26 April 2024, Friday

കാലാവസ്ഥ വ്യതിയാനം; ചക്ക കിട്ടാക്കനിയാവുന്നു

Janayugom Webdesk
കോട്ടയം
February 2, 2022 5:54 pm

കാലാവസ്ഥാ വ്യതിയാനം മൂലം ചക്ക ഇത്തവണ കിട്ടാക്കനിയാവും. മിക്കയിടങ്ങളിലും വിളവ് തീരെക്കുറവ്. എല്ലാ വർഷവും നിറയെ കായ്ക്കുന്ന പ്ലാവിൽ ഇത്തവണ പേരിന് ഒന്നോ രണ്ടോ ചക്ക മാത്രം. നാട്ടിൻപുറങ്ങളിൽ പ്ലാവിൽ ഇത്തവണ ചക്ക ഉൽപാദനം 20 – 25% മാത്രമാണ് ഉള്ളത്. നാടൻ പ്ലാവുകളിൽ ചക്കയില്ലാതെ വന്നതിനാൽ ഇത്തവണ ഇടിച്ചക്ക വിപണിയും സജീവമല്ല. നാട്ടിലെ ഉൽപാദനം കുറഞ്ഞതിനാൽ ചക്ക വിലയും കൂടിയിട്ടുണ്ട്. കിലോഗ്രാമിന് 25 രൂപ നിരക്കിലാണ് വിപണനം. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ചക്ക ഉൽപാദനം തീരെ കുറഞ്ഞത്.

തുലാവർഷം അവസാനിക്കുന്ന സമയത്താണ് പ്ലാവിൽ ചക്ക പൊട്ടുന്നത്. എന്നാൽ ഇത്തവണ തുലാവർഷം കഴിഞ്ഞും മഴ തുടർന്നതോടെ ചക്ക പൊട്ടേണ്ട പൂക്കളെല്ലാം തളിർത്തു. കഴിഞ്ഞ വർഷവും കാലാവസ്ഥ വ്യതിയാനം ചക്ക ഉൽപാദനത്തെ ബാധിച്ചിരുന്നു. എന്നാൽ മഴ നിന്നതോടെ വൈകി ചക്ക വിരിഞ്ഞു തുടങ്ങിയത് കാര്യമായ പ്രശ്നം സൃഷ്ടിച്ചിരുന്നില്ല. ഇത്തവണയും അതുതന്നെ സംഭവിക്കുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ.

ഡിസംബറിലാണ് ചക്ക കൂടുതലായി വിരിയുന്നത്. 2 വർഷമായി ഇത് വളരെ കുറവാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ സീസണിലും ചക്ക ഉൽപാദനം കുറവായിരുന്നു. ഒപ്പം കോവിഡ് നിയന്ത്രണം കൂടി വന്നതോടെ കച്ചവടം കാര്യമായി നടന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.

ചക്ക കിട്ടാനുണ്ടെങ്കിൽ വില എത്രയായാലും വേണ്ടില്ലെന്നാണ് ആവശ്യക്കാർ പറയുന്നത്. ലോക് ഡൗൺ കാലത്ത് മലയാളികളുടെ ഇഷ്ടമായി മാറിയ ചക്ക വിഷമില്ലാത്ത പ്രകൃതി വിഭവമായതിനാൽ ആവശ്യക്കാർ ഏറെയാണ്. ചക്കക്കുരുവിനും മാർക്കറ്റിൽ ഡിമാന്റ് വർദ്ധിച്ചിട്ടുണ്ട്. സാധാരണ വരിക്ക ചക്കയ്ക്കാണു പ്രിയമെങ്കിലും കിട്ടാനില്ലാത്തതിനാൽ ഇത്തവണ ചക്ക ഏതെങ്കിലും മതിയെന്നാണ് ആവശ്യക്കാരുടെ പക്ഷം. ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനികളും ചക്ക പ്രൊസസിങ് യൂണിറ്റുകളും ചക്കയ്ക്കായി നെട്ടോട്ടത്തിലാണ്.

 

Eng­lish Sum­ma­ry: Cli­mate change; Jack fruit did not avail­able in market

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.