3 December 2024, Tuesday
KSFE Galaxy Chits Banner 2

മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്ന രാസപദാർത്ഥ പ്രയോഗം

പ്രതികരണം
April 30, 2022 12:24 am

പൊതുജനാരോഗ്യത്തെയും ജീവനെയും പ്രതികൂലമായി ബാധിക്കുന്ന വളരെ ആശങ്കാജനകമായ വാർത്തകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പഴകിയ മീനുകൾ പാചകം ചെയ്ത് ഭക്ഷിക്കുന്നവർക്കൊക്കെയും പല തരത്തിലുള്ള അസുഖങ്ങൾ ബാധിക്കുന്നുവെന്ന വിവരം അമ്പരപ്പിക്കുന്നതാണ്. ഒരാഴ്ച മുമ്പ് ഇടുക്കി ജില്ലയിൽ ഫോർമാലിൻ കലർത്തിയ മീനുകൾ പാചകം ചെയ്ത് ഭക്ഷിച്ച് സ്ത്രീകളും കുട്ടികളുമടക്കം 200 ഓളം പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തലകറക്കം, ഛർദ്ദി, വയറിളക്കം തുടങ്ങിയവ അനുഭവപ്പെട്ടാണ് ഇവർ ആശുപത്രിയിലായത്. മറ്റുവിധത്തിലുള്ള ദേഹാസ്വാസ്ഥ്യങ്ങളും പഴകിയ മീൻ കഴിച്ചവർക്കുണ്ടായിരുന്നു. ഈ സംഭവത്തോടെ കേരളത്തിലെ ഭക്ഷ്യസുരക്ഷാവിഭാഗം ഉണർന്നുപ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും മത്സ്യമാർക്കറ്റുകളിലും പരിശോധന ശക്തമാക്കി. കിലോ കണക്കിന് പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. എന്നാൽ മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം പരിശോധനകൾ അധികകാലം നീണ്ടുനിൽക്കാൻ ഇടയില്ല. പരിശോധന നിലയ്ക്കുമ്പോൾ വിപണിയിൽ ഫോർമാലിൻ കലർത്തിയ മീനുകളുടെ വില്പന വീണ്ടും സജീവമാകും. അടുത്ത ദുരന്തം സംഭവിക്കുമ്പോഴായിരിക്കും ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധനയുമായി വീണ്ടും രംഗത്തിറങ്ങുക. മുമ്പ് വിപണിയിൽ പഴകിയ മത്സ്യം വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ കർശന പരിശോധനകളും തുടർനടപടികളും സ്വീകരിച്ചിരുന്നെങ്കിലും ഏറെ നാളായി ഈ രീതിയിലുള്ള പരിശോധനകളെല്ലാം മുടങ്ങിക്കിടക്കുകയായിരുന്നു. ഇത് അവസരമാക്കിയാണ് പഴകിയ മത്സ്യങ്ങൾ ആളുകളെ തീറ്റിച്ച് സാമ്പത്തികലാഭമുണ്ടാക്കുന്ന സംഘങ്ങൾ ഈ മേഖലയിൽ തങ്ങളുടെ സ്വാധീനം വർധിപ്പിച്ചത്.
ഒരു തരത്തിലുള്ള രാസപദാർത്ഥങ്ങളും കലർത്താതെ നല്ല ശുദ്ധമായ മത്സ്യങ്ങൾ വില്പന നടത്തി ഉപജീവനമാർഗം കണ്ടെത്തുന്ന മീൻകച്ചവടക്കാരാണ് ഏറെയും.


ഇതുകൂടി വായിക്കൂ: വീണ്ടും ബന്ദിയാക്കപ്പെടുന്ന നമ്മൾ


മത്സ്യമാർക്കറ്റുകളിൽ മായം കലരാത്ത മത്സ്യങ്ങൾ വില്പന നടത്തുന്നവരുണ്ടെങ്കിലും ഇവർക്കിടയിൽ നുഴഞ്ഞുകയറി മോശമായ മീനുകൾ വിൽക്കുന്നവരെ തിരിച്ചറിയാതെ പോകുന്നതിനാൽ കബളിപ്പിക്കപ്പെടുന്ന ഉപഭോക്താക്കൾ ഏറെയാണ്. ഇന്ന് പഴകിയ മീനുകളെ കാഴ്ചയിൽ തിരിച്ചറിയാൻ കഴിയുന്നില്ല. പുതിയ മീനുകളെ പോലെ ഭംഗിയും തിളക്കവും ഇവയ്ക്കുമുണ്ടാകും. ഫ്രഷ് മീനാണെന്ന് കരുതി വാങ്ങിക്കൊണ്ടുപോയി കറിവച്ച് കഴിക്കുമ്പോഴായിരിക്കും കൊള്ളാത്ത മീനാണെന്ന് ബോധ്യപ്പെടുക. ഒരു തരത്തിലുള്ള രുചിയും മീനിനുണ്ടാകില്ല. പണം കൊടുത്ത് വാങ്ങിയതിനാൽ വായിൽ വയ്ക്കാൻ കൊള്ളില്ലെങ്കിലും കഴിക്കാതെ മറ്റ് മാർഗമില്ലല്ലോ. പാചകം ചെയ്ത മീൻ ക‌ഷ്‌ണത്തിന് ഗുണവും മണവും സ്വാദും ഇല്ലെങ്കിൽ ഉറപ്പിക്കാം കഴിച്ചത് ആഴ്ചകളോളം കേടുവരാതെ സൂക്ഷിക്കാൻ പ്രയോജനപ്പെടുന്ന ഫോർമാലിൻ കലർത്തിയ മീനാണെന്ന്. ഒരു ദിവസം പോലും മീൻകൂട്ടാതെ ചോറിറങ്ങാത്ത മലയാളികൾ പിന്നെയും ഇത്തരം മീനുകൾ തന്നെ വാങ്ങുകയും കറിവച്ച് കഴിക്കുകയും ചെയ്യുന്നു. ഈ ദൗർബല്യത്തെ പരമാവധി ചൂഷണം ചെയ്ത് ഫോർമാലിൻ മീൻ വില്പനക്കാർ സാമ്പത്തികലാഭം കൊയ്തുകൊണ്ടേയിരിക്കുന്നു.

 


ഇതുകൂടി വായിക്കൂ:  കരകയറാനാവാതെ ചെറുകിട ഉല്പാദക മേഖല


മത്തിയും അയലയും രുചിയുള്ള മീനുകളാണ്. എന്നാൽ ഈ മീനുകളുടെ യഥാർത്ഥ രുചിയും മണവും ഫോർമാലിൻ തരംഗത്തിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഏറ്റവും സ്വാദുള്ള മീനായി പഴമക്കാർ ഇപ്പോഴും പറയാറുള്ളത് മത്തിയെക്കുറിച്ചാണ്. മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും മത്തിയാണ്. എന്നാൽ മത്തിക്ക് പണ്ടുണ്ടായിരുന്ന രുചി ഇന്നില്ലെന്ന് എല്ലാവർക്കുമറിയാം. എന്താണ് അതിന്റെ കാരണമെന്ന് വ്യക്തവുമാണ്. അതുപോലെ അയലക്കും പഴയ രുചിയില്ല. പാര, കട്‌ല തുടങ്ങിയ പല മീനുകളും ഒരു കാലം വരെ രുചിയുള്ളവയായിരുന്നു. ഇവയുടെ സ്വാദും ഫോർമാലിൻ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വിവിധയിനം കടൽ മത്സ്യങ്ങളുടെ സ്വാഭാവികരുചി നഷ്ടപ്പെടുത്തി ഏതുവിധേനയും പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രം മീൻവില്പന നടത്തുന്നവരായി ഒരു പറ്റം ആളുകൾ മാറിയിരിക്കുന്നു. മനുഷ്യരെ ആരോഗ്യം ക്ഷയിപ്പിച്ച് രോഗികളാക്കി ഇഞ്ചിഞ്ചായി കൊല്ലുന്ന കൊടും ക്രൂരതയാണ് ഇവർ ചെയ്യുന്നത്.

 


ഇതുകൂടി വായിക്കൂ: പദ്ധതി പ്രഖ്യാപനങ്ങളിലെ പക്ഷപാതിത്വവും രാഷ്ട്രീയവും


പ്രതിദിനം ലോഡുകണക്കിന് മത്സ്യങ്ങളാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നത്. മായം കലർത്താത്ത മത്സ്യങ്ങളെക്കാൾ അമോണിയ, ഫോർമാലിൻ തുടങ്ങിയ രാസപദാർത്ഥങ്ങൾ അടങ്ങിയ മത്സ്യങ്ങളാണ് വില്പനയ്ക്കെത്തുന്നതെന്ന സംശയം അസ്ഥാനത്തല്ല. കാരണം നല്ല മീനുകൾ സുലഭമല്ലാതിരുന്നിട്ട് നാളുകൾ ഏറെയായി. മത്സ്യങ്ങളിൽ മായം കലർത്തിയിട്ടുണ്ടോയെന്ന് വേഗത്തിൽ പരിശോധന നടത്താനുള്ള സംവിധാനം നിലവിലില്ല. പിടിച്ചെടുത്ത മത്സ്യങ്ങൾ ലാബുകളിൽ പരിശോധിക്കുന്നതാണ് നിലവിലെ രീതി. ഇതിന്റെ ഫലങ്ങൾ ദിവസങ്ങൾ കഴിഞ്ഞാണ് പുറത്തുവരുന്നത്. മായം ചേർത്തതാണോ അല്ലയോ എന്നറിയാതെയാണ് മത്സ്യമാർക്കറ്റുകളിൽ നിന്ന് സാധാരണക്കാർ മത്സ്യം വാങ്ങുന്നത്. മത്സ്യങ്ങളിൽ മായം ചേർക്കുന്നത് തുറമുഖങ്ങളിൽ നിന്നാണോ അതോ വിപണിയിൽ നിന്നാണോ എന്ന് മനസിലാക്കാൻ സാധിക്കാത്തതും മറ്റൊരു പ്രശ്നമാണ്. മത്സ്യം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഐസ് വഴി മായം കലർത്തുന്നുണ്ടോയെന്ന സംശയം ഉയരുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാൻ സാധിക്കുന്നില്ല. വിഷമീനുകളാണ് വില്പനയ്ക്കെത്തുന്നതെന്ന് കണ്ടുപിടിക്കാൻ സ്ഥിരമായ സംവിധാനം ഇല്ലാത്തത് ഗുരുതരമായ പോരായ്മയാണ്.


ഇതുകൂടി വായിക്കൂ:  കടൽമത്സ്യങ്ങൾക്ക് കടുത്ത‍ ക്ഷാമം


മത്സ്യത്തിൽ കലർത്തുന്ന രാസപദാർത്ഥങ്ങളിൽ ഏറ്റവും അപകടകാരി ഫോർമാലിൻ തന്നെയാണ്. ഫോർമാലിൻ അടങ്ങിയ മീനുകളുടെ ഉപയോഗം മനുഷ്യരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ വരുത്തുന്നുവെന്നാണ് ഇതുസംബന്ധിച്ച പഠനങ്ങൾ തെളിയിക്കുന്നത്. ഫോർമിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയാറാക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. മനുഷ്യ ശരീരം കേടുകൂടാതെ സൂക്ഷിക്കാനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വിവിധ ശരീര ഭാഗങ്ങൾ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോർമാലിൻ ലായനിയിലാണ്. ഇത്ര അളവാണെങ്കിൽ പോലും ഇത് കുറേക്കാലം കേടുകൂടാതെയിരിക്കുമെന്നതാണ് വസ്തുത. മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നത് ഫോർമാലിൻ ലായനിയിലാണ്. ഇതിൽ ആറുമാസത്തിൽ കൂടുതൽ മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും. മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഫോർമാലിനാണ്. കഴിക്കുന്ന മീനിനൊപ്പം ഫോർമാലിൻ കൂടി ശരീരത്തിനുള്ളിൽ കടന്നാൽ ആന്തരികാവയവങ്ങൾക്ക് വരെ തകരാറ് സംഭവിക്കാം.


ഇതുകൂടി വായിക്കൂ: മത്സ്യത്തൊഴിലാളികള്‍ വള്ളവും വലയും വില്‍ക്കുന്നു


ഈ രാസപദാർത്ഥം ചെറിയ അളവിലാണെങ്കിൽ കൂടി ശരീരത്തിനുള്ളിലെത്തിയാൽ വിഷമായി പ്രവർത്തിക്കും. തുടർച്ചയായി ഇത്തരത്തിൽ ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ ഉള്ളിൽ ചെന്നാൽ കാലക്രമേണ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനങ്ങളും നിലയ്ക്കുമെന്നും കാൻസർ പോലെയുള്ള മാരകമായ രോഗങ്ങൾ പിടിപെടുമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വ്യാജമദ്യ ദുരന്തങ്ങൾ പോലെ വിഷമീനുകൾ കഴിച്ച് കൂട്ടമരണങ്ങൾ സംഭവിക്കുന്ന സ്ഥിതി ഭാവിയിൽ ഉണ്ടാകാം. അതുകൊണ്ട് വിഷമീനുകൾ നൽകി ആളുകളെ ഇഞ്ചിഞ്ചായി കൊല്ലുന്ന സാമൂഹ്യദ്രോഹികൾക്കെതിരെ ക്രിമിനൽ കേസുകളെടുത്ത് കടുത്ത ശിക്ഷ നൽകുന്ന നിയമസംവിധാനം ഇവിടെയുണ്ടാകണം. മായം കലരാത്ത ഭക്ഷണം കഴിക്കാനുള്ള പൗരൻമാരുടെ അവകാശം സംരക്ഷിക്കപ്പെടണം. ഭക്ഷ്യസുരക്ഷാവിഭാഗം നിഷ്ക്രിയത്വം അവസാനിപ്പിച്ച് രാസപദാർത്ഥങ്ങൾ അടങ്ങിയ മീനുകൾ വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സ്ഥിരം പരിശോധനാ സംവിധാനം ഏർപ്പെടുത്തണം. പൗരൻമാരുടെ ജീവനും ആരോഗ്യവും സംരക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ ഏറ്റവും വലിയ ഉത്തവാദിത്തമാണ്. പണം കൊടുത്ത് രോഗവും മരണവും സ്വീകരിക്കേണ്ട ദയനീയാവസ്ഥയിൽ ഒരു പൗരനും എത്തിപ്പെടരുത്. ഉണർന്ന് പ്രവർത്തിച്ചേ മതിയാകൂ.

ടി കെ പ്രഭാകരന്‍
കല്ലുമാളം ഹൗസ്
ഹരിപുരം പിഒ
കാസര്‍കോട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.