത്തിന്റെ അപനിര്‍മ്മിതിക്കെതിരെ കരുതല്‍ വേണം

Janayugom Webdesk
November 24, 2022 2:00 am

ർവമേഖലകളെയും ഹിന്ദുത്വവല്ക്കരിക്കുക എന്നതാണ് നിലവിൽ കേന്ദ്രഭരണം കയ്യാളുന്ന സർക്കാരിന്റെ നിലപാട്. അതിനവർ ചരിത്രം തിരുത്തും, ചരിത്രകാരന്മാരെ ഇല്ലായ്മചെയ്യും; അസത്യങ്ങളുടെ പ്രചണ്ഡപ്രചാരണം നടത്തും. ശാസ്ത്ര, സാങ്കേതിക മുന്നേറ്റങ്ങളെ പിൻനടത്തും. വിദ്യാഭ്യാസ, കലാ–സാംസ്കാരിക രംഗങ്ങളിലും ആധുനിക ശാസ്ത്രരംഗങ്ങളിലുമെല്ലാം കടന്നുകയറി ഇല്ലാത്ത ഇരിപ്പിടങ്ങളുണ്ടാക്കി സംഘ്പരിവാർ പ്രഭൃതികളെ അതിനായി കുടിയിരുത്തും. ആധുനിക ശാസ്ത്രത്തിന്റെ മഹത്തായ സംഭാവനയായ വൈദ്യശാസ്ത്രം പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ കോഴ്സും പരിശീലനവും പൂർത്തിയാക്കിയ ശേഷം സ്വീകരിക്കുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കി ‘മഹർഷി ചരക ശപഥം’ സ്വീകരിക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മിഷനെ കൊണ്ട് തീരുമാനമെടുപ്പിച്ചത് നാം കണ്ടതാണ്. കിഴക്കിനെ അഭിമുഖീകരിച്ച് ദിവ്യജ്യോതിയുടെ സാന്നിധ്യത്തിൽ പ്രതിജ്ഞയെടുക്കണമെന്ന നിർദ്ദേശത്തിലെന്തു ശാസ്ത്രീയത എന്ന് സാമാന്യ ബോധമുള്ളവരെല്ലാം ചോദിച്ചു പോകും. സ്വതന്ത്ര ഇന്ത്യയുടെ ശില്പികളായ ഗാന്ധിജിയെയും നെഹ്രുവിനെയും തമസ്കരിച്ച് സർദാർ വല്ലഭ്ഭായ് പട്ടേലിനെ പ്രതിഷ്ഠിക്കുന്നതുമുതലുള്ള ചരിത്രത്തിന്റെ അപനിർമ്മിതിക്ക് കഴിഞ്ഞ എട്ടു വർഷങ്ങളായി സാക്ഷ്യം വഹിക്കുകയാണ് രാജ്യം. അതിന്റെ ഏറ്റവും പുതിയതും ബൃഹത്തായതുമായ പ്രഖ്യാപനം കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നു. രാജ്യത്തിന്റെ ചരിത്രം മാറ്റിയെഴുതാന്‍ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) തീരുമാനിച്ചിരിക്കുകയാണ്. 12 മുതല്‍ 14 വരെ വാല്യങ്ങളടങ്ങുന്ന ‘ഇന്ത്യയുടെ സമഗ്ര ചരിത്രം’ പരമ്പരയുടെ ആദ്യ വാല്യം 2023 മാർച്ചിൽ പുറത്തിറങ്ങുമെന്നും ഐസിഎച്ച്ആർ മെമ്പർ സെക്രട്ടറി ഉമേഷ് കദമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ഭരണപരാജയങ്ങള്‍ക്ക് മറപിടിക്കുന്ന വിദ്യാഭ്യാസ നയം


ഏറെ ഗൗരവമുള്ളതാണ് ഐസിഎച്ച്ആർ സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍. രാജ്യചരിത്രം പുതുക്കി എഴുതുമെന്നല്ല, എഴുതിത്തുടങ്ങിയിരിക്കുന്നുവെന്നതാണത്. ആദ്യ ലക്കം മാര്‍ച്ചില്‍ പുറത്തിറങ്ങുമെന്ന് പറയുമ്പോള്‍ നിലവിലെ ഇന്ത്യാചരിത്രം കാവിവല്ക്കരിക്കുന്ന പ്രക്രിയ നേരത്തെ തുടങ്ങിയിട്ടുണ്ടെന്നര്‍ത്ഥം. ദേശീയ പ്രക്ഷോഭത്തെയും ജനകീയ മുന്നേറ്റങ്ങളെയും ഒറ്റിക്കൊടുത്ത സവര്‍ക്കറിയന്‍ അനുയായികള്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയതു മുതല്‍ തന്നെ സ്വാതന്ത്ര്യസമര സേനാനികളായി അണിയറയില്‍ വേഷം കെട്ടിത്തുടങ്ങിയിരുന്നു. ‘വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള രാജ്യത്തുടനീളമുള്ള 100ലേറെ ചരിത്രകാരന്മാർ ഈ പദ്ധതിയിൽ പ്രവർത്തിക്കുന്നുവെന്നും പ്രാദേശിക സ്രോതസുകളിലൂടെ ലഭ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാകും രാജ്യചരിത്രം മാറ്റിയെഴുതുക’യെന്നും ഉമേഷ് കദം പറയുന്നുണ്ട്. ‘രാഷ്ട്രത്തിന്റെ അഭിമാനത്തെ പ്രതിനിധീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ചരിത്രത്തെ ഭൗമസാംസ്കാരിക വീക്ഷണത്തിലാകും അവതരിപ്പിക്കുക, ഭൗമരാഷ്ട്രീയ വീക്ഷണത്തിലാകില്ല’-കദം പറഞ്ഞു. നിലവിലുള്ള ‘യൂറോ കേന്ദ്രീകൃത’ ചരിത്രം ഇന്ത്യൻ ചരിത്രത്തെ കളങ്കപ്പെടുത്തുന്നതാണ്. ഉദാഹരണത്തിന്, ഭക്തി പ്രസ്ഥാനം കേവലം ആത്മീയ പ്രചാരണം മാത്രമല്ലായിരുന്നു. എല്ലാവരും തുല്യരാണെന്നും ജാതി, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ ആരോടും വിവേചനം കാണിക്കരുതെന്നും ഇത് ജനങ്ങളെ ഉദ്ബോധിപ്പിച്ചു. എന്നാല്‍ ഭക്തി പ്രസ്ഥാനത്തെ കൊളോണിയൽ, മാർക്സിസ്റ്റ് ചരിത്രകാരന്മാർ ശരിയായ രീതിയില്‍ മനസിലാക്കിയില്ല’ എന്നും ഐസിഎച്ച്ആർ സെക്രട്ടറി പറയുന്നു.


ഇതുകൂടി വായിക്കൂ: വിധേയരെ സൃഷ്ടിക്കാനായുള്ള പുതിയ വിദ്യാഭ്യാസ നയം


വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിക്കാനും വാണിജ്യവല്ക്കരിക്കാനും വർഗീയവല്ക്കരിക്കാനുമുള്ള വ്യവസ്ഥകളും ഉള്ളടക്കങ്ങളുമായാണ് പുതിയ വിദ്യാഭ്യാസ നയം കോവിഡ് പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുത്തത്. യുജിസി പോലുള്ള ഉന്നത അക്കാദമിക് സംവിധാനങ്ങളുടെ തലപ്പത്ത് സംഘ്പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകര്‍ അവരോധിക്കപ്പെട്ടു. ഉത്തരേന്ത്യയിലെ ഗ്രാമമുഖ്യന്‍മാരുടെ നേതൃത്വത്തിലുള്ള ‘ഖാപ്’ പഞ്ചായത്തുകൾ ജനാധിപത്യത്തിന്റെ ആദ്യകാല മാതൃകയാണെന്നും വേദകാലം മുതൽ രാജ്യത്ത് ജനാധിപത്യവ്യവസ്ഥയുണ്ടെന്നും വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് യുജിസി ചെയർമാൻ എം ജഗദേഷ്‍കുമാർ ഗവർണർമാർക്ക് കത്തയച്ചത് കഴിഞ്ഞദിവസമാണ്. പുരാതന ഇന്ത്യയിൽ ഏകാധിപത്യമോ പ്രഭുത്വമോ ഇല്ലായിരുന്നെന്നും അന്നത്തെ സംവിധാനം വിശിഷ്ടമായിരുന്നെന്നുമുള്ള പരിഹാസ്യമായ അവകാശവാദമാണ് യുജിസി ചെയർമാൻ ഉന്നയിച്ചത്. ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം വേർതിരിക്കാമെന്ന് പ്രചരിപ്പിക്കുന്ന വിജ്ഞാനഭാരതിയെന്ന സംഘ്പരിവാര്‍ സംഘടനയുടെ പ്രവർത്തകനായിരുന്ന ജഗദേഷ് കുമാർ വിസി ആയിരുന്നപ്പോഴാണ് ജെഎൻയുവിന്റെ സ്വതന്ത്രമായ അക്കാദമിക് പ്രവർത്തനങ്ങളെയും കാമ്പസ് ജനാധിപത്യത്തെയും തകർക്കാനുള്ള നീക്കങ്ങളുണ്ടായത്എന്നും ഓര്‍ക്കേണ്ടതാണ്.
വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമായിട്ടും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്താതെ, കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഗവർണർമാരെ നേരിട്ടാണ് യുജിസി സമീപിച്ചത് എന്നതില്‍ നിന്ന് തന്നെ അവരുടെ അജണ്ട വ്യക്തമാണ്. ഫ്യൂഡൽ ഭരണ വ്യവസ്ഥകളെ തകർത്ത് ചരിത്രത്തിലേക്ക് കടന്നുവന്ന ജനാധിപത്യം ശാസ്ത്രത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലുള്ള ആധുനിക ഭരണ വ്യവസ്ഥയാണ്. മനുസ്മൃതിപോലുള്ള ഹിന്ദുത്വസംഹിതകളെ മാത്രം ദേശീയതയായി കാണുന്ന സവർക്കറിയന്‍ സിദ്ധാന്തങ്ങളെ പാഠ്യപദ്ധതിയാക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്‍സിഇആര്‍ടി സിലബസില്‍ നിന്ന് മുഗള്‍ ചരിത്രവും ഗുജറാത്ത് കലാപവും നീക്കം ചെയ്തതും ഇതുമായി ചേര്‍ത്തു വായിക്കണം. ഇതിന്റെയെല്ലാം മൂര്‍ത്തരൂപമായിരിക്കും ഐസിഎച്ച്ആർ ഒരുക്കുന്ന ഇന്ത്യാചരിത്രത്തിന്റെ അപനിര്‍മ്മിതി. ജനാധിപത്യവും ശാസ്ത്രീയ വികാസവും ഉല്പതിഷ്ണുക്കളായ പൗരന്‍മാരുമാണ് രാഷ്ട്രത്തിന് വേണ്ടതെന്ന് കരുതുന്നവരെല്ലാം ചേര്‍ന്ന് ഈ അപചയത്തെ നേരിട്ടേ മതിയാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.