22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 16, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024
August 3, 2024
August 1, 2024

കേന്ദ്ര‑സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയണമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം:
November 5, 2021 8:23 pm

കേന്ദ്ര സർക്കാരിന് അനുകൂലമായും സംസ്ഥാനങ്ങൾക്ക് എതിരായും ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ രൂപപ്പെട്ടുവരുന്ന അസമത്വം കാരണം സംസ്ഥാനം ഗുരുതരമായ വിഭവ പരിമിതി നേരിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങൾക്ക് അനുകൂലമായി കേന്ദ്ര‑സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പുതിയതായി രൂപീകരിച്ച ആസൂത്രണ ബോർഡിന്റെ ആദ്യ യോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിനെ തുടർന്നു തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള വീണ്ടെടുക്കൽ ശ്രമങ്ങളിലാണ് സർക്കാർ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. സാമ്പത്തിക പരിമിതികൾ ഉണ്ടെങ്കിലും സുസ്ഥിര സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനുള്ള ദൗത്യം മാറ്റിവെയ്ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് പഞ്ചവത്സര പദ്ധതി സമീപനം പിന്തുടരുന്ന ഏക സംസ്ഥാനം ഇപ്പോൾ കേരളമാണ്. പതിനാലാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. കടുത്ത പ്രതിസന്ധികൾക്കിടയിലും പതിമൂന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ ഏക സംസ്ഥാനവും കേരളമാണ്. ഭൂപരിഷ്കരണം, ആരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, സാമൂഹികനീതി, ലിംഗനീതി, സാമൂഹിക സുരക്ഷ എന്നിവയിലെ മുൻകാല നേട്ടങ്ങളുടെ ശക്തമായ അടിത്തറയ്ക്ക് മുകളിലാണ് വിവിധ രംഗങ്ങളിൽ എടുത്തുപറയത്തക്ക നേട്ടങ്ങൾ കേരളം കൈവരിച്ചത്.


ഇതും കൂടി വായിക്കാം;കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുന്നു: മുഖ്യമന്ത്രി


കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഏറ്റവും താഴെത്തട്ടിലുള്ള ആസൂത്രണം ശക്തിപ്പെടുത്തുകയും വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ ലളിതമാക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു. ഈ സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്ന തരത്തിൽ വേണം പതിനാലാം പഞ്ചവത്സര പദ്ധതി തയ്യാറാക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ മേഖലകളിലുമുള്ള പുരോഗതിക്ക് ആക്കംകൂട്ടുന്നതിന് ശാസ്ത്രം, സാങ്കേതികവിദ്യ, ആധുനിക വൈദഗ്ദ്ധ്യം, വിജ്ഞാന സമ്പദ്ഘടനയുമായി ബന്ധപ്പെട്ട നിപുണതകൾ എന്നിവയുടെ ഉപയോഗം ഉറപ്പാക്കണം. കൃഷി, അനുബന്ധ പ്രവർത്തനങ്ങൾ, വ്യവസായങ്ങൾ, ടൂറിസം തുടങ്ങിയ മേഖലകളുടെ വളർച്ചയ്ക്കായി ആസൂത്രണം ചെയ്യുമ്പോൾ പ്രാദേശിക സർക്കാരുകളുടെയും പ്രാദേശികതലത്തിലുള്ള വിവിധ സഹകരണ സംഘങ്ങളുടെയും ജനകീയ കൂട്ടായ്മകളുടെയും ഇടപെടൽ ഉണ്ടാകണം. സ്ത്രീകളുടെ സുരക്ഷയിൽ മാത്രമല്ല അവരുടെ തൊഴിലിനും സ്വാതന്ത്ര്യത്തിനും ഊന്നൽ നൽകുന്ന നടപടികൾ പതിനാലാം പദ്ധതിയിൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്ക്കറ്റ് ഹോട്ടലിൽ നടന്ന ആസൂത്രണ ബോർഡ് യോഗത്തിന് ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ചീഫ് സെക്രട്ടറി, ആസൂത്രണ ബോർഡ് അംഗങ്ങളായ സംസ്ഥാന മന്ത്രിമാർ, ആസൂത്രണ ബോർഡ് അംഗങ്ങൾ, ആസൂത്രണ ബോർഡ് മെമ്പർ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്) എന്നിവർ പങ്കെടുത്തു.

ENGLISH SUMMARY: CM urges Cen­ter-State eco­nom­ic ties

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.