27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 9, 2024
November 24, 2024
November 1, 2024
October 31, 2024
July 26, 2024
June 28, 2024
April 25, 2024
January 29, 2024
January 28, 2024

കാലാവസ്ഥാ വ്യതിയാനവും ഐപിസിസി റിപ്പോർട്ടും: വരുംതലമുറകളോട് യുദ്ധം ചെയ്യുവാൻ നമുക്കെന്തവകാശം

സജി ജോണ്‍
March 10, 2022 5:23 am

ഷ്യ‑ഉക്രെയ്ന്‍ യുദ്ധവും അത് ലോകസമാധാനത്തിനുമേൽ ഉയർത്തിയിട്ടുള്ള ഭീഷണിയുമാണ് ഇന്നെവിടെയും ചർച്ച ചെയ്യപ്പെടുന്നത്. രാജ്യത്തിന്റെ പരമാധികാരം ഉറപ്പാക്കുക, വിദേശ അധിനിവേശത്തെ ചെറുക്കുക, അയൽ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാഭീഷണി അവസാനിപ്പിക്കുക, വാണിജ്യ വ്യാവസായിക താല്പര്യങ്ങൾ സംരക്ഷിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് ഏതു യുദ്ധത്തിന്റെയും അടിസ്ഥാന കാരണമായി മാറുന്നത്. ഒരു പക്ഷെ യുദ്ധാനന്തര വിശകലനത്തിൽ ഈ ലക്ഷ്യങ്ങൾ പലപ്പോഴും വഴിമാറിപ്പോയതായി നമുക്ക് കണ്ടെത്താൻ കഴിഞ്ഞേക്കാം. യുദ്ധമല്ല പ്രശ്നങ്ങൾക്കുള്ള യഥാർത്ഥ പ്രതിവിധിയെന്ന് ഓരോ യുദ്ധചരിത്രവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്.

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം തുടങ്ങി അഞ്ചാം ദിവസമാണ് (ഫെബ്രുവരി 28), ഇന്റർ ഗവണ്മെന്റ് പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി), ആഗോള വ്യാപനവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച് തങ്ങളുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന് നിദാനമായ ആഗോള താപനം കുറയ്ക്കുവാൻ ലോകരാഷ്ട്രങ്ങൾ ചേർന്ന് 2015 — ൽ ഒപ്പുവച്ച പാരീസ് കരാർ വ്യവസ്ഥ ചെയ്തത്, ഈ നൂറ്റാണ്ടിലെ ആഗോള താപവർധന 1.5 മുതൽ രണ്ട് ഡിഗ്രി സെൽഷ്യസ് എന്ന പരിധിക്കുള്ളിൽ പിടിച്ചു നിത്തുകയെന്നതാണ്. ആഗോള താപനം 1.5 ഡിഗ്രിക്കു താഴെ പിടിച്ചുനിർത്താനായില്ലെങ്കിൽ, അത് എല്ലാ മേഖലകളിലും അപര്യഹാരമായ നാശത്തിനു ഇടയാക്കുമെന്നും പിന്നീടുള്ള തിരിച്ചുവരവ് ദുഷ്കരമാകുമെന്നും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കാർബൺ നിർഗമനം ഇന്നത്തെ നിലയിൽ തുടർന്നാൽ വരുന്ന രണ്ടു ദശാബ്ദങ്ങളിൽ, പ്രതീക്ഷിച്ചതിലും വലിയ ബഹുമുഖ ദുരന്തങ്ങൾ ലോകം അഭിമുഖീകരിക്കേണ്ടിവരുമെന്ന് റിപ്പോർട്ട് അടിവരയിട്ടു പറയുന്നു.

 


ഇതുകൂടി വായിക്കൂ: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കടുത്ത ആപത് സൂചന


 

ശരാശരി ആഗോള താപനിലയിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസംപോലും നമ്മുടെ ആവാസ വ്യവസ്ഥകളെ സാരമായി ബാധിക്കും. കാലാവസ്ഥാ വ്യതിയാനം ഗുരുതരമാകുന്നതോടെ, മൂന്നിലൊന്നോളം ഭൂപ്രദേശത്തു ശുദ്ധജല ലഭ്യത തീരെ ഇല്ലാതെയാകും. ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷ്യോല്പാദന മേഖലകൾ കൃഷിയിടങ്ങൾ അല്ലാതായി മാറും. സമുദ്ര ജലവിതാനം ഒരു മീറ്റർ ഉയർന്നാൽ തന്നെ ലോക ജനസംഖ്യയിലെ 10 ശതമാനം പേർ ഇപ്പോൾ അധിവസിക്കുന്ന ഭൂപ്രദേശങ്ങൾ വെളളത്തിനടിയിലാകും. മഴയുടെ ഏറ്റക്കുറച്ചിലുകളും വരൾച്ചയുമെല്ലാം തുടർച്ചയായി ലോകമെങ്ങും ആവർത്തിക്കപ്പെടുകയാണ്. 700 മില്യനിലധികം ജനങ്ങൾ ഇതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ അനുഭവിച്ചു വരുന്നു. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, വരൾച്ച തുടങ്ങിയ തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾക്കു വിധേയമാകുന്ന രാഷ്ട്രങ്ങളുടെ കണക്കു പരിശോധിച്ചാൽ, ഈ രാജ്യങ്ങളിലെ മരണനിരക്ക് കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ 15 മടങ്ങായാണ് വർധിച്ചിരിക്കുന്നത് എന്ന് കാണാവുന്നതാണ്. ലോകമെങ്ങുമുള്ള എല്ലാവിധ പ്രകൃതി ദുരന്തങ്ങളുടെയും 1979 മുതൽ 2019 വരെയുള്ള മരണക്കണക്കുകൾ പരിശോധിച്ചാൽ, ഏഴ് ശതമാനം മരണങ്ങൾക്കും കാരണമായിട്ടുള്ളത് വരൾച്ച മാത്രമാണ്. ആഫ്രിക്കയിൽ ഇത് 34 ശതമാനം വരെയാണ്.

79 കോടിയോളം (7.9 ബില്യൺ) വരുന്ന ലോകജനസംഖ്യയിൽ 330 കോടി (3.3 ബില്യൺ) ജനങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രാജ്യങ്ങളിലാണ് അധിവസിക്കുന്നത്. 180 കോടി ജനങ്ങൾ മാത്രമാണ് താരതമ്യേന സുരക്ഷിതമായ പ്രദേശങ്ങളിൽ വസിക്കുന്നത്. പരമ്പരാഗത ആവാസവ്യവസ്ഥകളോടു ചേർന്ന് ജീവിക്കുന്ന പ്രാദേശിക ജനവിഭാഗങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആദ്യത്തെ ബലിയാടുകൾ. സമുദ്രത്തിലെയും ശുദ്ധജല തടാകങ്ങളിലെയും ഉൾപ്പെടെ ഭൂമിയിലെ എല്ലാവിധ ആവാസ വ്യവസ്ഥകളെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിച്ചിട്ടുണ്ടെന്നു റിപ്പോർട്ട് പറയുന്നു. ഓരോ പത്തിലൊന്നു ഡിഗ്രി സെൽഷ്യസ് താപവർധനവ് പോലും അനിയന്ത്രിതമായ നഷ്ടങ്ങൾക്കിടവരുത്തും. താപനില 1.2 ഡിഗ്രി വർധനവിൽ എത്തുമ്പോൾ തന്നെ, സവിശേഷവും ഭീഷണി നേരിടുന്നതുമായ ആവാസ വ്യവസ്ഥകൾ ഭൂമുഖത്തു നിന്നും നശിച്ചുപോകുവാൻ അതു കാരണമായേക്കും. 1.6 ഡിഗ്രി താപവർധനവിൽ 10 ശതമാനം ജീവിവര്‍ഗങ്ങൾ വംശനാശഭീഷണി നേരിടുന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നേക്കാം. 2.1 ഡിഗ്രിയിൽ ഇത് 20 ശതമാനമായി ഉയരും. അഞ്ച് ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള അതിതീവ്ര താപനം നമ്മുടെ ജൈവവൈവിധ്യത്തെ ഭൂമിയിൽ നിന്നും വലിയതോതിൽ അപ്രത്യക്ഷമാക്കും. 2100-ഓടെ ആഗോള താപനം 2.5 ഡിഗ്രി വരെ ഉയരുവാൻ സാധ്യതയുള്ള ആഫ്രിക്കയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന ഉൾനാടൻ മത്സ്യവർഗങ്ങളിൽ 55 മുതൽ 68 ശതമാനം വരെ നശിച്ചു പോകാനിടയുണ്ട്. നീരൊഴുക്ക് തടസപ്പെടുന്നതുവഴി ശുദ്ധജല തണ്ണീർത്തടങ്ങളിലെ ആവാസ വ്യവസ്ഥകൾക്കു 42 മുതൽ 79 ശതമാനം വരെ നാശം സംഭവിക്കും. രണ്ട് ഡിഗ്രി താപനിലയിൽ 35 ശതമാനം ഭൂപ്രദേശങ്ങൾ കാട്ടുതീയിൽ വെന്തെരിയുവാനുള്ള സാധ്യതയും റിപ്പോർട്ട് പങ്കുവയ്ക്കുന്നു.

 


ഇതുകൂടി വായിക്കൂ: കാലാവസ്ഥാ വ്യതിയാനം; ഇന്ത്യ ദുരന്തമുഖത്ത്


 

കാർബൺ പ്രസരണത്തെ എത്രകണ്ട് പിടിച്ചുനിർത്തിയാലും തീരപ്രദേശങ്ങളിലെ തണ്ണീർത്തടങ്ങൾക്കെല്ലാം 2100 ഓടെ വലിയ നാശം സംഭവിക്കും. 2030 ആകുമ്പോഴേക്കും ആഫ്രിക്കയിലെ 11.6 കോടി ജനങ്ങൾ, ഉയരുന്ന സമുദ്ര ജലനിരപ്പിന്റെ തിക്തഫലങ്ങൾ അനുഭവിച്ചു തുടങ്ങും. ചെറുദീപുകളൊക്കെ ഈ കാലയളവോടെ സുരക്ഷിത പ്രദേശങ്ങൾ അല്ലാതെയായി മാറും. നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ഇത്തരം പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാകും. താപവർധനവ് 1.5 ഡിഗ്രി എത്തുമ്പോൾത്തന്നെ മഞ്ഞുമലകളിൽ മിക്കതും ഉരുകിത്തുടങ്ങും. ഏഷ്യൻ മഞ്ഞുമലകളിൽ 50–70 ശതമാനം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അപ്രത്യക്ഷമാകും. 1.5 ഡിഗ്രി താപനിലയിൽ വെള്ളപ്പൊക്ക കെടുതികൾക്കു വിധേയമാകുന്ന ലോകജനസംഖ്യ ഏതാണ്ട് 24 ശതമാനം ആയിരിക്കുമെന്നും രണ്ട് ഡിഗ്രി വർധനവിൽ അത് 30 ശതമാനമായി ഉയരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പാരിസ്ഥിതിക സംതുലിതാവസ്ഥ നിലനിർത്തി, ആഗോള ഭക്ഷ്യസുരക്ഷാ ഭീഷണിയെ നേരിടുന്നതിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ നാം പരാജയപ്പെട്ടിരിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ 50 വർഷത്തിനിടയിൽ ഭക്ഷ്യോല്പാദന വര്‍ധനവിന്റെ നിരക്കിൽ കുറവുണ്ടായത് ആശങ്കയ്ക്ക് വക നൽകുന്നതാണ്. ഉയർന്ന താപനില, മഴലഭ്യതയിലെ വ്യതിയാനം എന്നിവയ്ക്കു പുറമെ, വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ തീവ്രകാലാവസ്ഥാ പ്രതിഭാസങ്ങളുടെ ആവർത്തനം; കൃഷി, മത്സ്യബന്ധനം, മൃഗപരിപാലനം തുടങ്ങി എല്ലാ ഉല്പാദന മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഉത്തര-മധ്യ അമേരിക്കയിലെയും ആർട്ടിക് പ്രദേശങ്ങളിലെയും ചെറുദീപുകളിലെയും ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും പോഷകസുരക്ഷയും ഇതിനകം അപകടത്തിലായിട്ടുണ്ട്. സ്ത്രീകളും കുട്ടികളും പ്രായമുള്ളവരും കുറഞ്ഞ വരുമാനക്കാരും ആദിവാസി ജനവിഭാഗങ്ങളും മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്നവരുമൊക്കെയാണ് ഇതിന്റെ തിക്തഫലം കൂടുതലായി അനുഭവിക്കേണ്ടിവരുന്നത്.

 


ഇതുകൂടി വായിക്കൂ: കാലാവസ്ഥാ വ്യതിയാനം 50 ദശലക്ഷം ഇന്ത്യക്കാരുടെ നിലനില്പിന് ഭീഷണി


 

2050ഓടെ, ആഗോള കൃഷി-മൃഗ പരിപാലന മേഖലയിലെ 10 ശതമാനം പ്രദേശങ്ങൾ അതിന് അനുയോജ്യമല്ലാത്തതായി മാറും. 2100ൽ ഇത് 30 ശതമാനത്തിനു മുകളിലാകും. താപനില രണ്ട് ഡിഗ്രി സെൽഷ്യസിലും ഉയർന്നാൽ, അത് ഭക്ഷ്യോല്പാദന മേഖലയിൽ അപരിഹാര്യമായ നഷ്ടമായിരിക്കും സൃഷ്ടിക്കുന്നത്. ഉയരുന്ന ചൂടും അമ്ലാംശവും കാരണം, സമുദ്രജല മത്സ്യവളർത്തലും മത്സ്യബന്ധനവും നാൾക്കുനാൾ അപകടത്തിലാകുകയാണ്. തീവ്രകാലാവസ്ഥാ പ്രതിഭാസങ്ങളെ നേരിടേണ്ടിവരുന്ന ജനവിഭവങ്ങളുടെ പോഷകസുരക്ഷ അപകടത്തിലാകുന്നതോടെ, നിരവധി മാറാവ്യാധികൾക്കും അതു വഴിവയ്ക്കും. 2050 ആകുമ്പോഴേക്കും മലമ്പനി, വയറിളക്കം, പോഷകാഹാരക്കുറവ്, താപാഘാതം തുടങ്ങിയവമൂലം പ്രതിവർഷ മരണസംഖ്യ 2,50,000 വരെ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിൽ പകുതിയും ആഫ്രിക്കയിൽ ആയിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. ഏഷ്യയിലും ആഫ്രിക്കയിലും ഒരു ഡിഗ്രി താപവർധന, മൂന്ന് മുതൽ 11 ശതമാനം വരെ മരണനിരക്ക് ഉയരുന്നതിനു കാരണമാകും.

ചുരുക്കത്തിൽ, പ്രതീക്ഷിച്ചിരുന്നതിനേക്കാൾ കൂടുതലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗതിവേഗമെന്ന് ഐപിസിസി റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകം ലക്ഷ്യമിടുന്ന സുസ്ഥിര വികസന അജണ്ടകളെ ഇത് തകിടം മറിക്കും. ആഗോളതലത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഏതെങ്കിലും രാജ്യങ്ങളുടെ മാത്രമായ ആഭ്യന്തരസുരക്ഷയോ അവർ നേരിടുന്ന അധിനിവേശങ്ങളോ അല്ല; മറിച്ച് സർവ രാജ്യങ്ങളുടെയും സുരക്ഷയ്ക്കും ലോകജനതയുടെ നിലനിൽപ്പിനും മേൽ, കാലാവസ്ഥാ വ്യതിയാനം വീഴ്ത്തിയിട്ടുള്ള കരിനിഴലാണ്. അതിനു പരിഹാരം കാണുന്നതിലാണ് ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധവേണ്ടത്. നമ്മെ തീറ്റി പോറ്റുന്ന ഈ ഭൂമി നമ്മുടേതല്ല, അതു നാളത്തെ തലമുറകൾക്കായി സംരക്ഷിക്കുകയാണ് നമ്മുടെ കടമ. വരുംതലമുറകളുടെ അവകാശത്തിന്മേൽ യുദ്ധം പ്രഖ്യാപിക്കുവാൻ നമുക്കവകാശമില്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ആ തിരിച്ചറിവിൽ മറ്റെല്ലാ യുദ്ധങ്ങളും അപ്രസക്തമാകുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.