12 June 2024, Wednesday

Related news

January 31, 2024
January 28, 2024
September 14, 2023
September 14, 2023
September 14, 2023
September 13, 2023
September 13, 2023
September 13, 2023
September 12, 2023
September 11, 2023

ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി; “ഈ കൈകൾ ശുദ്ധം”

പ്രത്യേക ലേഖകൻ
തിരുവനന്തപുരം
January 31, 2024 11:12 pm

തനിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ നിയമസഭയിൽ പ്രതികരിച്ച് മുഖ്യമന്ത്രി. “ഈ കൈകൾ ശുദ്ധമാണ്”.
ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി ദീര്‍ഘമായിരുന്നു. ഒടുവിലാണ് മുഖ്യമന്ത്രി തനിക്കെതിരായ തുടർച്ചയായ ആക്ഷേപങ്ങളോട് ഏറെ വികാരഭരിതനായി പ്രതികരിച്ചത്. “ബിരിയാണിചെമ്പ്, സിംഗപ്പൂർ യാത്ര, ടെക്നിക്കാലിറ്റി, കമല ഇന്റർനാഷണൽ, കൊട്ടാരം പോലുള്ള വീട്, നാടുമുഴുവൻ സ്ഥലം അങ്ങനെ എന്തെല്ലാമായിരുന്നു”. 

“നേരത്തേ ഭാര്യയെ കുറിച്ചായിരുന്നു. ഇപ്പോൾ മകളിലേക്ക് എത്തിയിട്ടുണ്ട്. മകൾ ബംഗളൂരുവിൽ കമ്പനി തുടങ്ങിയത്, എന്റെ ഭാര്യ, അവളുടെ അമ്മ റിട്ടയർ ചെയ്തപ്പോൾ കിട്ടിയ കാശ് കൊണ്ടാണ്, അത് ബാങ്കിൽ നിന്ന് എടുത്ത് കൊടുക്കുകയായിരുന്നു. നീ പോയിട്ട് നിന്റെതായ കമ്പനി തുടങ്ങ്. സ്വന്തമായിട്ട്, ചെറിയ കമ്പനി തുടങ്ങിയാ മതി, എന്ന് പറഞ്ഞിട്ട് തുടങ്ങുകയായിരുന്നു” മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് ഇത്തരം ആരോപണങ്ങൾ കേൾക്കുമ്പോൾ ഒരു മാനസിക കുലുക്കവും ഉണ്ടാകില്ല, പിണറായി വിജയൻ പറഞ്ഞു. മനഃസമാധാനമാണ് പ്രധാനം. നിങ്ങൾ മനഃസമാധാനത്തിന് നിരക്കുന്ന കാര്യങ്ങൾ മാത്രമേ ചെയ്യാവൂ. തെറ്റ് ചെയ്തെങ്കിൽ മനഃസമാധാനം ഉണ്ടാകില്ല. ബാക്കിയെല്ലാം കേൾക്കുമ്പോഴും തെറ്റായ കാര്യങ്ങൾ നമ്മളെ കുറിച്ച് പറയുന്നത് കേൾക്കുമ്പോഴും ഉള്ളാലെ ചിരിച്ചുകൊണ്ട് അത് കേൾക്കാൻ പറ്റും. ഉള്ളാലെ ചിരിച്ചുകൊണ്ട് കേൾക്കാൻ പറ്റുന്ന മാനസികാവസ്ഥയിലാണ് ഞാൻ. ഒന്നും എന്നെ ഏശില്ല. ഏശാത്തത് ഇതുകൊണ്ടുതന്നെയാണ്. അതൊരു അഹംഭാവം പറച്ചിലൊന്നുമല്ല. ഈ കൈകൾ ശുദ്ധമാണ്. അതുകൊണ്ടാണ്. അതാരുടെ മുന്നിലും പറയാൻ കഴിയും. അൽപ്പം തലയുയർത്തി തന്നെ പറയാൻ കഴിയും, മുഖ്യമന്ത്രി പിണറായി പറഞ്ഞു. 

സംസ്ഥാനത്ത് ഈ ടീമിനെ നയിക്കുന്നത് ഞാനാണല്ലോ, മുന്നിൽ നിൽക്കുന്നത് ഞാനാണ്. നിങ്ങൾക്ക് പറയാനുള്ളത് പറയ്, അത് ജനങ്ങൾ സ്വീകരിക്കുമോ എന്ന് നമുക്ക് നോക്കാം. മുഖ്യമന്ത്രി പറഞ്ഞുനിറുത്തി സീറ്റിലേക്ക് ഉറച്ച് ചാഞ്ഞിരുന്നു.
പ്രധാനമന്ത്രിയുമായി സൗഹൃദമെന്ന ആരോപണത്തിലാണ് മുഖ്യമന്ത്രി പറഞ്ഞു തുടങ്ങിയത്. പ്രധാനമന്ത്രി വന്നപ്പോൾ മുഖ്യമന്ത്രിയെന്ന നിലയിൽ സ്വീകരിച്ചു. പരസ്പരം തൊഴുതു. നേരത്തെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും മോഡിയെ സ്വീകരിച്ചത് അങ്ങനെയല്ലേ, നമ്മളൊക്കെ മനുഷ്യരല്ലേ, മനുഷ്യരെന്ന നിലയില്‍ ബന്ധങ്ങളുണ്ടാകില്ലേ. തിരുവനന്തപുരം യാത്രയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വിമാനത്തിൽ വച്ച് കണ്ടുമുട്ടിയപ്പോഴും ചിരിച്ചു, കുശലം ചോദിച്ചു. പക്ഷെ അദ്ദേഹം പുറത്തിറങ്ങി പറഞ്ഞതെന്താ“നാണമില്ലാത്ത മനുഷ്യൻ, എന്നെ കണ്ടപ്പോൾ ചിരിക്കുന്നു” എന്നാണ്. 

മോഡിയെ കണ്ടപ്പോൾ സാധാരണ മര്യാദയാണ് കാട്ടിയത്. അത് ഭയന്നത് കൊണ്ടല്ല, ഞാൻ തൊഴുതല്ലേയുള്ളു. അല്ലാതെ രാഹുൽഗാന്ധി കാണിച്ചത് പോലെ കാട്ടിയില്ലല്ലോ. ഇവിടെ പ്രസംഗിച്ചിട്ട് പ്രതിപക്ഷ നേതാവ് എന്നെ വന്ന് കെട്ടിപ്പിടിച്ചാൽ എങ്ങനിരിക്കും. മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് ചോദിച്ചു.
ഗവർണർക്ക് സംഘപരിവാറുകാരൻ സ്റ്റാഫിനെ വേണമെന്ന് പറഞ്ഞു. ഒരാൾക്ക് ഒരു പ്രത്യേക സ്റ്റാഫിനെ വേണമെന്ന് പറയുമ്പോൾ മര്യാദയനുസരിച്ച് എങ്ങനെയാണ് നിഷേധിക്കുക. പ്രതിപക്ഷ നേതാവ് ചിലരെ സ്റ്റാഫായി വയ്ക്കുമ്പോൾ നിഷേധിക്കാറില്ലല്ലോ, പ്രതിപക്ഷ നേതാവിനെക്കാൾ വലുതല്ലേ ഗവർണർ. അതെങ്ങനെ ഒത്തുകളിയാകും. മുഖ്യമന്ത്രി ചോദിച്ചു. ഇതൊന്നും ഭയന്നതുകൊണ്ടോ മുട്ട് കൂട്ടി അടിച്ചതു കൊണ്ടോ അല്ല.
നാടിന്റെ പ്രശ്നങ്ങള്‍ നാട്ടുകാരറിയണം, തിരിച്ചും. അതായിരുന്നു നവകേരള സദസിന്റെ ലക്ഷ്യം. അത് രാഷ്ട്രീയ പരിപാടിയായല്ല കണ്ടത്. അതു കൊണ്ടാണല്ലോ യുഡിഎഫ് നേതൃത്വവുമായി ബന്ധപ്പെട്ടത്. നവകേരള സദസിന്റെ വിജയവുമായി ബന്ധപ്പെട്ട് ജനങ്ങളെ ആക്ഷേപിക്കേണ്ടതില്ല. ഞങ്ങളെ ആക്ഷേപിക്കാം, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Chief Min­is­ter’s reply to alle­ga­tions; “These hands are clean”

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.