21 May 2024, Tuesday

യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ്, വർക്കേഴ്സ് പാർട്ടികളുടെ കൂട്ടായ്മ

പി ദേവദാസ്
April 18, 2024 4:32 am

യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത ജൂണിൽ നടക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂറോപ്യൻ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ്, വർക്കേഴ്സ് പാർട്ടികൾ യോഗം ചേരുകയും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരിക്കുകയാണ്. ലേബർ പാർട്ടി ഓഫ് ഓസ്ട്രിയ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രീസ്, വർക്കേഴ്സ് പാർട്ടി ഓഫ് അയർലൻഡ്, ന്യൂ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നെതർലാൻഡ്സ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വർക്കേഴ്സ് ഓഫ് സ്പെയിൻ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സ്വീഡൻ, സ്വിസ് കമ്മ്യൂണിസ്റ്റ് പാർട്ടി, യൂണിയൻ ഓഫ് കമ്മ്യൂണിസ്റ്റ്സ് ഓഫ് ഉക്രെയ്ൻ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് തുർക്കി, കമ്മ്യൂണിസ്റ്റ് റവല്യൂഷണറി പാർട്ടി ഓഫ് ഫ്രാൻസ്, കമ്മ്യൂണിസ്റ്റ് ഫ്രണ്ട് (ഇറ്റലി) എന്നിവയാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. മേഖലയിലെ തൊഴിലാളികൾ, സ്വയംതൊഴിൽ ചെയ്യുന്നവർ, കർഷകർ, സ്ത്രീകൾ, യുവജനങ്ങൾ എന്നിവരും സമ്പദ്ഘടനയും നേരിടുന്ന പ്രശ്നങ്ങളും ഭരണകൂട നയങ്ങളുടെ ജനവിരുദ്ധതയും തുറന്നുകാട്ടുന്നതാണ് പ്രസ്താവനയുടെ ഉള്ളടക്കം. പെൻഷൻകാർ, കുടിയേറ്റക്കാർ എന്നിവർ നേരിടുന്ന പ്രശ്നങ്ങളും എടുത്തുപറയുന്നു. യൂറോപ്യൻ യൂണിയ (ഇയു) ന്റെ നിഷേധാത്മകമായ നയങ്ങളും ഭരണസംവിധാനത്തിന്റെ പ്രതിലോമപരമായ തന്ത്രങ്ങളും സർക്കാരുകളുടെയും അതിനെ സേവിക്കുന്ന പാർട്ടികളുടെയും ജനവിരുദ്ധ സമീപനങ്ങളും പ്രതിപാദിക്കുന്ന പ്രസ്താവനയിൽ യൂറോപ്പിലെ ജനങ്ങൾ നേരിടുന്ന വേദനാജനകമായ അനുഭവങ്ങളും വിവരിക്കുന്നു. 

മൂലധന ശക്തികളുടെ നിരന്തരമായ ആക്രമണത്തിന് വിധേയരായ ജനങ്ങൾ, ചൂഷണാത്മക മുതലാളിത്ത വ്യവസ്ഥയ്ക്കെതിരെയും തങ്ങളുടെ അവകാശങ്ങൾക്കായുമുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്ന് പ്രസ്താവന ആഹ്വാനം ചെയ്യുന്നു. യൂറോപ്യൻ യൂണിയൻ എന്നത് തൊഴിലാളിവർഗത്തിന്റെയും മറ്റ് ജനകീയ വിഭാഗങ്ങളുടെയും താല്പര്യങ്ങൾക്ക് എതിരായ, കുത്തകകളുടെ ഒരു സാർവദേശീയ, സാമ്രാജ്യത്വ, സാമ്പത്തിക, രാഷ്ട്രീയ, സൈനിക യൂണിയനാണെന്ന് പ്രസ്താവന വിലയിരുത്തുന്നു. ജനങ്ങളാൽ രൂപീകരിക്കപ്പെട്ടതോ അവരുടെ താല്പര്യങ്ങൾ നിറവേറ്റുന്നതോ അല്ല യൂറോപ്യൻ യൂണിയൻ. ഇയു രാജ്യങ്ങളിലെ മുതലാളിത്ത വിഭാഗങ്ങൾ ഓരോ രാജ്യത്തെയും തൊഴിലാളിവർഗത്തിനും ജനങ്ങൾക്കുമെതിരെ രൂപീകരിച്ച സഖ്യമാണ്. അത് ഒരിക്കലും ജനങ്ങൾക്ക് അനുകൂലമായിരുന്നില്ല. മൂലധനത്തിന്റെ കേന്ദ്രീകരണവും തൊഴിലാളിവർഗത്തെ പരമാവധി ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും സാമ്രാജ്യത്വ യുദ്ധങ്ങളും അതിലുള്ള ഇടപെടലുകളുമാണ് ഇയുവിന്റെ മുഖ്യ പ്രവർത്തനങ്ങൾ. ഇവ പട്ടിണി, ദാരിദ്ര്യം, വിലക്കയറ്റം, അഭയാർത്ഥികൾ, അടിച്ചമർത്തൽ, കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്നിവയാണ് ഉല്പാദിപ്പിക്കുന്നത്. യൂറോപ്യൻ പാർലമെന്റാകട്ടെ അഴിമതിയിൽ മുങ്ങിയിരിക്കുന്നു. കുംഭകോണങ്ങൾ പതിവായിരിക്കുന്നു. ഫലത്തിൽ ജനങ്ങൾക്കെതിരായ മൂലധന ശക്തികളുടെ ഒരു യൂണിയൻ എന്ന പ്രതിലോമ സ്വഭാവത്തെയാണ് അത് അടയാളപ്പെടുത്തുന്നത്.
തങ്ങളുടെ ലാഭവർധനയ്ക്കുവേണ്ടി കുത്തകകൾ തമ്മിലുള്ള മത്സരം ശക്തമാക്കുന്നതിന്റെ അനന്തരഫലമാണ് സാമ്രാജ്യത്വ യുദ്ധങ്ങളും പ്രാദേശിക ഇടപെടലുകളും. മുതലാളിത്ത ഉക്രെയ്‌നും സഖ്യകക്ഷികളും (യുഎസ്എ, നാറ്റോ, ഇയു) ഒരു വശത്തും മുതലാളിത്ത റഷ്യയും അതിന്റെ സഖ്യകക്ഷികളും മറുവശത്തുമായി 2022ൽ പൊട്ടിപ്പുറപ്പെട്ട് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന യുദ്ധം വിപണികളുടെയും പ്രകൃതിവിഭവങ്ങളുടെയും നിയന്ത്രണത്തിനായി സൃഷ്ടിക്കപ്പെട്ടതാണ്. ഊർജത്തിനും ചരക്കുകൾക്കുമുള്ള മാർഗങ്ങൾ നൽകുക വഴി യൂറോപ്യൻ യൂണിയൻ ഒരേസമയം ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് പ്രസ്താവനയിൽ ആരോപിക്കുന്നു.
ഇതേസാഹചര്യങ്ങൾ തന്നെയാണ് യുഎസ്എ, ഇയു, നാറ്റോ എന്നിവയുടെ പിന്തുണയോടെ ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന മനുഷ്യത്വരഹിതമായ സാമ്രാജ്യത്വ ഇടപെടലിലും കാണാനാവുന്നത്. തെക്ക്-കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലും ചെങ്കടൽ കടലിടുക്കിലും തന്ത്രപ്രധാനമായ വ്യാപാരവും ഊർജ ഇടനാഴികളും നിയന്ത്രിക്കുകയാണ് അവർ ലക്ഷ്യമിടുന്നത്. ഇവയെല്ലാം ജനങ്ങൾക്ക് പേടിസ്വപ്നമായിരിക്കുന്നുവെന്ന് പ്രസ്താവനയിൽ വിവരിക്കുന്നു. ആഗോള തന്ത്രങ്ങൾ എന്ന് വിശേഷിപ്പിച്ച് യൂറോപ്യൻ യൂണിയൻ ചെങ്കടൽ മേഖലയിൽ നടത്തുന്ന വർധിച്ച സൈനികവൽക്കരണം ജനങ്ങൾക്ക് വലിയ അപകടങ്ങൾ സൃഷ്ടിക്കുന്നതാണ്. ഇതിനെ കമ്മ്യൂണിസ്റ്റ് വർക്കേഴ്സ് പാർട്ടികൾ തുറന്നുകാട്ടുകയും അപലപിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ കൂട്ടക്കുരുതിക്കും രാജ്യങ്ങളുടെ ശിഥിലീകരണത്തിനും ജനങ്ങളുടെ തോളത്തെ സാമ്പത്തിക ഭാരങ്ങൾ വർധിക്കുന്നതിനുമാണ് സാമ്രാജ്യത്വ യുദ്ധങ്ങളും യൂറോപ്യൻ യൂണിയന്റെയും ബൂർഷ്വാ സർക്കാരുകളുടെയും ഇടപെടലുകളും വഴിയൊരുക്കിയത്. പരിസ്ഥിതിയുടെ ഏറ്റവും വലിയ നാശത്തിനും ഈ നടപടികൾ കാരണമാകുന്നു. 

പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന വ്യാജേന, പുതിയ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ തൊഴിലാളികൾക്ക് ദോഷകരമായി വിനിയോഗിക്കുന്നതിലൂടെ യൂറോപ്യൻ യൂണിയനും സർക്കാരുകളും തങ്ങളുടെ ചൂഷണം കൂടുതൽ കടുപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. മണിക്കൂറുകൾ വച്ചുള്ള ജോലിക്രമീകരണം തൊഴിലാളിയുടെ ശാരീരിക ക്ഷമതയെ ബാധിക്കുകയും ജോലിസ്ഥലത്ത് അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. തൊഴിലവകാശങ്ങളും കരാറുകളും ഇല്ലാതാക്കൽ, ഉടമയുടെ ഭീഷണികൾ വർധിക്കുന്നത് എന്നിങ്ങനെ യൂറോപ്യൻ യൂണിയന്റെയും സർക്കാരുകളുടെയും പരിവർത്തന തന്ത്രങ്ങളും തൊഴിലാളികളെ കൂടുതൽ കഷ്ടത്തിലാക്കുകയും ദാരിദ്ര്യം വർധിപ്പിക്കുകയും ചെയ്യുകയാണ്. ഊർജ മേഖലയിലെ ഭീമന്മാർ കൂടുതൽ സമ്പന്നരായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽത്തന്നെയാണ് വിലയും പണപ്പെരുപ്പവും കുതിച്ചുയരുന്നത്. യൂണിയനിൽ നടപ്പിലാക്കിയ പൊതു കാർഷിക നയവും കർഷകരുടെയും ക്ഷീരകർഷകരുടെയും നിലനില്പിന് ഭീഷണിയാകുന്നു.
കാർഷിക‑ഭക്ഷ്യ വ്യവസായ ഗ്രൂപ്പുകൾ, വ്യാപാരികൾ, വ്യവസായികൾ, ഊർജ കുത്തകകൾ മുതലായവരുടെ ലാഭം ഉറപ്പാക്കാൻ ഉല്പാദനച്ചെലവ് വർധിക്കുന്നതിന് കാരണമായി. ഇതിന്റെ ഫലമായി തൊഴിലാളികൾക്കെതിരായ കടുത്ത നടപടികളും തൊഴിൽ, സാമൂഹിക സുരക്ഷാ അവകാശങ്ങൾക്കുമേലുള്ള കൂടുതൽ ആക്രമണവുമാണ് ആത്യന്തികമായി ഉണ്ടാക്കുന്നത്. ഈ പശ്ചാത്തലത്തിൽ, തൊഴിലില്ലായ്മ ഉയർന്ന നിരക്കിൽ നിലനിൽക്കുകയും ചെയ്യുന്നു. യൂറോപ്യൻ യൂണിയന്റെ ഈ ജനവിരുദ്ധ — മുതലാളിത്താനുകൂല നടപടികളും നയങ്ങളും 95 ലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്കും ലക്ഷക്കണക്കിന് പേരെ കടക്കെണിയിലേക്കും ജപ്തികളും മറ്റ് പ്രതിസന്ധികളും നേരിടുന്നതിലേക്കും നയിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ജനങ്ങൾ നേരിടുന്ന ജീവൽപ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് വിഷയമാക്കണമെന്ന ലക്ഷ്യത്തോടെ കമ്മ്യൂണിസ്റ്റ് — തൊഴിലാളി പാർട്ടികളുടെ കൂട്ടായ്മയും സംയുക്ത പ്രസ്താവനയുമുണ്ടായിരിക്കുന്നത്. തൊഴിലാളികളുടെയും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെയും യുവജനങ്ങൾ, സ്ത്രീകൾ, കുടിയേറ്റക്കാർ എന്നീ സമൂഹങ്ങളുടെയും പ്രശ്നപരിഹാരത്തിനുള്ള അവകാശപത്രികയും പ്രസ്താവനയോടൊപ്പം മുന്നോട്ടുവച്ചിരിക്കുന്നു. മൂലധനത്തിന്റെയും കുത്തകകളുടെയും യുദ്ധത്തിന്റെയും യൂറോപ്യൻ യൂണിയൻ വേണ്ട, കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അധികാരം — ജനകീയ സമരങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഉറപ്പ്, സമാധാനത്തിന്റെയും, സാമൂഹിക നീതിയുടെയും, സോഷ്യലിസത്തിന്റെയും ജനങ്ങളുടെ സമൃദ്ധിയുടെയും യൂറോപ്പിനായി എന്ന മുദ്രാവാക്യമാണ് പ്രസ്താവന മുന്നോട്ടുവച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.