26 May 2024, Sunday

Related news

April 25, 2024
March 14, 2024
March 8, 2024
March 2, 2024
January 29, 2024
January 28, 2024
January 21, 2024
January 14, 2024
January 13, 2024
December 23, 2023

കാലാവസ്ഥാ വ്യതിയാനം: യുഎന്‍ റിപ്പോര്‍ട്ടില്‍ വിമര്‍ശനം; രാജ്യങ്ങള്‍ക്ക് അനാസ്ഥ

Janayugom Webdesk
കെയ്റോ
November 7, 2022 10:41 pm

കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ അവസാനിച്ചുവെന്ന് ഐക്യരാഷ്ട്ര സഭ. പാരിസ് ഉടമ്പടി പ്രകാരമുള്ള ലക്ഷ്യങ്ങള്‍ കെെവരിക്കാനുള്ള ആഗോള പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്നും യുഎന്‍ എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലോകനേതാക്കളുടെ ഹ്രസ്വകാല താല്പര്യങ്ങളും പരസ്പരവിരുദ്ധമായ ലക്ഷ്യങ്ങളും അപകടസാധ്യതകൾ വേണ്ടത്ര തിരിച്ചറിയാത്തതും കാരണം കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിൽ പരിമിതമായ നടപടികളാണ് രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം.
ഈജിപ്‍റ്റിലെ ഷറെ അല്‍ ഷെയ്ഖയിലാരംഭിച്ച യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ചര്‍ച്ചയാവുക റിപ്പോര്‍ട്ടിലെ ക­ണ്ടെത്തലുകളാകും. കാലാവസ്ഥാ വ്യതിയാനങ്ങളും കാര്‍ബണ്‍ ബ­ഗിര്‍ഗമനവും നേരിടാന്‍ വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് യുഎന്‍ എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
2100 ഓടെ ആഗോള താപനില 2.8 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. 2021 മുതല്‍ കാര്‍ബണ്‍ പുറന്തള്ളലിന്റെ ഒരു ശതമാനം മാത്രമേ കുറയ്ക്കാന്‍ സാധിച്ചിട്ടുള്ളു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ ലക്ഷ്യങ്ങള്‍ കെെവരിക്കാന്‍ രാജ്യങ്ങള്‍ക്ക് കഴിഞ്ഞാലും നിലവിലെ സാഹചര്യത്തില്‍ 2.6 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് പിടിച്ചു നിര്‍ത്താന്‍ മാത്രമേ കഴിയു എന്നും യുഎന്‍ ചൂണ്ടിക്കാണിക്കുന്നു.
കാലാവസ്ഥാ പ്രതിസന്ധി നേരിടാന്‍ ദ്രുതഗതിയിലുള്ള പരിവർത്തനത്തിനാണ് എമിഷൻ ഗ്യാപ്പ് റിപ്പോർട്ട് 2022, ക്ലോസിങ് വിൻഡോ എന്ന റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നത്. ഭക്ഷണ സാധനങ്ങളുടെ പാഴാക്കല്‍ കുറയ്ക്കുക, പുനരുല്പാദിപ്പിക്കാവുന്ന ഊര്‍ജ ഉപയോഗം, കാര്‍ബണ്‍ തീവ്രത കുറഞ്ഞ ഭക്ഷണരീതികള്‍ വികസിപ്പിക്കുകയും അവലംബിക്കുകയും ചെയ്യുക തുടങ്ങിയ ഹരിതസമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പേ­ാ­ര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക പിന്തുണ പ്രധാനഘടകമാണെന്നാണ് യു­എന്‍ നിലപാട്. കുറഞ്ഞ മലിനീകരണ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ആഗോള പരിവർത്തനത്തിന് 331 ലക്ഷം കോടി മുതൽ ഏകദേശം 500 ലക്ഷം കോടി വരെ വാർഷിക നിക്ഷേപം വേണ്ടിവരുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ദരിദ്രരാജ്യങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ ധനികരാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന വിഷയം ഉച്ചകോടിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും ഭാരിച്ച സാമ്പത്തിക ചെലവുകള്‍ മുന്നില്‍ കണ്ടാണ്.
ടാക്‌സോണമികളിലൂടെ സാമ്പത്തിക വിപണികളെ കൂടുതൽ കാര്യക്ഷമമാക്കുക. നികുതികൾ അല്ലെങ്കിൽ ക്യാപ് ആന്റ് ട്രേഡ് സംവിധാനങ്ങൾ പോലുള്ള കാർബൺ വിലനിർണയം അവതരിപ്പിക്കുക, കുറഞ്ഞ കാർബൺ സാങ്കേതികവിദ്യക്ക് വിപണി സൃഷ്ടിക്കുക, കാലാവസ്ഥാ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതിൽ കേന്ദ്ര ബാങ്കുകളെ ഉള്‍പ്പെടുത്തുക, രാജ്യങ്ങളുടെ കാലാവസ്ഥാ ക്ലബ്ബുകൾ, അതിർത്തി കടന്നുള്ള ധനകാര്യ സംരംഭങ്ങൾ, പരിവർത്തന പങ്കാളിത്തങ്ങൾ എന്നിവ സ്ഥാപിക്കുക എന്നീ സമീപനങ്ങളും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. 

ലോക നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎന്‍ മേധാവി 

കെയ്റോ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ആ­ഘാതങ്ങള്‍ തീവ്രമാകുമ്പോള്‍ മാനവികത അതിജീവനത്തിനായുള്ള പോരാട്ടത്തിലാണെന്ന് ഐക്യരാഷ്ട്ര സഭാ മേധാവി അന്റോണിയോ ഗുട്ടറെസ്. കാലാവസ്ഥ ഐക്യദാര്‍ഢ്യ ഉടമ്പടി പ്രഖ്യാപിക്കുക അല്ലെങ്കില്‍ കൂട്ട ആത്മഹത്യ തിരഞ്ഞെടുക്കുക എന്ന രണ്ട് വഴികളാണ് ആഗോള സമൂഹത്തിനു മുന്നിലുള്ളതെന്നും ഈജിപ്റ്റിലെ കാലാവസ്ഥാ ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ അദ്ദേഹം ലോകനേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പാരിസ് ഉടമ്പടി ലക്ഷ്യമായ 1.5 സെല്‍ഷ്യസ് താപനില കെെവരിക്കുന്നതിന് സമ്പന്ന രാജ്യങ്ങളും വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളും തമ്മിലുള്ള കരാറിനും ഗുട്ടറെസ് ആഹ്വനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തില്‍ കുറവ് പങ്കുവഹിക്കുന്ന ദുർബല രാജ്യങ്ങളെ സഹായിക്കേണ്ടത് സമ്പന്ന രാജ്യങ്ങളുടെ ധാർമ്മിക ഉത്തരവാദിത്തമാണ്. മാനുഷിക പ്ര­വര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വൻതോതിലുള്ള വം­­ശനാശ പ്രതിസന്ധിയെക്കു­റിച്ചും അവബോധമുണ്ടാകണം. പ്രകൃതിക്കെതിരായ യു­ദ്ധം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ദരിദ്ര രാജ്യങ്ങളെ സഹായിക്കുന്നതിന് ന്യായമായ വിഹിതം നൽകാൻ യുഎസ്, ചൈന, മറ്റ് യൂറോപ്യൻ ഇതര സമ്പന്ന രാജ്യങ്ങളോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രേ­ാ­ണ്‍ അഭ്യര്‍ത്ഥിച്ചു.
കാലാവസ്ഥ മാറ്റത്തിനെതിരെ പ്രതിജ്ഞകൾ തുടരുന്നതിനു പകരം രാജ്യങ്ങൾ പ്രവർത്തിക്കാൻ തുടങ്ങണമെന്ന് ഈ­ജിപ്റ്റ് ആഹ്വാനം ചെയ്തു.

Eng­lish Sum­ma­ry: Cli­mate Change: Crit­i­cism in UN Report; Indif­fer­ence to countries

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.