21 December 2024, Saturday
KSFE Galaxy Chits Banner 2

നിര്‍മ്മാണ മേഖലയെ തളര്‍ത്തി സിമന്റ് വില കുതിച്ചുയരുന്നു

ബിനോയ് ജോർജ് പി
തൃശൂർ
November 18, 2021 8:59 pm

നാലുമാസത്തിനുള്ളിൽ സിമന്റിന്റെ മൊത്തവിൽപന വിലയിൽ ചാക്കിന് (50കിലോ) 100 രൂപയോളം വില വർധിപ്പിച്ചു. 350 മുതൽ 475 രൂപ വരെയാണ് ഇപ്പോഴത്തെ വില. ഈ വർധനവ് സംസ്ഥാനത്തെ നിർമ്മാണ മേഖലയെ തളർത്തിയിരിക്കുകയാണ്. കേരളത്തിൽ 10 ലക്ഷം ടൺ സിമന്റ് മാസം വിറ്റഴിഞ്ഞിരുന്ന സ്ഥാനത്ത് ഇന്ന് എട്ടര ലക്ഷമായി കുറഞ്ഞു. ഈ കുറവ് സംസ്ഥാനത്ത് വലിയ തൊഴിൽ നഷ്ടവും സൃഷ്ടിച്ചിട്ടുണ്ട്.വൻകിട കമ്പനികളുടെ വലിയ ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ സിമന്റ് ഉപഭോക്താക്കളെന്ന് പ്രമുഖ ഡീലർമാർ തന്നെ ഉറപ്പിച്ചു പറയുന്നു. സിമന്റ് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ (സിഎംഎ) അവർക്ക് ഇഷ്ടമുള്ളതുപോലെയാണ് വില വർധിപ്പിക്കുന്നത്. കേരളത്തിലേക്ക് പ്രധാനമായും സിമന്റ് എത്തുന്നത് തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ വൻകിട കമ്പനികളിൽ നിന്നാണ്. കേന്ദ്രത്തിന്റെ ഇന്ധനവില വർധനവെന്ന വൻകൊള്ളയുടെ പേരു പറഞ്ഞാണ് സിമന്റ് കമ്പനികളും ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്. 

സംസ്ഥാനത്ത് പതിനായിരത്തോളം സിമന്റ് ഡീലർമാരാണുള്ളത്. ഇവരിൽ ഭൂരിപക്ഷത്തിനും അന്യായമായ ഈ വില വർധനവിൽ അമർഷമുണ്ട്. സിമന്റ് വാങ്ങുന്നവർ വൻകിട ബ്രാന്റുകൾക്ക് വലിയ തുക നൽകുന്നതിനു പകരം അതേ കമ്പനികളുടെ കുറഞ്ഞ ബ്രാന്റ് വാങ്ങുകയാണ് മെച്ചം. ഗുണനിലവാരത്തിൽ മാറ്റങ്ങൾ ഇല്ലെന്ന് മാത്രമല്ല പണം ലാഭിക്കാനുമാകും. വൻകിട നിർമ്മാതാക്കളുടെ സംഘടനകൾ പലതും സിമന്റ് കമ്പനികളുടെ ഈ ചൂഷണത്തിനെതിരെ പ്രതിഷേധമറിയിച്ച് പലയിടത്തും നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്. മറ്റു ഉപഭോക്താക്കൾ കൂടി ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചാൽ വൻകിട നിർമ്മാണ കമ്പനികൾ വില കുറയ്ക്കാൻ നിർബന്ധിതരാകുമെന്നും അത്തരം നീക്കങ്ങൾ വിജയിച്ചിട്ടുണ്ടെന്നും ഡീലർമാർ സൂചിപ്പിക്കുന്നു. 

375 — 475 രൂപയാണ് ഒരു ചാക്ക് സിമന്റിന് സാധാരണക്കാരൻ നൽകേണ്ട വില. ഈ വർധനവിന് തക്കതായ കാരണങ്ങളല്ല ഇന്ധനവില വർധനവും കൽക്കരിക്ഷാമവും. എന്നാൽ സംസ്ഥാനത്തിന് പുറത്തുള്ള ഈ വൻകിടക്കാർക്ക് ഒരാളോടും ഇതിന് വിശദീകരണം നൽകേണ്ട സാഹചര്യമില്ലാത്തതിനാൽ അവർക്ക് തോന്നുന്ന വിധത്തിലാണ് വില ഉയർത്തുന്നത്.
സംസ്ഥാനത്ത് പ്രധാനമായും വിറ്റഴിക്കപ്പെടുന്നത് വൻകിടക്കാരുടെ ഇരുപതോളം സിമന്റ് ബ്രാന്റുകളാണ്. ഇവ കൂടാതെ ചെറുകിട ബ്രാന്റുകൾ വേറെയുമുണ്ട്. പല ചെറു ബ്രാന്റുകളുടെയും കുറഞ്ഞ വിലയുള്ള സിമന്റിന് ഗുണനിലവാരം ഉറപ്പുവരുത്താൻ കഴിയണമെന്നില്ല. എന്നാൽ വൻകിട ബ്രാന്റുകളുടെ കാര്യം അങ്ങനെയല്ല. ഇവ തെരഞ്ഞെടുക്കാനുള്ള ജാഗ്രതയാണ് ഉപഭോക്താക്കൾക്ക് ആവശ്യം. ദിവസം 6000 ടൺ ഉല്പാദിപ്പിക്കുന്ന വൻകിട കമ്പനികളുടെ യന്ത്രസംവിധാനങ്ങളുടെ സൂക്ഷ്മതയും കൃത്യതയുമെല്ലാമാണ് ഇതിന് കാരണമായി പറയുന്നത്. നിർമ്മാണം പാതിവഴിയിലായ പല സാധാരണക്കാരും ചെറുകിട നിർമ്മാതാക്കളുമെല്ലാം സിമന്റിന്റെ അമിത വില വർധനവ് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്.
eng­lish summary;Cement prices are soar­ing, weak­en­ing the man­u­fac­tur­ing sector
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.