26 July 2024, Friday
KSFE Galaxy Chits Banner 2

കല്‍ക്കരി ശേഖരം തീരുന്നു: രാജ്യം വന്‍ വൈദ്യുതി പ്രതിസന്ധിയിലേക്ക്

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി
April 21, 2022 12:14 am

ഇന്ത്യയില്‍ രൂക്ഷമായ വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ധനകാര്യ ഗവേഷണ സ്ഥാപനമായ നോമുറ. ഇന്ത്യന്‍ പവര്‍ പ്ലാന്റുകള്‍ കൈവശം വച്ചിരിക്കുന്ന കല്‍ക്കരി ശേഖരം ഏപ്രില്‍ പകുതി വരെ മാത്രം ഉപയോഗിക്കാനുള്ളതാണെന്നും ഈ സ്ഥിതി വൈദ്യുതി മുടക്കത്തിന് കാരണമാകുമെന്നും നോമുറ പറഞ്ഞു. കല്‍ക്കരി വിതരണം മെച്ചപ്പെടുന്നില്ലെങ്കില്‍ മറ്റൊരു ആഘാതമായി മാറും.

വൈദ്യുതി ആവശ്യം വര്‍ധിച്ചതിനാല്‍ പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ശേഖരം കുറഞ്ഞുവെന്ന് ‘ഇന്ത്യ: ഒരു പവര്‍ ക്രഞ്ച് ഇന്‍ ദ മേക്കിങ്’ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും, കഴിഞ്ഞ ഏപ്രിലിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022 ഏപ്രില്‍ ആദ്യ പകുതിയില്‍ താപവൈദ്യുത നിലയങ്ങളിലേക്കുള്ള വിതരണം 14.2 ശതമാനം ഉയര്‍ത്തിയതായി കോള്‍ ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് പറഞ്ഞു. ഈ കാലയളവില്‍ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ വിതരണം പ്രതിദിനം 1.64 ദശലക്ഷം ടണ്‍ ആയിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.43 ദശലക്ഷം ആയിരുന്നു.

രാജ്യത്തെ വൈദ്യുത നിലയങ്ങള്‍ കുറഞ്ഞത് ഒരു മാസമെങ്കിലും നിലനിര്‍ത്താന്‍ കോള്‍ ഇന്ത്യക്ക് 61 മില്ല്യണ്‍ കല്‍ക്കരി ശേഖരമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയില്‍ (സിഇഎ) ലഭ്യമായ കണക്കുകള്‍ കാണിക്കുന്നത് പവര്‍ സ്റ്റേഷനുകളിലെ കല്‍ക്കരി ശേഖരം കുറഞ്ഞുവെന്നാണ്. 173 പവര്‍ പ്ലാന്റുകളില്‍ ഏകദേശം 100 എണ്ണത്തിലും വേണ്ടത്ര കല്‍ക്കരി സ്റ്റോക്ക് ഇല്ലെന്ന് നോമുറ പറഞ്ഞു. ഇത് സാധാരണ നിലയുടെ 25 ശതമാനത്തില്‍ താഴെയാണ്.

രാജ്യം കൊടുംവേനലിലേക്ക് നീങ്ങുന്നതിനാല്‍ വൈദ്യുതി ആവശ്യകത വര്‍ധിച്ചു. ഒപ്പം കല്‍ക്കരി കൊണ്ടുപോകുന്നതിനുള്ള റയില്‍വേ റേക്കുകളുടെ ലഭ്യത കുറയുകയും കല്‍ക്കരി ഇറക്കുമതി കുറയുകയും ചെയ്തതിനാല്‍ വിതരണം തടസപ്പെട്ടുവെന്നും നോമുറ പറഞ്ഞു.

ഉയര്‍ന്ന ആഭ്യന്തര ഉല്പാദനം വഴിയോ അല്ലെങ്കില്‍ ഉയര്‍ന്ന ഇറക്കുമതി വഴിയോ കല്‍ക്കരി വിതരണം വര്‍ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലത്ത് കൂടുതല്‍ വൈദ്യുതി മുടക്കത്തിനും അലൂമിനിയം, സിമന്റ്, സ്റ്റീല്‍ തുടങ്ങിയ വൈദ്യുതി ഇതര മേഖലകളില്‍ നിന്ന് കല്‍ക്കരി തിരിച്ചുവിടുന്നതിനും ഇടയാക്കും. ഇത് വ്യാവസായിക ഉല്പാദനം കുറയ്ക്കുകയും വൈദ്യുതി ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: Coal stock­pile runs out: Coun­try faces major pow­er crisis

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.