19 May 2024, Sunday

Related news

May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024

കേന്ദ്രം ഐടി വകുപ്പിനെ ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 19, 2021 8:54 pm

ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. ബിജെപി അധികാരത്തിലെത്തിയതുമുതല്‍ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വീടുകളിലും മാധ്യമ സ്ഥാപനങ്ങളിലും നടക്കുന്ന ആദായ നികുതി പരിശോധനകളെന്നും നികുതി വെട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും രാഷ്ട്രീയപ്രേരിതമായി ആരോപിച്ച് വിമര്‍ശകരെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച്(എച്ച്ആര്‍ഡബ്ല്യു) പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

 


ഇതുകൂടി വായിക്കു:  ട്വിറ്ററില്‍ വര്‍ഗീയ പ്രചാരണവുമായി കേന്ദ്ര വിവരാവകാശ കമ്മിഷണര്‍


 

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍, ബോളിവുഡ് താരം സോനു സൂദ് എന്നിവര്‍ക്കും ന്യൂസ്‌ലോന്‍ഡ്രി, ന്യൂസ്‌ക്ലിക്ക് മാധ്യമസ്ഥാപനങ്ങള്‍ക്കുമെതിരെ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനകള്‍ വിമര്‍ശനമുന്നയിക്കുന്നവരെ മാനസികമായി പീഡിപ്പിക്കുന്നതിനുവേണ്ടിയാണെന്നും ഇത് എല്ലാത്തരം വിമര്‍ശനങ്ങളെയും നിശബ്ദമാക്കാനുള്ള നീക്കത്തിന്റെ ഉദാഹരണമാണെന്നും എച്ച്ആര്‍ഡബ്ല്യു സൗത്ത് ഏഷ്യ ‍ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി വ്യക്തമാക്കി. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ബിജെപി സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധമുയര്‍ത്തുകയും വര്‍ഗീയസംഘര്‍ഷങ്ങളില്‍ ഇരകളാക്കപ്പെട്ടവരോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന വ്യക്തിയായതിനാലാണ് ഹര്‍ഷ് മന്ദറിനെ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും എച്ച്ആര്‍ഡബ്ല്യു കുറ്റപ്പെടുത്തി.

 


ഇതുകൂടി വായിക്കു:ഐടി ചട്ടം നടപ്പാക്കാത്തതിൽ നടപടിയുണ്ടായാൽ സംരക്ഷണമില്ല; ട്വിറ്ററിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്


 

ലോക്ഡൗണ്‍ കാലത്തും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ കെടുകാര്യസ്ഥതയില്‍ ദുരിതത്തിലായ അനേകം പേര്‍ക്ക് ആശ്വാസമെത്തിക്കുന്ന പ്രവര്‍ത്തനമാണ് ബോളിവുഡ് താരം സോനു സൂദ് നടത്തിയത്. ഇതിന്റെ പേരില്‍ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രതിപക്ഷപാര്‍ട്ടികളുടെയും പ്രശംസ അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സോനു സൂദിന്റെ സ്വത്തുവകകളില്‍ പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആദായനികുതി വകുപ്പിനെ നിയോഗിച്ചതെന്ന് സംശയിക്കാവുന്നതാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

മനുഷ്യാവകാശ വിഷയത്തിലുള്ള യുഎന്‍ ഹൈക്കമ്മിഷണറും നിരവധി മനുഷ്യാവകാശ സംഘടനകളും വിദഗ്ധരുമെല്ലാം സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്ന നടപടികള്‍ക്കെതിരെ കഴിഞ്ഞ കുറച്ചുകാലമായി നിരന്തരം ആശങ്കകകള്‍ ഉയര്‍ത്തുന്നതും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് സൂചിപ്പിച്ചു.
മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും വിദ്യാഭ്യാസരംഗത്തെ വിദഗ്ധരെയും വിദ്യാര്‍ത്ഥികളെയുമെല്ലാം ഭീകരവാദവും രാജ്യദ്രോഹവും ചുമത്തി രാഷ്ട്രീയപ്രേരിതമായി ക്രിമിനല്‍ കേസുകളെടുക്കുകയും ജയിലിലടക്കുകയും ചെയ്യുന്ന പ്രവണത നേരത്തെ അധികാരികള്‍ ആരംഭിച്ചിരുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ENGLISH SUMMARY:The Cen­ter is using the IT depart­ment to sup­press free­dom of expression
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.