മലയാളിയുടെ നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്തതാണ് വെളിച്ചെണ്ണ. ലോകത്തിന്റെ ഏതു കോണിൽ പോയാലും വെളിച്ചെണ്ണ തേച്ചുള്ള കുളിയും വെളിച്ചെണ്ണ ചേർത്തുള്ള കറികളും മലയാളിയുടെ ഗൃഹാതുരത്വം കൈവിടാത്ത ശീലങ്ങളിൽ ചിലതാണ്. നമുക്ക് ഇത്രയേറെ പ്രിയപ്പെട്ട വെളിച്ചണ്ണയെ ഇന്ന് പലവിധ ആരോപണങ്ങൾക്ക് വിധേയമാക്കി അകറ്റിനിർത്തിയിരിക്കുന്നു. ശരിക്കും ഒരു വില്ലൻ പരിവേഷം വെളിച്ചെണ്ണയ്ക്കുണ്ടോ? ആരോഗ്യകരമായ ഭക്ഷണ പാരമ്പര്യമുള്ള കേരളത്തിന്റെ പഴയ തലമുറ എന്തുകൊണ്ട് വെളിച്ചെണ്ണ ഉപയോഗിച്ചുള്ള പാചകത്തിന് മുൻതൂക്കം കൊടുത്തു? അന്ന് ഇത്രയേറെ ആരോഗ്യത്തിന് ഭീഷണി വെളിച്ചെണ്ണ വരുത്തിയില്ലേ? വെളിച്ചെണ്ണയുടെ സവിശേഷ ഗുണങ്ങൾ എന്തൊക്കെയാണ് എന്നും നോക്കാം.
ഭക്ഷ്യവസ്തുക്കളെ തരംതിരിക്കുമ്പോൾ കൊഴുപ്പ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് വെളിച്ചെണ്ണ. ആഹാരത്തിന്റെ പോഷകമൂല്യവും രുചിയും വർദ്ധിപ്പിക്കുന്നതിനാണ് എണ്ണകൾ ഉപയോഗിക്കുന്നത്.
വിവിധ തരം ഭക്ഷ്യ എണ്ണകൾ ഇന്നു വിപണിയിൽ സുലഭമാണ്. ഓരോ തരം എണ്ണയും രുചിയിലും ഗുണമേന്മയിലും പോഷകമൂല്യത്തിലും വിലയിലും വ്യത്യാസപ്പെട്ടിരിക്കുന്നു. അവയെ രണ്ടു രീതിയിൽ തരം തിരിക്കാം.
* പൂരിത എണ്ണകൾ (മൃഗങ്ങളുടെ കൊഴുപ്പിൽ നിന്നുള്ളവ)
* അപൂരിത എണ്ണകൾ സസ്യ എണ്ണകൾ
അപൂരിത എണ്ണകൾ തന്നെ അവയുടെ ഘടനാപരമായ വ്യത്യാസം കൊണ്ട് PUFA എന്നും MUFA എന്നും രണ്ടുതരത്തിൽ വേർതിരിക്കുന്നു. PURA — സൂര്യകാന്തി എണ്ണ, സോയ എണ്ണ, എള്ളെണ്ണ. MUFA ഒലിവ് ഓയിൽ, ആൽമണ്ട് ഓയിൽ. എന്നാൽ, അപൂരിത എണ്ണയിൽ ഉൾപ്പെട്ട വെളിച്ചെണ്ണ അവയുടെ ഘടനയിലെ പ്രത്യേകതകൾ കൊണ്ട് 60 ശതമാനം പൂരിതവും 40 ശതമാനം അപൂരിതവും ആയി മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ്സ് (എംസിറ്റി) എന്ന വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നു.
മുലപ്പാലിനോളം ഗുണം
മുലപ്പാലിൽ മാത്രം കാണപ്പെടുന്ന പോഷകമായ ലോറിക് ആസിഡിന്റെ മറ്റൊരു സ്രോതസ്സാണ് വെളിച്ചെണ്ണ. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കു ന്നതിനും ശരീരത്തിന് ബലം നൽകാനും സഹായിക്കുന്നു.
കാൻസർ പ്രതിരോധവും ചികിത്സയും
തേങ്ങാപ്പാലിൽ നിന്നും തയ്യാറാക്കുന്ന വെർജിൻ കോക്കനട്ട് ഓയിൽ ഒരു ടിസ്പൂൺ ദിവസവും നേരിട്ട് ഉപയോഗിക്കുന്നത് കാൻസർ പ്രതിരോധത്തിനു സഹായിക്കുന്നതായി പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. കാൻസർ രോഗിയുടെ ശരീരത്തിൽ പേശികളുടെ വിഭജനം അതിവേഗത്തിൽ നടക്കുന്നതിനാൽ കീറ്റോണുകൾ കൂടുതലായി ഉൽപ്പാദിപ്പിക്കുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം കിറ്റോണുകളുടെ ഉൽപ്പാദനത്തെ മന്ദഗതിയിലാക്കി കാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു.
ഇത്രയേറെ സവിശേഷഗുണമുള്ള വെളിച്ചെണ്ണ മാറ്റിനിർത്തി മറ്റു എണ്ണകൾ ഉപയോഗിക്കാൻ കാരണമെന്താണ്?
അപൂരിത എണ്ണയിൽ പെട്ടത് ആണെങ്കിലും വെളിച്ചെണ്ണയ്ക്ക് പൂരിത എണ്ണയുടെ ഗുണങ്ങളാണ് മുന്നിട്ട് നിൽക്കുന്നത്. പൂരിത എണ്ണയുടെ അമിത ഉപയോഗം ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നു. പാമോയിൽ, വനസ്പതി, മാംസാഹാരം, പാൽ , പാക്കറ്റ് ഫുഡ്‌സ് എന്നിവയാണ് പ്രധാനകാരണക്കാർ എങ്കിലും സസ്യഎണ്ണയായ വെളിച്ചെണ്ണയുടെ അമിത പ്രയോഗവും കാരണമായേക്കാം. ഇതോടൊപ്പം മാറിയ ജീവിത രീതികളും വ്യായാമം തീരെയില്ലാത്ത ജോലികളും പുതിയ ഭക്ഷണ രീതികളും ജീവിത ശൈലീരോഗങ്ങൾക്ക് കാരണമാകുന്നു.
എങ്ങിനെ സുഹൃത്താക്കാം ?
നിയന്ത്രിത അളവിൽ വെളിച്ചെണ്ണയും, ഒപ്പം തവിടെണ്ണ, ഒലീവ്, കടല എണ്ണ, എള്ള് എണ്ണ എന്നിവയും ചേർത്ത മിക്സഡ് ഓയിൽ രീതിയാണ് പാചകത്തിന് സ്വീകരിക്കേണ്ടത്. ആരോഗ്യകരമായ പാചക രീതികളും സ്വീകരിക്കണം.
നിരവധി സവിശേഷ ഗുണങ്ങൾ നിറഞ്ഞ നമ്മുടെ സ്വന്തം വെളിച്ചെണ്ണയെ രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് പറഞ്ഞു ഒഴിവാക്കാതെ, നിയന്ത്രിത അളവിൽ ബുദ്ധിപൂർവ്വം പോഷകപ്രദമായി ഉപയോഗിക്കുക.
അനു മാത്യു
ഡയറ്റീഷ്യൻ
എസ് യു ടി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.