15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 15, 2024
October 11, 2024
October 6, 2024
October 4, 2024
September 27, 2024
September 27, 2024
September 27, 2024
September 26, 2024
September 12, 2024
September 9, 2024

ടോളിന്റെ മറവില്‍ പകല്‍കൊള്ളയ്ക്ക് കേന്ദ്രത്തിന്റെ മൗനാനുവാദം

നിഖിൽ എസ് ബാലകൃഷ്ണൻ
കൊച്ചി
January 9, 2022 8:59 pm

പാലിയേക്കര ടോൾ പ്ലാസവഴി പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത തുക 1000 കോടി കടന്നു. വിവരാവകാശ രേഖകൾ പ്രകാരം 2021 ഓഗസ്റ്റ് 31 വരെ 937.89 കോടി രൂപ പിരിച്ചെടുത്തു. കഴിഞ്ഞ നാല് മാസത്തെ ടോൾ പിരിവു കൂടി ചേർക്കുമ്പോൾ തുക 1023.49 കോടിയിലെത്തി. നാലുവരിപാത നിർമ്മാണത്തിനായി 312.54 കോടി രൂപയാണ് ആകെ ചെലവായിട്ടുളളത്. ടോള്‍ പിരിവിലൂടെ നിർമ്മാണ ചെലവിന്റെ മൂന്ന് ഇരട്ടിയോളം തുക വാഹനയാത്രക്കാരിൽ നിന്ന് പിരിച്ചെടുത്തു കഴിഞ്ഞു. 2028 വരെ പാലിയേക്കരയിൽ നിന്ന് ടോൾ പിരിക്കുവാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ കണക്കുകൾ കൂടി ചേരുമ്പോൾ വീണ്ടും കോടികൾ ടോൾ ബൂത്ത് വഴി ഒഴുകുമെന്ന് ഉറപ്പായി. 

നാലുവരി പാത നിർമ്മിച്ച വകയിലുള്ള പണം പിരിച്ചെടുത്തതായി വ്യക്തമായ രേഖകളുണ്ടായിട്ടും ടോൾ പിരിവ് നിർബാധം തുടരുകയാണ്. പകൽ കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ ദേശീയപാത അതോറിറ്റിക്കും കേന്ദ്രസർക്കാരിനും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല. അങ്കമാലി- മണ്ണുത്തി കേവലം 56 കിലോമീറ്റര്‍ നാലുവരിപ്പാത നിർമ്മിച്ചതിന്റെ പേരിലാണ് പിടിച്ചുപറി നടക്കുന്നത്. ടോൾ വർധനവും മറ്റ് നികുതി വർധനവും കൂടി കണക്കാക്കിയാൽ 2500 കോടി രൂപയുടെ കൊള്ളയാണ് നടക്കുന്നത്. പ്രതിദിനം ശരാശരി 40 ലക്ഷം രൂപയാണ് ടോൾ ഇനത്തിൽ നിന്ന് പിരിച്ചെടുക്കുന്നത്. 

1980 കാലഘട്ടം മുതല്‍ ഇടപ്പള്ളി മുതൽ അങ്കമാലി വരെ 26 കിലോമീറ്റര്‍ നാലുവരി പാത ഉണ്ടായിരുന്നു. പിന്നീട് ദേശീയപാത അതോറിറ്റി അങ്കമാലിയിൽ നിന്നും മണ്ണുത്തി വരെ 56 കിലോമീറ്ററാണ് നാലുവരി പാത നിർമ്മിച്ചത്. എന്നാൽ നേരത്തെയുണ്ടായിരുന്ന 26 കിലോമീറ്ററും ചേർത്ത് 82 കിലോമീറ്ററിനാണ് പാലിയേക്കര ടോൾ പ്ലാസയിൽ നിന്നും വാഹന ഉടമകളുടെ പോക്കറ്റടിക്കുന്നത്. നിർമ്മാണത്തിന് 721.17 കോടി രൂപയായെന്നാണ് ദേശീയപാത അതോറിറ്റി അവകാശപ്പെടുന്നത്. 2012 ഫെബ്രുവരി ഒമ്പതിനാണ് ടോൾ പിരിവ് ആരംഭിച്ചത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും കേട്ടുകേൾവി പോലുമില്ലാത്ത 2500 കോടി രൂപയുടെ വൻ അഴിമതിയാണ് പാലിയേക്കരയിൽ നടക്കുന്നത്. 

2011ലെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ടോൾ പിരിവ് സംബന്ധിച്ചുള്ള സർക്കുലർ കാറ്റിൽ പറത്തിയാണ് പാലിയേക്കര കൊള്ള നടക്കുന്നത്. അതിൽ ആവശ്യനുസരണം വെള്ളം ചേർത്താണ് ഇത്രയും ഭീമമായ ടോൾ പിരിക്കുവാൻ കോർപറേറ്റുകൾക്ക് അവസരമുണ്ടാക്കി കൊടുക്കുന്നത്. ടോൾ പിരിവ് വർഷാവർഷം വർധിപ്പിക്കുന്നുമുണ്ട്. ടോൾ പിരിവ് വർധിപ്പിച്ചതിന് എതിരെയും ടോൾ പിരിവിനുള്ള കാലാവധി വർധിപ്പിച്ചതിന് എതിരെയുമുള്ള കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കരാർ പ്രകാരം, നിർമ്മാണ ചെലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറയ്ക്കണം എന്ന നിബന്ധനയും ഇനിയും നടപ്പായിട്ടില്ല. കോടാനുകോടി രൂപ ചെലവ് ചെയ്ത് റോഡുകൾ നിർമ്മിക്കുന്ന രാജ്യത്തിന്റെ ഉപരിതല ഗതാഗത വകുപ്പ് ഈ നാലുവരിപ്പാത നിർമ്മാണം ബിഒടി ആക്കിയതിന് പിന്നിൽ കോർപറേറ്റ് കമ്പനികളുമായി ചേർന്ന് നടത്തുന്ന വൻ അഴിമതിയാണെന്നും ഉറപ്പായി കഴിഞ്ഞു. 

ENGLISH SUMMARY:Centre’s tac­it approval for day­time rob­bery under the guise of toll
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.