23 May 2024, Thursday

Related news

December 27, 2023
July 11, 2023
April 17, 2023
April 16, 2023
April 9, 2023
April 9, 2023
March 3, 2023
February 19, 2023

അതിക്രമങ്ങൾക്കെതിരായ ക്രിസ്ത്യൻ പ്രതിഷേധം

പി ദേവദാസ്
March 3, 2023 4:45 am

ഫെബ്രുവരി 19ന് രാജ്യതലസ്ഥാനത്ത് നിരവധി ക്രിസ്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത് വലിയൊരു പ്രതിഷേധം നടക്കുകയുണ്ടായി. ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യമായിരുന്നു മുഖ്യമായി ഉന്നയിച്ചത്. ചില കേന്ദ്ര മന്ത്രിമാരുടെയും ഗവർണർമാരുടെയും ഇടനിലയിൽ സംഘ്പരിവാറുമായി സംഘം ചേരുന്നതിനുള്ള ചർച്ചകൾ നടത്തുന്ന ക്രിസ്ത്യൻ സംഘടനകൾ ഇക്കാര്യം ശ്രദ്ധിക്കണം. നിക്ഷിപ്ത താല്പര്യ സംരക്ഷണത്തിനായി ചിലരെങ്കിലും അത്തരം നീക്കങ്ങൾ നടത്തുന്നുവെന്ന വാർത്തകളുണ്ടായിരുന്നതാണ്. അത്തരമൊരു പശ്ചാത്തലം നിൽക്കുമ്പോഴാണ്, ഉത്തരേന്ത്യയിലെ ഭൂരിഭാഗം ക്രിസ്ത്യൻ സംഘടനകളും പങ്കെടുത്ത പ്രതിഷേധത്തിൽ അവർ ഉന്നയിക്കുന്ന അതിക്രമ വിഷയങ്ങളിൽ മുഖ്യമായും പ്രതിസ്ഥാനത്ത് സംഘ്പരിവാർ സംഘടനകൾ കുറ്റാരോപിതരായി നിൽക്കുന്നത്. ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ, മൃതദേഹങ്ങൾ മറവു ചെയ്യുന്നത് അനുവദിക്കാതിരിക്കുക, അറസ്റ്റ്, ജയിൽവാസം എന്നിങ്ങനെയുള്ള അതിക്രമങ്ങൾ കാരണം പലായനം ചെയ്യേണ്ട സ്ഥിതിയാണ് പല ഉത്തരേന്ത്യൻ ഗ്രാമങ്ങളിലുമെന്നാണ് പ്രതിഷേധത്തിൽ പങ്കെടുത്തവർ പറഞ്ഞത്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള സഹായങ്ങളും ലഭിക്കുന്നില്ല. പല സംസ്ഥാനങ്ങളിലെയും പ്രത്യേകിച്ച് ബിജെപി ഭരണമുള്ള പ്രദേശങ്ങളിലെ സ്ഥിതി ഇതാണ്.

കഴിഞ്ഞ നവംബറിൽ ഛത്തീസ്ഗഢിലെ കാൻകർ ജില്ലയിൽ വാഹനാപകടത്തിൽ മരിച്ച ക്രിസ്തുമതത്തിൽപ്പെട്ട ആളുടെ മൃതദേഹം സംസ്കരിക്കുന്നതിന് നേരിടേണ്ടിവന്ന പ്രയാസം ചെറുതായിരുന്നില്ല. പൊതു ശ്മശാനവും സാമുദായിക ശ്മശാനവും ഇല്ലാത്തതിനാൽ മൃതദേഹം സ്വന്തം സ്ഥലത്ത് സംസ്കരിക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചത്. എന്നാൽ തൊട്ടടുത്തുള്ള ദേവിക്ക് അത് അതൃപ്തിയുണ്ടാക്കുമെന്ന് പറഞ്ഞ് പ്രദേശത്തെ ക്രിസ്ത്യൻ ഇതര ഗ്രാമീണർ രംഗത്തെത്തുന്ന സ്ഥിതിയുണ്ടായി. പ്രദേശത്തെ സാമൂഹ്യ പ്രവർത്തകരും മറ്റും ഇടപെട്ടാണ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്. 2022ൽ മാത്രം മൃതദേഹം സംസ്കരിക്കുന്നത് തടയപ്പെട്ട 23 സംഭവങ്ങളുണ്ടായെന്നാണ് സംഘടനകൾ പറയുന്നത്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) എന്ന സംഘടന സമാഹരിച്ച കണക്കുകൾ പ്രകാരം ഈ ന്യൂനപക്ഷ സമുദായത്തിനെതിരെ അതിക്രമങ്ങൾ ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിൽ അധികാരത്തിലെത്തിയ 2014നെ അപേക്ഷിച്ച് 2022ൽ 400ശതമാനത്തിന്റെ വർധനയുണ്ടായി. 2014ൽ 147 അക്രമ സംഭവങ്ങളുണ്ടായപ്പോൾ 2022ൽ അത് 598 ആയി. 2018ൽ ക്രിസ്ത്യൻ വിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും നേരെ 292, 2019ൽ 328 വീതം അക്രമ സംഭവങ്ങളുണ്ടായതെന്നാണ് പ്രസ്തുത കണക്കുകളിലുള്ളത്. 2020ൽ കോവിഡ് മഹാമാരിക്കാലത്തുപോലും 279 അക്രമങ്ങളുണ്ടായി. കഴിഞ്ഞ വർഷം അക്രമ സംഭവങ്ങളിൽ ഏറ്റവും കൂടുതലുമുണ്ടായത് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലായിരുന്നു. ആ വർഷം ആകെയുണ്ടായ 598ൽ 334ഉം നടന്നത് യുപിയിലായിരുന്നു.


ഇതുകൂടി വായിക്കൂ: ക്യൂബന്‍ നേട്ടങ്ങള്‍ ഉപരോധം വഴി നിരാകരിക്കുന്ന അമേരിക്ക


മതപരിവർത്തനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ക്രിസ്ത്യാനികൾക്കെതിരെ അക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ യുപിയിൽ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ക്രിസ്ത്യൻ വിഭാഗത്തിന്റെ നിരക്ക്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളും കേരളവും ഒഴികെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അഞ്ച് ശതമാനത്തിൽ താഴെയാണ് ഇവരുടെ ജനസംഖ്യാ പ്രാതിനിധ്യമെന്നാണ് ഫിയാകോന എന്ന സംഘടന തയ്യാറാക്കിയ കണക്കുകളിൽ പറയുന്നത്. വിദ്വേഷ കുറ്റകൃത്യങ്ങൾ മിക്കവാറും പല സംസ്ഥാനങ്ങളിലും നടക്കുന്നുണ്ടെങ്കിലും ഭയം ജനിപ്പിക്കുന്ന രീതിയിലുള്ളത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. മൊത്തത്തിൽ, 2022ൽ മൂന്ന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും 321 പേർ ശാരീരികമായി ആക്രമിക്കപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. 2022 മാർച്ച് 17 നായിരുന്നു ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ ഒരു ക്രിസ്ത്യൻ പാസ്റ്ററെ കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ചെത്തിയ 50 പേരടങ്ങുന്ന ജനക്കൂട്ടം അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. പാസ്റ്റർ ശങ്കർ താമസിച്ചിരുന്ന അങ്കംപള്ളി ഗ്രാമത്തിൽ ഹിന്ദു ഉത്സവമായ ഹോളിക ദഹൻ (തിന്മയുടെ മേൽ നന്മയുടെ ആഘോഷം) ആഘോഷിക്കുന്നതിനിടെയാണ് കൊലപാതകം നടന്നതെങ്കിലും മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവരാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും പൊലീസ് അവകാശപ്പെട്ടു.

പാസ്റ്റർ പൊലീസിന് വിവരം നൽകുന്നയാളാണെന്ന് മാവോയിസ്റ്റുകൾ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പാസ്റ്ററെ കൊലപ്പെടുത്തിയതിന്റെ കാരണങ്ങൾ പറഞ്ഞ് കൊലയാളികൾ ഉപേക്ഷിച്ചതെന്ന് പറയുന്ന ഒരു കത്തുപോലും പൊലീസ് പുറത്തുവിട്ടു. എന്നാൽ ഹിന്ദു തീവ്ര സംഘടനാ നേതാക്കളിൽ നിന്ന് അദ്ദേഹം ഭീഷണി നേരിട്ടിരുന്നു എന്നതുൾപ്പെടെയുള്ള യഥാർത്ഥ പ്രശ്നങ്ങൾ പരിശോധിക്കപ്പെട്ടില്ല. ക്രിസ്ത്യൻ വിശ്വാസം ഉപേക്ഷിച്ച് ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് ഹിന്ദു തീവ്ര സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടിരുന്നുവെന്നും അത് നടക്കാതെ വന്നപ്പോൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ക്രിസ്ത്യൻ സംഘടനാ നേതാക്കൾ പറയുന്നത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ തിങ്കളാഴ്ചയാണ് മലയാളികളായ പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്ത വാർത്ത പുറത്തുവന്നത്. മതപരിവർത്തനം ആരോപിച്ചാണ് സന്തോഷ് ജോൺ, ഭാര്യ ലിജി എന്നിവരെ അറസ്റ്റ് ചെയ്തത്. ഹിന്ദു സംഘടനകളുടെ പരാതിയെ അടിസ്ഥാനമാക്കിയായിരുന്നു അറസ്റ്റ്. വർഷങ്ങളായി മേഖലയിലുള്ള ഇരുവരും സാമൂഹ്യ പ്രവർത്തകരാണെന്നാണ് കൂടെയുള്ളവർ പറയുന്നത്. പക്ഷേ പേരിൽ ക്രിസ്ത്യാനിയായതുകൊണ്ട് പരാതിയും അറസ്റ്റുമുണ്ടായി. ഈ വിധത്തിൽ ഹിന്ദുത്വ സംഘടനകളിൽ നിന്നും പൊലീസിൽ നിന്നും ഒരു പോലെ പ്രശ്നങ്ങൾ നേരിടുന്നുവെന്ന സാഹചര്യത്തിലാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആയിരക്കണക്കിനാളുകൾ ഡൽഹിയിൽ പ്രതിഷേധവുമായെത്തിയത്. സാമൂഹ്യ പ്രവർത്തനം പോലും മതപരിവർത്തനം തുടങ്ങിയ സംശയം ഉന്നയിച്ച് തടയുകയും അക്രമിക്കുകയും ചെയ്യുകയെന്ന രീതിയാണ് പലപ്പോഴും അവലംബിക്കുന്നത്.


ഇതുകൂടി വായിക്കൂ:  ലോകാ സമസ്താ സുഖിനോ ഭവന്തു – ഏതു ലോകം?


ഭരണഘടന അംഗീകരിക്കുകയും സുപ്രീം കോടതി ഉൾപ്പെടെയുള്ള നീതിപീഠങ്ങൾ ആവർത്തിച്ച് ഉറപ്പിച്ചിട്ടും അതിക്രമങ്ങൾ നേരിടുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെയാകെ പ്രതിഷേധമാണ് യഥാർത്ഥത്തിൽ ഡൽഹിയിൽ മുഴങ്ങിക്കേട്ടത്. മേയ് മാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ മതപരിവർത്തനം ഉൾപ്പെടെ ആരോപിച്ച് ക്രിസ്ത്യൻ വിശ്വാസികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ബംഗളൂരു ആർച്ച് ബിഷപ്പിന്റേതായി വന്നിരിക്കുന്ന പ്രതികരണങ്ങളും ഈ പ്രതിഷേധത്തിന്റെ ഭാഗമാണ്. ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യ വിദ്യാഭ്യാസവും ചികിത്സാ സൗകര്യങ്ങളും ഒരുക്കുന്നതിന്റെ പേരിൽ മതപരിവർത്തനമെന്നപേരിൽ കേസെടുക്കുകയാണെങ്കിൽ ഇനിയും അത് തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ക്രിസ്ത്യൻ സ്കൂളുകളിൽ പഠിച്ച എത്ര കുട്ടികളുടെ മതം മാറ്റപ്പെട്ടിട്ടുണ്ട് എന്നതിന്റെ കണക്കുകൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഇങ്ങനെ ആ വിഭാഗത്തിൽ നിന്ന് ഉയരുന്നു പ്രതിഷേധം പല രൂപത്തിൽ പ്രകടിപ്പിക്കപ്പെടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.