29 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 23, 2025
April 18, 2025
April 17, 2025
April 13, 2025
April 13, 2025
April 9, 2025
March 18, 2025
March 18, 2025
February 15, 2025
December 13, 2024

വായുമലിനീകരണം ചെറുക്കൽ ; പന്തീരായിരം കോടിയുടെ പദ്ധതികൾ കടലാസിലൊതുങ്ങുന്നു

Janayugom Webdesk
ന്യൂഡൽഹി
November 3, 2021 9:07 pm

ലോകത്തെ ഏറ്റവും കൂടുതൽ മലിനമായ വായുവുള്ള രാജ്യമായ ഇന്ത്യയിൽ വായുമലിനീകരണത്തിനെതിരെയുള്ള പദ്ധതികളും അനുവദിച്ച ഫണ്ടുകളും കടലാസിൽ മാത്രമൊതുങ്ങുന്നു. വായുമലിനീകരണം ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി നീക്കിവച്ച 12,514 കോടി രൂപ കേന്ദ്രം പ്രയോജനപ്രദമായി വിനിയോഗിക്കുന്നില്ലെന്ന് വാർത്താ പോർട്ടൽ സ്ക്രോൾ ഡോട്ട് ഇൻ നടത്തിയ അന്വേഷണത്തിൽ ചൂണ്ടിക്കാട്ടുന്നു. 2019ലാണ് ദേശീയ ശുദ്ധവായു പദ്ധതി (നാഷണൽ ക്ലീൻ എയർ പ്രോഗ്രാം-എൻസിഎപി) കേന്ദ്ര സർക്കാർ നടപ്പിലാക്കിയത്. വായു മലിനീകരണം രൂക്ഷമായ 132 നഗരങ്ങളിൽ 114 എണ്ണത്തിനായി 375 കോടി രൂപയാണ് ഈ പദ്ധതിയക്ക് കീഴിൽ സർക്കാർ അനുവദിച്ചത്. ഇതിനുപുറമെ, ഒരു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള രാജ്യത്തെ 42 നഗരങ്ങൾക്കായി 2025–26 വരെ ആകെ അനുവദിച്ച 12,139 കോടി രൂപയിൽ നിന്ന് 4,417 കോടി രൂപ പതിനഞ്ചാം ധനകാര്യ കമ്മിഷൻ വിതരണം ചെയ്തിരുന്നു. അതായത്, ആകെ 12,514 കോടി രൂപയാണ് വായുമലിനീകരണത്തിനെതിരെയുള്ള ഇടപെടലുകൾക്കുവേണ്ടി സർക്കാർ മാറ്റിവച്ചിരിക്കുന്നതെന്നാണ് കണക്കുകൾ.

പക്ഷെ, പദ്ധതി പ്രഖ്യാപിച്ച് രണ്ട് വർഷത്തിലധികമായിട്ടും ഈ വിഷയത്തിലുള്ള പ്രവർത്തനങ്ങൾ കടലാസിൽ മാത്രമൊതുങ്ങിയിരിക്കുകയാണെന്നാണ് വ്യക്തമാകുന്നത്. വായു മലിനീകരണത്തിനെതിരെയുള്ള ഇടപെടലുകൾ നടത്തേണ്ട ബാധ്യതപ്പെട്ട ഏജൻസികളായ മലിനീകരണ നിയന്ത്രണ ബോർഡുകളും നഗരസഭകളും നിർദ്ദേശിക്കപ്പെട്ട പ്രവർത്തനങ്ങൾ നടത്താനുള്ള കാര്യപ്രാപ്തി കാണിക്കാതെയും പലപ്പോഴും യാന്ത്രികമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുകയാണെന്നാണ് സാമൂഹ്യപ്രവർത്തകരുടെ ആരോപണം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കെല്ലാം വൈദ്യുതി നൽകുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന കൽക്കരി താപ നിലയങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ കാലങ്ങളായി മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യവും പലപ്പോഴും കാണാതിരിക്കുകയാണെന്ന് സ്ക്രോൾ ഡോട്ട് ഇൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുന്നു. കൂടുതൽ മലിനീകരണമുള്ള 132 നഗരങ്ങളിലൊന്നും താപവൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നതുമായ യുപിയിലെ അൻപരയിലേക്ക് എൻസിഎപിയുടെ കീഴിൽ അനുവദിച്ചിരിക്കുന്നത് 1.24 കോടി രൂപ മാത്രമാണെന്നാണ് വിവരാവകാശ നിയമപ്രകാരം സ്ക്രോൾ ഡോട്ട് ഇൻ നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ വ്യക്തമാകുന്നത്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന വായുമലിനീകരണത്തിനെതിരെ അസമിലെ നാഗോണില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം

 

യുപിയിലെ മറ്റ് 17 നഗരങ്ങൾക്കായി 60. 63 കോടി രൂപയാണ് നൽകിയിരിക്കുന്നത്. 375 കോടി രൂപയുടെ അറുപത് ശതമാനത്തോളം, അതായത് 224 കോടി രൂപ ചെലവഴിക്കുന്നത് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനും മറ്റുമായാണെന്നും ഔദ്യോഗിക രേഖകളിൽ സാക്ഷ്യപ്പെടുത്തുന്നു. 150 കോടി രൂപ മാത്രമാണ് വായു മലിനീകരണം തടയുന്നതിനുള്ള കൃത്യമായ നടപടികൾക്കുവേണ്ടി രാജ്യത്താകെ ചെലവഴിക്കപ്പെടുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. അതായത് ഒരു നഗരത്തിന് 1.3 കോടി രൂപ വീതം മാത്രം. ലോകത്തിലെ തന്നെ ഏറ്റവും മോശമായ വായുവുള്ള ഇത്തരം പ്രദേശങ്ങൾക്ക് വളരെ കുറഞ്ഞ ഫണ്ട് മാത്രം നൽകുന്നത് വിഷയത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിലുള്ള അടിസ്ഥാനപരമായ പിഴവാണെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. നഗരങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് വായു മലിനീകരണത്തിനെതിരെയുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നതെന്ന് എൻസിഎപിയുടെ പദ്ധതികളിൽ നിന്ന് തന്നെ വ്യക്തമാണെന്നും, യഥാർത്ഥത്തിൽ വിഷമയമായ വായു എന്നത് നഗരങ്ങളുടെ അതിർത്തികളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
eng­lish summary;central Gov­ern­ment is not uti­liz­ing the Rs 12,514 crore set aside for air pol­lu­tion con­trol activities
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.