28 May 2024, Tuesday

ഉദ്ഘാടനത്തിനൊരുങ്ങി സെൻട്രൽ വിസ്റ്റ അവന്യു

ചരിത്രപ്രാധാന്യമുള്ള പല അവശേഷിപ്പുകളും ഓര്‍മ്മയായി
Janayugom Webdesk
ന്യൂഡൽഹി
September 6, 2022 10:10 pm

രാജ്യതലസ്ഥാനത്ത് ഉദ്ഘാടനത്തിനൊരുങ്ങി സെൻട്രൽ വിസ്റ്റ അവന്യു. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന സെൻട്രൽ വിസ്ത അവന്യു, ഡൽഹിയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന് കൂടിയാണ്. കോവിഡ് സമയത്ത് ഏറെ പണം മുടക്കിയുള്ള നവീകരണപദ്ധതി പ്രതിഷേധത്തിനും കാരണമായിരുന്നു. ചരിത്രപ്രാധാന്യമുള്ള പല അവശേഷിപ്പുകളും ഇല്ലാതാവുകയും ചെയ്തു.
2021 ഫെബ്രുവരിയിലാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രാജ്പഥിന് സമീപം സംസ്ഥാനാടിസ്ഥാനത്തിലുള്ള ഫുഡ് സ്റ്റാളുകൾ, റെഡ് ഗ്രാനൈറ്റ് നടപ്പാതകൾ, പാർക്കിംഗ് ഏരിയ തുടങ്ങിയ വിശാല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യാ ഗേറ്റിന് സമീപം രണ്ട് ബ്ലോക്കുകള്‍ കച്ചവടക്കാർക്കായി മാറ്റിവച്ചിട്ടുണ്ട്. ഓരോ ബ്ലോക്കിലും എട്ട് വീതം കടകൾ ഉണ്ടാകും. ഐസ്ക്രീം കാർട്ടുകൾ പ്രത്യേകയിടങ്ങളിൽ മാത്രമാകും അനുവദിക്കുക. റോഡുകളിൽ ഇവയുടെ വില്പന അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്റ്റംബര്‍ എട്ടിനാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
രാജ്പഥിൽ പുതിയരൂപത്തിലുള്ള 987 കോൺക്രീറ്റ് ബോൾഡുകളും ഇവയെ ബന്ധിപ്പിച്ച് ചങ്ങലകളും സ്ഥാപിച്ചിട്ടുണ്ട്. ചവറ്റുകുട്ടകള്‍ക്കും മാൻഹോളുകൾക്കുമുണ്ട് മാറ്റം. ആധുനിക രൂപത്തിലുള്ള 162 ചവറ്റുകുട്ടകളാണ് അവന്യൂവില്‍ സ്ഥാപിച്ചിരിക്കുന്നത്. 1,490 ആധുനിക രൂപത്തിലുള്ള മാൻഹോളുകളും സ്ഥാപിച്ചിട്ടുണ്ട്. 4,087 മരങ്ങൾ, 114 ആധുനിക അടയാളഫലകങ്ങള്‍, തട്ടുതട്ടായ പൂന്തോട്ടം എന്നിവയും സെന്‍ട്രല്‍ വിസ്റ്റയിലെ പ്രധാന ആകര്‍ഷണങ്ങളാണ്. പുതിയ നിറം, അവന്യു മേഖലയിലും പരിസരത്തും ഉള്ള പ്രവർത്തനങ്ങളെ ചിത്രീകരിക്കുന്ന ചിഹ്നങ്ങൾ എന്നിവ സൈൻ ബോര്‍ഡുകളെ പഴയതില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.
രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനുമിടയിലുള്ള പൂന്തോട്ടങ്ങളിലും രാജ്പഥിനോട് ചേർന്നുള്ളവയുമുൾപ്പെടെ 900ത്തിലധികം വിളക്കുകാലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സെൻട്രൽ വിസ്റ്റയെ കൂടുതൽ കാൽനട സൗഹൃദമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ലൈറ്റുകള്‍ നല്‍കിയിരിക്കുന്നത്. പുൽത്തകിടിയും അവയ്ക്ക് ആവശ്യമായ ജലസേചന മാര്‍ഗങ്ങളും പുനര്‍നിര്‍മ്മിച്ചു. കനാല്‍ ശുചീകരിക്കപ്പെട്ടതോടെ കൂടുതല്‍ ഭംഗിയായി. പുൽത്തകിടിയുടെ സ്ഥലം 3,50,000 ചതുരശ്ര മീറ്ററിൽ നിന്ന് ഏകദേശം 3,90,000 ചതുരശ്ര മീറ്ററായി വര്‍ധിച്ചിട്ടുമുണ്ട്.

Eng­lish Sum­ma­ry: Cen­tral Vista Avenue ready for inauguration

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.