28 March 2024, Thursday

വീണ്ടും ബന്ദിയാക്കപ്പെടുന്ന നമ്മൾ

രമേശ് ബാബു
മാറ്റൊലി
January 28, 2022 5:11 am

കോവിഡ് മൂന്നാം തരംഗം ഒരു സ്ഥിതിയും യാഥാർത്ഥ്യവുമായതോടെ നിയന്ത്രണ നടപടികളുടെ ഭാഗമായി കേരളവും ലോക്ഡൗണിന് സമാനമായ അവസ്ഥയിലേക്ക് കടന്നിരിക്കുകയാണ്. ഒന്നാം തരംഗവും രണ്ടാം തരംഗവും അഭിമുഖീകരിക്കേണ്ടിവന്നതോടെ കോവിഡിനൊപ്പം ജീവിക്കുകയല്ലാതെ മറ്റ് വഴികളില്ലായെന്ന ബോധ്യം ലോകമാകെ പടർന്നിരിക്കുന്നു. ചികിത്സയും പ്രതിരോധവും ശക്തമാക്കി ജീവിതത്തെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മൂന്നാം തരംഗത്തിന്റെ ആവിർഭാവം. ആസുരമായൊരു കാലം തീർത്ത കേട്ടുകേൾവിയില്ലാത്ത സാഹചര്യങ്ങൾ ശീലിച്ചും ഉൾക്കൊണ്ടും വരുന്നതിനിടയിലാണ് സമൂഹജീവിതത്തെയാകെ തകിടംമറിച്ചുകൊണ്ട് വീണ്ടും കോവിഡ് വകഭേദങ്ങൾ സാന്നിധ്യമറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ തരംഗങ്ങളിൽ വലിയൊരു വിഭാഗം ജനങ്ങൾക്കും ഉപജീവനമാർഗം നഷ്ടപ്പെട്ടിരുന്നു. ചിലർക്ക് സാരമായ നഷ്ടങ്ങളുണ്ടായി. ആരോഗ്യപരമായ ഭീഷണികൾക്ക് പുറമെ സാമൂഹികവും സാമ്പത്തികവും മാനസികവുമായ പ്രതിസന്ധികൾ ജീവിതത്തിന് നേരിടേണ്ടിവന്നു. എങ്കിലും അതിജീവനം മനുഷ്യപ്രകൃതമാകയാൽ പ്രതിസന്ധികളെ തരണം ചെയ്തുവരുന്നതിനിടയിലാണ് മഹാമാരി തീരാബാധപോലെ വീണ്ടും പിടിപെട്ടിരിക്കുന്നത്.

 

Covid

കോവിഡ് വ്യാപനത്തിൽ ഒരു മൂന്നാംതരംഗം 2021ൽ തന്നെ പ്രവചിക്കപ്പെട്ടിരുന്നതാണ്. 2022 ജനുവരിയിൽ കോവിഡ് കേസുകളിൽ വൻ ‍വർധനവ് പ്രതീക്ഷിക്കാമെന്ന് ഹെെദരാബാദ് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഡോ. സംബിത്ത് പ്രവചിച്ചിരുന്നു. മുൻപ് ഉണ്ടായിരുന്നപോലെ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം ഇത്തവണ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാമെന്നും 2021ൽ അദ്ദേഹം സൂചിപ്പിച്ചിരുന്നു. 2022ന്റെ തുടക്കത്തിൽ മൂന്നാം തരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ കോവിഡ് 19 സൂപ്പർ മോഡൽ കമ്മിറ്റിയും മാസങ്ങൾക്ക് മുന്നേ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ കോവിഡിന്റെ മൂന്നാം തരംഗം അപ്രതീക്ഷിതമായ ഒരു കടന്നുവരവല്ല. എന്നാൽ അതിന്റെ വ്യാപന തീവ്രത നിശ്ചയിക്കുന്നത് നമ്മൾ മാത്രമായിരിക്കുമെന്നും വെെറോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടിയിരുന്നു. നമ്മൾ ക്ഷണിച്ചെങ്കിൽ മാത്രമെ മൂന്നാം തരംഗം ശക്തമായി സംഭവിക്കൂവെന്നും അത് തീർത്തും മനുഷ്യരുടെയും വെെറസിന്റെയും ഇടപെടലിന് അനുസരിച്ചായിരിക്കും എന്നാണ് സയൻസ് ആന്റ് ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ബയോടെക്നോളജി വിഭാഗം മേധാവി രേണു സ്വരൂപ് സൂചിപ്പിച്ചിരുന്നത്.

ലോകരാഷ്ട്രങ്ങളിൽ എന്നപോലെ ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും മൂന്നാം തരംഗവ്യാപനം ശക്തമാണെങ്കിലും മുൻ തരംഗങ്ങളുടെ ഭീതി ജനിപ്പിക്കപ്പെടുന്നില്ല. കാരണം രണ്ടാം തരംഗത്തിൽ നടന്ന അത്ര‍യും മരണമോ ഗുരുതര രോഗലക്ഷണങ്ങളൊ ഇത്തവണ സംഭവിക്കുന്നില്ല. രോഗബാധിതരിലേറെപ്പേരും രോഗലക്ഷണങ്ങൾ കാട്ടുകയോ രോഗസാന്നിധ്യം അറിയുകയോ ചെയ്യുന്നില്ല. ഇത്തവണ അടച്ചിരിപ്പും മറ്റ് നിയന്ത്രണങ്ങളും പല രാജ്യങ്ങളും അത്ര കർക്കശവുമാക്കുന്നില്ല. കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് 2022 സാമ്പത്തികവർഷത്തെ പ്രതികൂലമായി ബാധിക്കുമെന്നും വൻ സാമ്പത്തിക പ്രതിസന്ധികൾക്ക് വഴിയൊരുക്കുമെന്ന ആശങ്കകളിൽ നിന്നായിരിക്കാം ഈ മൃദുസമീപനങ്ങൾ. അർഹതയുള്ളവയെ അതിജീവിക്കാൻ വിടുന്നതുപോലെയാണ് ചില ലോകരാഷ്ട്രങ്ങൾ മൂന്നാം തരംഗത്തെ സമീപിച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കൂ:  കോവിഡ് നിര്‍ണായക ഘട്ടത്തിലെന്ന് ഡബ്ല്യുഎച്ച്ഒ


കേരളത്തിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കേരളത്തിലെ ആരോഗ്യ സംവിധാനത്തിൽ ഗുരുതരമായ വിള്ളൽ സൃഷ്ടിക്കാൻ പോന്ന തരത്തിലാണ് ഇവിടെ മൂന്നാം തരംഗവ്യാപനം. ഇതിന് പല ഘടകങ്ങൾ കാരണമാണ്. കേരളത്തിന്റെ ജനസാന്ദ്രതയും ചലനാത്മകമായ ജനജീവിതവും രോഗവ്യാപനത്തിന് വലിയതോതിൽ വഴിയൊരുക്കുന്നു. ആരോഗ്യ സംരക്ഷണ കാര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങളിലും രാജ്യത്തെ ഇതര സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിന്റെ ജനബാഹുല്യം അകലപാലന നിയമങ്ങളൊക്കെ പലപ്പോഴും അസാധ്യമാക്കുന്നുണ്ട്. ഇത് ഏത് സാംക്രമികരോഗത്തിനും വേഗത്തിൽ പടരാനുള്ള അവസരം സൃഷ്ടിക്കുന്നു. സാക്ഷരത, ജനാധിപത്യബോധം, മൗലികാവകാശങ്ങളെക്കുറിച്ചുള്ള ധാരണ, സ്വാതന്ത്ര്യചിന്ത, രാഷ്ട്രീയ അവബോധം ഇവയൊക്കെ കൂടുതലുള്ള കേരളീയ ജനത ഈ ദിശയിലുള്ള കൂട്ടുചേരലും സമ്മേളിക്കലും ആരോഗ്യത്തെ കരുതി നിയന്ത്രിക്കണമെന്നാണ് വർത്തമാനകാല പരിണതികൾ മുന്നറിയിപ്പ് തരുന്നത്. കൊറോണ പോലുള്ള വെെറസുകൾ ഉടനെയൊന്നും രംഗമൊഴിയില്ലെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. അരങ്ങൊഴിയാൻ മടിക്കുന്ന മഹാമാരികളുടെയും സാംക്രമിക രോഗങ്ങളുടെയും ഇടയിൽ ജീവിക്കുന്നതിന്, കേരളം പുതിയൊരു ക്രമം രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. അതിന് ആരോഗ്യമേഖലക്ക് അഞ്ച് ശതമാനത്തിലേറെ ജിഡിപി മാറ്റിവയ്ക്കണമെന്നും പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ശക്തമായ പഠനങ്ങൾ തുടരണമെന്നും പഠനങ്ങൾക്ക് അനുസൃതമായി ചികിത്സാ നിർദേശങ്ങൾ നവീകരിക്കപ്പെടണമെന്നുമാണ് വിദഗ്ധർ പറയുന്നത്. ലോകാരോഗ്യസംഘടന നിർദേശിക്കുന്നത് മഹാമാരിയുടെ നിയന്ത്രണവും ചികിത്സയും കൂടുതൽ വികേന്ദ്രീകരിക്കണമെന്നാണ്.


ഇതുകൂടി വായിക്കൂ:  നിപ്പ വന്നെങ്കിലും കൊറോണയെ മറക്കരുത്


കഴിഞ്ഞ രണ്ട് വർഷമായി സ്തംഭിച്ചുപോയ ജീവിതത്തിന്റെ സമസ്ത മേഖലകളും പുനരുജ്ജീവനത്തിലേക്ക് വരുന്നതിനിടയിലാണ് വീണ്ടും പ്രതിസന്ധികൾ ഉടലെടുക്കുന്നത്. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വലിയ ആഘാതമാണ് ഇവ സൃഷ്ടിക്കുന്നത്. പുതിയ കാലത്തിനും ഇനി വരാനിരിക്കുന്ന കാലത്തിനും അനുയോജ്യമായ പദ്ധതികളും വികസന പരിപാടികളും നിലനില്പിനായി കേരളം ഒത്തൊരുമിച്ച് രൂപപ്പെടുത്തേണ്ടതുണ്ട്. വൻകിട പദ്ധതികൾക്കായി പങ്കുവയ്ക്കാൻ കേരളത്തിന് മണ്ണോ, മരമോ, ജലമോ ഇനി അധികമില്ല. ഉള്ളത് മനുഷ്യവിഭവശേഷി മാത്രമാണ്. ഉയർന്ന മനുഷ്യമൂലധനവും കുടിയേറ്റ നിരക്കുമുള്ള കേരളത്തിന് ആഗോളതലത്തിൽ സുപ്രധാന അവസരങ്ങൾ നല്കുന്നത് നമ്മുടെ സാക്ഷരതയാണ്. ഡിജിറ്റൽ സാക്ഷരതയിലും കേരളം മുന്നിലാണ്. കോവിഡ് പ്രതിരോധത്തിലും ഡിജിറ്റൽ സാങ്കേതികതയെ കേരളം വലിയ തോതിലാണ് പ്രയോജനപ്പെടുത്തിയത്. കേരളത്തിന്റെ ഭാവി ജനതയുടെ ആരോഗ്യ സംരക്ഷണത്തിനായി അടിസ്ഥാനപരമായി സംരക്ഷിക്കപ്പെടേണ്ടത് പരിസ്ഥിതിയെയാണ്. 2018ൽ ഉണ്ടായ പ്രളയം 483 പേരുടെ ജീവനെടുക്കുകയും 40,000 കോടിയുടെ ചെലവ് വരുത്തുകയും 14.5 ലക്ഷം ആളുകളെ മാറ്റിപാർപ്പിക്കാനും ഇടയാക്കി. ഇത് വരുത്തിവച്ച സാമ്പത്തിക ആരോഗ്യ മാനസിക പ്രശ്നങ്ങളിൽ നിന്ന് സംസ്ഥാനം കരകയറുന്നതിനിടയിലാണ് രോഗതരംഗങ്ങൾ ഒന്നിനുപുറകെ എത്തുന്നത്. ഈ ഇത്തിരിപോന്ന മണ്ണിൽ ഇത്രയും ജനത്തിന് ആരോഗ്യത്തോടെ അധിവസിക്കണമെങ്കിൽ പരിസ്ഥിതി സംരക്ഷണമല്ലാതെ മറ്റ് വഴികളില്ല. മലീമസമായ അന്തരീക്ഷം രോഗാണുക്കൾക്ക് എന്നും വിളനിലമായിരിക്കും.

മാറ്റൊലി

കേരളത്തിന്റെ ഭാവി ജനതയുടെ ആരോഗ്യ സംരക്ഷണത്തിന് അടിസ്ഥാനപരമായി സംരക്ഷിക്കപ്പെടേണ്ടത് പരിസ്ഥിതിയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.