17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 16, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024
November 15, 2024

കോ-വാക്സിന്‍ ബൗദ്ധികസ്വത്തവകാശം: ഐസിഎംആറിനെ ഒഴിവാക്കി

ഭാരത് ബയോടെക് പുതിയ അപേക്ഷ സമര്‍പ്പിച്ചു
Janayugom Webdesk
ന്യൂഡല്‍ഹി
July 13, 2024 10:17 pm

കോവിഡ് പ്രതിരോധത്തിനുള്ള കോ-വാക്സിന്റെ ബൗദ്ധികസ്വത്തവകാശ അപേക്ഷ പുതുക്കി നല്‍കിയ ഭാരത് ബയോടെക്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന് (ഐസിഎംആര്‍) ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തടഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ പേറ്റന്റ് ഓഫിസിന്റെ (ഐപിഒ) വെബ്സൈറ്റില്‍ ലഭ്യമായ പുതുക്കിയ അപേക്ഷയും രേഖകളും അനുസരിച്ച് ഭാരത് ബയോടെകിന് ബൗദ്ധികസ്വത്തവകാശത്തിന് ഭാഗിക അവകാശമുണ്ടെന്ന് പറയുന്നു. ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ഐവി), ഐസിഎംആര്‍ എന്നിവര്‍ കോ-വാക്സിന്‍ നിര്‍മ്മാണത്തിന് കമ്പനിയുമായി ചേര്‍ന്ന് പ്രവൃത്തിച്ചെന്നും രേഖകളിലുണ്ട്.

പുതുക്കിയ അപേക്ഷയില്‍ ബൗദ്ധികസ്വത്തവകാശം ഭാഗികമായി എന്‍ഐവിക്ക് നല്‍കുമെന്ന് ഭാരത് ബയോടെക് സമ്മതിച്ചിട്ടുണ്ട്. എന്‍ഐവിയാണ് സഹഅപേക്ഷകന്‍. അപേക്ഷ ഇരുവരുടെയും പേരിലാണെന്നും വെബ്സൈറ്റ് രേഖകളില്‍ നിന്നും വ്യക്തമാകുന്നു. എന്നാല്‍ ബൗദ്ധികസ്വത്തവകാശത്തിനുള്ള അപേക്ഷയ്ക്കൊപ്പം നല്‍കിയ രേഖകളില്‍ തീയതി രേഖപ്പെടുത്തിയിട്ടില്ല. ഭാരത് ബയോടെക് അവരുടെ സാക്ഷിയുടെ ഡിജിറ്റല്‍ ഒപ്പില്‍ 2024 ജൂലൈ 11 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്‍ഐവിയുടെ സാക്ഷിയുടെ ഒപ്പും കാണാനില്ല.

വൈറസ് വകഭേദം വേര്‍തിരിച്ചെടുത്തതും കോവാക്സിന്റെ വന്‍തോതിലുള്ള നിര്‍മ്മാണത്തിന് ഭാരത് ബയോടെകിന് കൈമാറിയതും എന്‍ഐവി ആയിരുന്നു. വാക്സിന്‍ കണ്ടെത്തുന്നതിനുള്ള നിര്‍ണായക ചുവടുവയ്പായി മാറിയതും ഇതാണ്. എന്നാല്‍ പുതുക്കിയ അപേക്ഷയില്‍ എന്‍ഐവി ശാസ്ത്രജ്ഞരുടെ പേര് സഹഗവേഷകരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കോ-വാക‍്സിന്റെ ബൗദ്ധികസ്വത്തവകാശം ഐസിഎംആറിനും ഭാരത് ബയോടെകിനും ഒരു പോലെ അവകാശപ്പെട്ടതാണെന്ന് 2021 ജൂലൈ 20ന് അന്നത്തെ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. അതിന് വിരുദ്ധമായാണ് ഭാരത് ബയോടെകിന്റെ പുതിയ നിലപാട്. മാത്രമല്ല ഐസിഎംആര്‍, എന്‍ഐവി എന്നിവയെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലാതെയാണ് ഒരു വര്‍ഷം മുമ്പ് കമ്പനി പേറ്റന്റ് അപേക്ഷ ആദ്യമായി നല്‍കിയതും.

ഇന്ത്യന്‍ ബൗദ്ധിക സ്വത്തവകാശ നിയമത്തിലെ സെക്ഷന്‍ 50ല്‍ പങ്കാളിത്ത അവകാശത്തെ കുറിച്ച് പറയുന്നത് ഇങ്ങിനെയാണ്- ‘രണ്ടോ അതിലധികമോ പേര്‍ക്ക് ബൗദ്ധികസ്വത്തവകാശം നല്‍കുകയാണെങ്കില്‍, ഓരോ വ്യക്തിക്കും വ്യത്യസ്തമായ കരാര്‍ പ്രാബല്യത്തിലില്ലെങ്കില്‍ തുല്യമായ വിഹിതത്തിന് അര്‍ഹതയുണ്ട്.’ പുതുക്കിയ അപേക്ഷയ്ക്കൊപ്പം നല്‍കിയ രേഖയില്‍ എന്‍ഐവിയുടെ പേര് ഉള്‍പ്പെടുത്തിയെങ്കിലും സാമ്പത്തിക അവകാശങ്ങള്‍ക്ക് അവര്‍ക്ക് അര്‍ഹതയില്ലെന്ന് ഭാരത് ബയോടെക് വ്യക്തമാക്കുന്നു.
അതേസമയം വാക്സിന്‍ വികസനത്തിലും നിര്‍മ്മാണത്തിലും ഐസിഎംആര്‍ ഭാരത് ബയോടെക്കുമായി യാതൊരു ധാരണപത്രവും ഉണ്ടാക്കിയില്ല. നിരവധി പൗരസംഘടനകള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതാണ്. ധാരണാ പത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ വിവരാവകാശ അപേക്ഷ ഐസിഎംആര്‍ നിരസിച്ചിരുന്നു. ചില വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്ന, വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8(1) അനുസരിച്ചാണ് അപേക്ഷ തള്ളിയത്. 2009ല്‍ കേന്ദ്ര വിവരാവകാശ കമ്മിഷന്റെ വിധിക്ക് എതിരായ നിലപാടാണിത്. പൊതുപണമോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് സ്വകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുകയാണെങ്കില്‍ അത് സംബന്ധിച്ച് വിവരങ്ങള്‍ വിവരാവകാശപ്രകാരം നല്‍കണം എന്നായിരുന്നു വിധി.

 

eng­lish summary;Co-Vaccine Intel­lec­tu­al Prop­er­ty: Exclud­ed from ICMR

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.