മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയ സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിനും പി സി ജോർജിനുമെതിരെ പൊലീസ് കേസെടുത്തു. കെ ടി ജലീൽ എംഎൽഎയുടെ പരാതിയിലാണ് കന്റോൺമെന്റ് പൊലീസ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 153 വകുപ്പുകൾ പ്രകാരം ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവന എന്നീ കുറ്റങ്ങൾ ചുമത്തി. കേസിൽ സ്വപ്‌ന ഒന്നാം പ്രതിയും ജോർജ് രണ്ടാം പ്രതിയുമാണ്.
പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷക സംഘം രൂപീകരിച്ച് കേസന്വേഷിക്കുമെന്ന് പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു.സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രി, ഭാര്യ, മകൾ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സി എം രവീന്ദ്രൻ, കെ ടി ജലീൽ എംഎൽഎ എന്നിവർക്ക് പങ്കുണ്ടെന്നും ഇക്കാര്യങ്ങൾ രഹസ്യമൊഴിയായി നൽകിയെന്നുമായിരുന്നു ദൃശ്യമാധ്യമങ്ങൾക്ക് മുന്നിൽ കഴിഞ്ഞ ദിവസം സ്വപ്‌നയുടെ ആരോപണം.
ഇതിന് പിന്നാലെയാണ് പി സി ജോർജും സോളാർ കേസിലെ പ്രതി സരിത എസ് നായരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നത്. ഇത് കേസിലെ ഗൂഢാലോചന വെളിപ്പെടുത്തി. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും തന്നെ വന്ന് കണ്ടിരുന്നുവെന്ന് സംഭാഷണത്തിൽ ജോർജ് സമ്മതിക്കുന്നുണ്ട്. ഇക്കാര്യം മാധ്യമങ്ങളിൽ ജോർജ് സ്ഥിരീകരിച്ചു.ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ കള്ള ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിക്കുന്നതെന്ന് ജലീൽ പരാതിയിൽ പറയുന്നു.
സ്വപ്ന രാഷ്‌ട്രീയമായി തന്നെയും കേരളത്തിലെ എൽഡിഎഫ് സർക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും അപകീർത്തിപ്പെടുത്തുകയാണ്. രണ്ടുമാസം മുമ്പുതന്നെ ജോർജ് ഗൂഢാലോചന നടത്തിയതിന്റെ തെളിവാണ് ശബ്ദരേഖ. ജനങ്ങൾ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ സർക്കാരിനെ നിയമവിരുദ്ധമായി അസ്ഥിരപ്പെടുത്താനും അപകീർത്തിപ്പെടുത്താനുമാണ് ശ്രമിച്ചത്. നുണക്കഥകളിലൂടെ നാട്ടിൽ കലാപം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ജലീൽ പരാതിയിൽ പറഞ്ഞു.
English Summary: Case for conspiracy; Swapna and George are defendants; Special Investigation Team led by ADGP
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.