28 April 2024, Sunday

Related news

April 27, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 25, 2024
April 25, 2024
April 24, 2024

ചികിത്സാരംഗത്തും കേന്ദ്രത്തിന്റെ പ്രതികാര നടപടി; കേന്ദ്രാവിഷ്‌കൃത പദ്ധതി ഫണ്ടുകള്‍ തടഞ്ഞു

സ്വന്തം ലേഖിക
തിരുവനന്തപുരം
January 9, 2024 10:14 pm

പേരുമാറ്റത്തിന്റെ പേരില്‍ വീണ്ടും കേന്ദ്രത്തിന്റെ പ്രതികാര നടപടി. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പേര് ‘ആയുഷ്‌മാൻ ആരോഗ്യമന്ദിർ’ എന്നാക്കണമെന്ന നിർദേശം നടപ്പിലാക്കിയില്ലെന്നാരോപിച്ച് സംസ്ഥാനത്തിന് അര്‍ഹമായ ഫണ്ട് തടഞ്ഞു. ഡിസംബറിലാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയടക്കം പേര് ‘ആയുഷ്‌മാൻ ആരോഗ്യമന്ദിർ’ എന്നാക്കണമെന്ന നിർദേശം കേന്ദ്രം മുന്നോട്ടുവച്ചത്. ഇത് പാലിച്ചില്ലെന്ന് ആരോപിച്ചാണ് പാവപ്പെട്ട രോഗികളെ പ്രതിസന്ധിയിലാക്കും വിധം മുന്‍കാല വിഹിതമുള്‍പ്പെടെ തടഞ്ഞുവച്ചിരിക്കുന്നത്. അര്‍ഹമായ കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ നാഷണൽ ഹെൽത്ത് മിഷ(എന്‍എച്ച്എം)ന്റെ പദ്ധതികൾ താളം തെറ്റുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഹിതം അനുവദിക്കാത്തത് ഫെഡറല്‍ ആശയത്തിന് തന്നെ എതിരാണ്. 2023–24 ലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ പറഞ്ഞിരിക്കുന്ന കേന്ദ്രഫണ്ടുകള്‍ പോലും തന്നിട്ടില്ല. എന്‍എച്ച്എം പദ്ധതികള്‍ക്കായി 60:40 അനുപാതത്തില്‍ കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടിയാണ്.

സംസ്ഥാനം 550.68 കോടിയും. എന്‍എച്ച്എമ്മിന് ക്യാഷ് ഗ്രാന്റായി അനുവദിക്കുന്ന 371.20 കോടി നാല് ഗഡുക്കളായാണ് (25 ശതമാനം വീതം) നല്‍കുന്നത്. ഒരു ഗഡു 92.80 കോടി രൂപയാണ്. മൂന്ന് ഗഡുക്കള്‍ അനുവദിക്കേണ്ട സമയം ഇതിനകം കഴിഞ്ഞുവെങ്കിലും ഒരു ഗഡു പോലും നല്‍കിയില്ല. 278.4 കോടി കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുണ്ട്. അതേസമയം സംസ്ഥാന വിഹിതം യഥാസമയം ലഭ്യമാക്കി. കേന്ദ്ര വിഹിതമില്ലാത്തതിനാല്‍ ഇപ്പോള്‍ സംസ്ഥാന വിഹിതമുപയോഗിച്ചാണ് എന്‍എച്ച്എം പദ്ധതികള്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. കോ ബ്രാന്‍ഡിങ് നടത്തിയില്ല എന്നതാണ് ഫണ്ടനുവദിക്കുന്നതില്‍ കേന്ദ്രം തടസമായി പറയുന്നതെങ്കില്‍ അതും വാസ്തവവിരുദ്ധമാണ്. കേന്ദ്ര നിര്‍ദേശ പ്രകാരം 6825 സ്ഥാപനങ്ങളില്‍ 99 ശതമാനം കോ ബ്രാന്‍ഡിങ് പൂര്‍ത്തിയാക്കി കഴിഞ്ഞ ഒക്ടോബറില്‍ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന ആരോഗ്യ മന്ത്രി തന്നെ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും കത്തയയ്ക്കുകയും ചെയ്തു.

പേര് മാറ്റാന്‍ കഴിയില്ല, ലോഗോ വയ്ക്കാം

‘ആയുഷ്‌മാൻ ആരോഗ്യമന്ദിർ’ എന്ന പേര് കേരളത്തിന്റെ സംസ്കാരത്തെ പരിഗണിക്കാത്ത നിർദേശമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്രത്തിന്റെ ലോഗോ വയ്ക്കാം, പേര് മാറ്റാന്‍ കഴിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പെരിട്ടോണിയല്‍ ഡയാലിസിസ് പദ്ധതിക്കായി കേന്ദ്രം അനുവദിക്കാനുള്ളത് ഏഴ് കോടി രൂപയാണ്. ഇതിനാവശ്യമായ ഫ്ലൂയിഡ് സംസ്ഥാനം ഇടപെട്ട് വിതരണം ചെയ്തിരുന്നു. 800 ഓളം രോഗികള്‍ക്കാണ് നിലവില്‍ പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്നത്.

സൗജന്യ പരിശോധനകളും ചികിത്സകളും പ്രതിസന്ധിയില്‍

കേന്ദ്രം പണം തരാത്തത് മൂലം സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍ എന്നിവ തടസപ്പെടുന്ന സ്ഥിതിയാണ്. ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്, എന്‍എച്ച്എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം, ബയോമെഡിക്കല്‍ മാനേജ്‌മെന്റ്, കനിവ് 108 ആംബുലന്‍സ് തുടങ്ങിയവയും പ്രതിസന്ധിയിലാണ്. അതിനാല്‍ എത്രയും വേഗം ഫണ്ട് അനുവദിക്കേണ്ടതാണെന്ന് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Cen­ter’s retal­ia­to­ry action in the field of treat­ment; Cen­tral­ized scheme funds withheld

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.