3 May 2024, Friday

ഐതിഹാസിക സമ്മേളനത്തിന്റെ സ്മരണ

എസ് രാമകൃഷ്ണൻ
February 8, 2024 4:15 am

1964 ഫെബ്രുവരി ഒമ്പത് മുതൽ 12 വരെ എഐബിഇഎയുടെ 13-ാം ദേശീയ സമ്മേളനം തിരുവനന്തപുരത്ത് വിജെടി ഹാളിൽ (ഇപ്പോഴത്തെ അയ്യന്‍കാളി ഹാള്‍) നടക്കുമ്പോൾ ഇന്ത്യൻ തൊഴിൽ രംഗവും ഇന്ത്യൻ സമ്പദ്ഘടനയും വളർച്ചയുടെ കൗമാരദശയിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ആ സാഹചര്യങ്ങളിൽ അന്നത്തെ സമ്മേളനം ഉയർത്തിയത് രാജ്യത്തെ തൊഴിൽ മേഖലയുടെയും സമ്പദ്ഘടനയുടെയും ഭാവിയിലെ ദിശ നിർണയിക്കാൻ പര്യാപ്തമായ രണ്ട് ആവശ്യങ്ങളായിരുന്നു. ബാങ്കിങ് മേഖലയിൽ തൊഴിലാളികളുമായി നേരിട്ടുള്ള ചർച്ചകളിലൂടെ സേവന വേതന വ്യവസ്ഥകൾ നിശ്ചയിച്ച് ദ്വികക്ഷി ഉടമ്പടിയിലൂടെ നടപ്പാക്കണം എന്നതായിരുന്നു ഒന്ന്. രണ്ടാമത്തേത്, എല്ലാ ബാങ്കുകളെയും ദേശസാൽക്കരിക്കണം എന്നതും. ഈ ആവശ്യങ്ങളിന്മേൽ തുടർപ്രക്ഷോഭങ്ങളുടെ പരമ്പര തന്നെ ഉണ്ടായി. ഏതാനും വർഷങ്ങൾ കൊണ്ട് ഈ രണ്ട് ആവശ്യങ്ങളും യാഥാർത്ഥ്യമായി. 1966 ഒക്ടോബർ 19ന് ഒന്നാം ഉഭയകക്ഷി കരാർ ഒപ്പിട്ടു. ഇപ്പോൾ അത് 12-ാം ഉഭയകക്ഷി കരാറിന്റെ ധാരണാപത്രം വരെ എത്തിനിൽക്കുന്നു. 1969 ജൂലൈ 19ന് ചരിത്രത്തിൽ ഇടംപിടിച്ച ബാങ്ക് ദേശസാൽക്കരണ പ്രഖ്യാപനവും നടന്നു.
1964ലെ സമ്മേളനം പ്രസക്തമാകുന്നത് ബാങ്ക് ജീവനക്കാർക്കു മാത്രമല്ല, മുഴുവൻ തൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കുമാണ്. ഉഭയകക്ഷി കരാർ എന്നത് കൂട്ടായ വിലപേശലിന്റെ ഉദാത്ത മാതൃകയാണിന്ന്. അതിലുപരി, സുനിർവചിതവും സുതാര്യവുമായ സേവന‑വേതന ഘടന എല്ലാ തൊഴിലാളികൾക്കും ലഭിക്കാൻ അർഹതയുണ്ട് എന്ന മൗലികമായ അവകാശമാണ് അന്ന് സ്ഥാപിക്കപ്പെട്ടത്. സർക്കാർ ജീവനക്കാരുടെ ശമ്പള കമ്മിഷനുകൾക്കുപോലും നല്‍കാൻ കഴിയാത്ത തൊഴിൽ സുരക്ഷ, നിശ്ചിത ജോലി സമയം, വേരിയബിൾ ഡിഎ തുടങ്ങി അച്ചടക്ക നടപടികളുടെ കാര്യത്തിൽ പോലും വ്യക്തവും വിശദവുമായ മാനദണ്ഡങ്ങൾ സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞു എന്നതാണ് ഉഭയകക്ഷി കരാർ സമ്പ്രദായത്തിന്റെ പ്രാധാന്യം. ആ നേട്ടം കൈവരിക്കുമ്പോൾ ബാങ്കിങ് മേഖല പ്രധാനമായും സ്വകാര്യ മേഖലയിൽ ആയിരുന്നു എന്നതും ഓർക്കേണ്ടതുണ്ട്. പൊതുമേഖലയിൽ സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് ഉണ്ടായിരുന്നുവെങ്കിലും ഇന്നത്തെ വലിപ്പം അന്ന് എസ്ബിഐക്ക് ഉണ്ടായിരുന്നില്ല. എസ്ബിഐ ഉഭയകക്ഷി കരാറിന്റെ ഭാഗമായിരുന്നുമില്ല. എന്നാല്‍ എസ്ബിടി തുടങ്ങിയ അസോസിയേറ്റ് ബാങ്കുകൾ കരാറിന്റെ ഭാഗമായിരുന്നു.


ഇതുകൂടി വായിക്കൂ;   ഘടികാരസൂചികൾ മുന്നോട്ടുതന്നെ പോകണം


ഈ മുന്നേറ്റം ഇൻഷുറൻസ് മുതൽ സർക്കാർ ജീവനക്കാരുടെ മേഖല വരെ വിവിധ വിഭാഗം തൊഴിലാളികൾക്ക് നൽകിയ ഉത്തേജനവും പ്രചോദനവും വളരെ വലുതായിരുന്നു. ഉജ്വല പോരാട്ടങ്ങളിലൂടെ വിവിധ വിഭാഗം തൊഴിലാളികൾ തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തി. സ്ഥിരതയാർന്ന ജോലി, മാന്യമായ കൂലി, സാമൂഹ്യസുരക്ഷ എന്നിവ ക്രമേണ ഇന്ത്യൻ തൊഴിൽ രംഗത്തിന്റെ മുഖമുദ്രയായി മാറി. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും നിർണായക മാറ്റങ്ങൾ കൊണ്ടുവന്ന 1986ലെ നാലാം ശമ്പള കമ്മിഷൻ റിപ്പോർട്ട് ഈ മുന്നേറ്റങ്ങളുടെയൊക്കെ പ്രതിധ്വനിയായിരുന്നു. പിന്നീട്, 1993ൽ ബാങ്ക് ജീവനക്കാർക്കും കേന്ദ്ര സർക്കാർ മാതൃകയിൽ നിർവചിത പെൻഷൻ ലഭിച്ചു. ഇത് സ്വകാര്യ ബാങ്കുകൾക്കും ബാധകമായിരുന്നു. ഇന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ ലഭിക്കുന്ന ജീവനക്കാർ സ്വകാര്യ മേഖലയിൽ ഉള്ളത് ബാങ്കിങ് രംഗത്തു മാത്രമാണ്.
1969 ജൂലൈ 19ലെ ബാങ്ക് ദേശസാൽക്കരണം അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ സൃഷ്ടിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും കോൺഗ്രസ് സോഷ്യലിസ്റ്റ് വിഭാഗവും ട്രേഡ് യൂണിയനുകളുമാണ് ബാങ്ക് ദേശസാൽക്കരണത്തിനായി ശക്തിയായി വാദിച്ചിരുന്നത്. മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ കോൺഗ്രസിലെ യാഥാസ്ഥിതിക വിഭാഗവും പ്രതിപക്ഷ കക്ഷിയായ ജനസംഘവും (ബിജെപിയുടെ ആദ്യരൂപം) മുതലാളിവർഗവും ബാങ്ക് ദേശസാൽക്കരണത്തെ ശക്തമായി എതിർത്തു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ദേശായി വിഭാഗവും തമ്മിൽ അതിരൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്ത കാലം. കോൺഗ്രസ് പാർട്ടിയിൽ സ്വന്തം സ്വാധീനം ഉറപ്പിക്കുക, ഭരണാധികാരി എന്ന നിലയ്ക്ക് ജനങ്ങളുടെ ഇടയിൽ പിന്തുണ നേടുക എന്നത് ഇന്ദിരയുടെ അന്നത്തെ ആവശ്യമായിരുന്നു. ബാങ്ക് ദേശസാൽക്കരണം എന്ന നിർണായക തീരുമാനം ഇതു രണ്ടും ഉറപ്പാക്കാൻ അവരെ സഹായിച്ചു. കോൺഗ്രസ് പിളർന്നു. മൊറാർജി വിഭാഗം പാർട്ടി വിട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ സർക്കാരിനെ പിന്തുണച്ചു. ഇന്ദിര കരുത്തുറ്റ നേതാവായി ഉയർന്നു. ഇതായിരുന്നു സാഹചര്യമെങ്കിലും രാജ്യമാകെ ബാങ്ക് ദേശസാൽക്കരണത്തിന് അനുകൂലമായ ഒരു ജനഹിതം രൂപപ്പെടുത്തുന്നതിൽ എഐബിഇഎയുടെ പങ്ക് വളരെ വലുതായിരുന്നു. എഐബിഇഎ ജനറൽ സെക്രട്ടറി പ്രഭാത് കർ 1957 മുതൽ 1967 വരെ സിപിഐയുടെ പാർലമെന്റ് അംഗമായിരുന്നു.
ബാങ്ക് ദേശസാൽക്കരണം ഇന്ത്യൻ സമ്പദ്ഘടനയുടെ കുതിച്ചുചാട്ടം ഉറപ്പാക്കി. രാഷ്ട്രത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കി. ദാരിദ്ര്യം കുറച്ചുകൊണ്ടുവരാൻ സഹായിച്ചു. ഗ്രാമീണ സമ്പദ്ഘടനയെ സജീവമാക്കി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. കർഷകരെ കടക്കെണിയിൽ നിന്നു കരകയറാൻ സഹായിച്ചു.


ഇതുകൂടി വായിക്കൂ;  ഓരങ്ങളിലേക്ക് തള്ളിനീക്കപ്പെടുന്ന സമ്പദ്ഘടന


ചരിത്ര പ്രാധാന്യമാർന്ന ഈ സാഹചര്യങ്ങളെ സ്മരിക്കുമ്പോൾ ഈ വിഷയങ്ങളിൽ ഇന്നത്തെ നിലയെന്ത് എന്നത് പ്രസക്തമാണല്ലോ. കാലചക്രത്തെ പിറകോട്ടു തിരിക്കുന്ന സമീപനമാണ് ഇന്നത്തെ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. തൊഴിൽ സുരക്ഷ മാത്രമല്ല, സ്ഥിരം തൊഴിൽ തന്നെ ഇല്ലാതാക്കാനാണ് അവർ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനു കളമൊരുക്കാനായി സർക്കാർ വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ ഒഴിച്ചിട്ടിരിക്കുന്നു. നിശ്ചിതകാല തൊഴിൽ, കരാർ തൊഴിൽ, അപ്രന്റിസ് സമ്പ്രദായം, ഔട്സോഴ്സിങ്, കോസ്റ്റ് ടു കമ്പനി തുടങ്ങിയ മാതൃകകൾ സർക്കാർ മേഖലയിൽ പോലും നടപ്പാക്കുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് അഥവാ വാണിജ്യ സംരംഭങ്ങൾ നടത്താനുള്ള സുഗമാന്തരീക്ഷമാണ് ലക്ഷ്യം എന്ന് ഭരണകൂടം തുറന്നു പ്രഖ്യാപിക്കുന്നു. രാജ്യമെങ്ങും കൂലി അഥവാ വേതന നിലവാരം വൻതോതിൽ കുറയുന്നു. ഉഭയകക്ഷി കരാർ പ്രകാരം ബാങ്ക് ക്ലർക്കിന്റെ തുടക്ക ശമ്പളം 35,000 രൂപയിലേറെയാണ്. ഓഫിസർമാരുടെത് 70,000 രൂപയിൽ ഏറെയും. അതേസമയം ട്രേഡ് യൂണിയൻ അവകാശങ്ങളില്ലാത്ത പുതുതലമുറ ബാങ്കുകളിൽ ക്ലർക്കുമാർ ഇല്ല. ഓഫിസറുടെ ജോലി ചെയ്യുന്നവർക്ക് തുടക്കശമ്പളം ശരാശരി 17,000 രൂപ മാത്രം. ഐടി മേഖലയിൽ 2000- 05 കാലഘട്ടത്തിൽ തുടക്കക്കാർക്ക് 60,000 രൂപയോളം ലഭിച്ചിരുന്നു. ഇപ്പോൾ അവിടെ കിട്ടുന്നത് 20,000–25,000 എന്ന നിലയിലാണ്. ഉഭയകക്ഷി കരാറിലൂടെ കൂട്ടായ വിലപേശലിന്റെ അഭൂതപൂർവമായ മാതൃകയാണ് എഐബിഇഎ സൃഷ്ടിച്ചെടുത്തത്. എന്നാൽ പതിറ്റാണ്ടുകൾക്കുശേഷം ഇന്ന് സംഘടിക്കാനും സമരം ചെയ്യാനും ഉള്ള മൗലിക അവകാശം പോലും നിഷേധിക്കപ്പെടുന്ന തൊഴിലാളികൾ നിരവധിയാണ്.


ഇതുകൂടി വായിക്കൂ;   ഇന്ത്യയും കേരളവും


അസംഘടിത മേഖലയിലെ മിനിമം കൂലി നിലവാരം പല സംസ്ഥാനങ്ങളിലും പരിതാപകരമാണ്. ഗുജറാത്ത് ഉൾപ്പെടെ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രതിദിന മിനിമം കൂലി 250 രൂപയിൽ താഴെയാണ്. ഇത്രയും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവർക്ക് എത്തിപ്പിടിക്കാവുന്ന ജീവിത നിലവാരം വളരെ പരിമിതമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇങ്ങനെ പോയാൽ നിലവിലുള്ള തലമുറയെക്കാൾ പിന്നാക്കമായിരിക്കും വരുംതലമുറയുടെ ജീവിതം.
പൊതുമേഖലയെ ആകെ സ്വകാര്യവൽക്കരിക്കുക എന്നതാണ് സർക്കാർ ഒരു പ്രധാന ലക്ഷ്യമായി കാണുന്നത്. മുതലാളിത്ത മാധ്യമങ്ങൾ സർക്കാരിനെ വിലയിരുത്തുന്നതു പോലും ഉദ്ദേശിച്ചത്ര ഓഹരികൾ വിറ്റോ എന്ന അടിസ്ഥാനത്തിലായിരിക്കുന്നു. സ്ഥാപനങ്ങൾ മാത്രമല്ല, മൈതാനങ്ങൾ, റോഡുകൾ ഉൾപ്പെടെയുള്ള ദേശീയ ആസ്തികളും മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ എന്ന പേരിൽ വില്പനയ്ക്കു വച്ചിരിക്കുകയാണ്. കൂടാതെ വൈദ്യുതി, ഹരിതോർജം തുടങ്ങി ബഹിരാകാശ ഗവേഷണം വരെ സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇതെല്ലാം സമ്പദ്ഘടനയുടെ അടിത്തറ തകർക്കുന്ന നടപടികളാണ്.
യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ കേന്ദ്ര ഭരണക്കാർ മതവും ആരാധനയും പ്രചരണ ആയുധങ്ങളാക്കുന്നു. ജനലക്ഷങ്ങൾ ആ കെണിയിൽ വീഴുന്നു. 500 വർഷത്തിനു മുമ്പ് ജീവിച്ച പൂർവികർക്കു നീതി ലഭ്യമാക്കി എന്നാണ് ചിലർ അവകാശപ്പെടുന്നത്. പൂർവികർക്കു നീതി ലഭ്യമാക്കുക എന്നതല്ല ഉദാത്തമായ ലക്ഷ്യം, ഭാവി തലമുറയ്ക്കു മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുക എന്നതാണ്. ഇക്കാര്യം നാമെല്ലാം ഉറക്കെ പറയേണ്ട സന്ദർഭമാണിത്.
1964ലെ ഐതിഹാസിക സമ്മേളനത്തിന്റെ നടത്തിപ്പിൽ ആശാൻ കെ വി സുരേന്ദ്രനാഥ് മുതൽ ഒഎൻവി കുറുപ്പ് വരെ പല മഹാരഥരും എഐബിഇഎയെ, ഒപ്പംനിന്നു സഹായിച്ചു. അന്നത്തെ മേയർ സി എസ് നീലകണ്ഠൻ നായർ ആയിരുന്നു സ്വാഗത സംഘം ചെയർമാൻ. എകെബിഇഎഫ് ജനറൽ സെക്രട്ടറി ബാങ്ക് ജീവനക്കാരുടെ ‘അണ്ണൻ’ ടി കെ വേലായുധൻ നായരായിരുന്നു മുഖ്യ നടത്തിപ്പുകാരൻ.
എഐബിഇഎയുടെ ചരിത്രപ്രാധാന്യമാർന്ന സമ്മേളനത്തിന്റെ അഭിമാനം പങ്കുവയ്ക്കുമ്പോൾത്തന്നെ, സമകാലിക വെല്ലുവിളികൾക്കെതിരെ പോരാടാനുള്ള ദൃഢനിശ്ചയത്തിന് കരുത്തു കൂട്ടാൻ കൂടിയാണ് ഈ സന്ദർഭം വിനിയോഗിക്കുന്നത്. നാളെ എഐബിഇഎ സംസ്ഥാന ഘടകമായ ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ ജനറൽ കൗൺസിൽ തിരുവനന്തപുരത്ത് ചേരുകയാണ്. കഴിഞ്ഞ കാലങ്ങളിലെ നേട്ടങ്ങൾ സമകാലിക വെല്ലുവിളികളെ നേരിടാൻ കരുത്തു പകരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.