സ്വര്‍ണപ്രതീക്ഷയുമായി ബാഡ്മിന്റണ്‍ മിക്സഡ് ടീമിനത്തിലിറങ്ങിയ ഇന്ത്യക്ക് വെള്ളി മെഡല്‍. പി വി സിന്ധു ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംഘം ഫൈനലില്‍ മലേഷ്യയോട് 3–1ന് തോറ്റതോടെയാണ് വെള്ളി മെഡലിലേക്കൊതുങ്ങിയത്. നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യക്ക് മുന്നില്‍ അടിയറ വച്ച സ്വര്‍ണ മെഡല്‍ മലേഷ്യന്‍ ടീം ഇത്തവണ തിരികെ പിടിച്ചു. സാത്വിക് സായിരാജ് — ചിരാഗ് ഷെട്ടി ഡബിള്‍സ് സഖ്യത്തിന്റെയും സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തിന്റെയും തോല്‍വികളാണ് ഇന്ത്യക്ക് തിരിച്ചടിയായത്. സ്വര്‍ണ മെഡല്‍ മത്സരത്തില്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കുകാരനായ ലക്ഷ്യ സെന്നിനെ കളത്തിലിറക്കാതെയാണ് ഇന്ത്യ കളിച്ചത്.
പി വി സിന്ധുവിന് മാത്രമാണ് ജയിക്കാനായത്. ഇന്ത്യയുടെ സാത്വിക് സായിരാജ്- ചിരാഗ് ഷെട്ടി സഖ്യം തോറ്റു. ആരോണ്‍ ചിയ‑സോഹ് വോയ് യിത് സഖ്യത്തോട് 18–21, 15–21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം തോറ്റത്. ഇതോടെ 1–0ന്റെ ലീഡും മലേഷ്യ സ്വന്തമാക്കി. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ പി വി സിന്ധു വിജയത്തോടെ ഇന്ത്യയെ 1–1 ഒപ്പമെത്തിച്ചു. ഗോഹ് ജിന്‍വേയെ 22–20, 21–17 എന്ന സ്‌കോറിനാണ് സിന്ധു തോല്പിച്ചത്. പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് തന്നേക്കാള്‍ റാങ്കിങ്ങില്‍ പിന്നിലുള്ള ടിസെ യോങ്ങിനോട് ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്ക് പരാജയപ്പെട്ടതോടെ ഇന്ത്യ ഞെട്ടി. ഇതോടെ മലേഷ്യ 2–1ന്റെ നിര്‍ണായ ലീഡ് സ്വന്തമാക്കി.
തുടര്‍ന്ന് നടന്ന വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ഗായത്രി ഗോപീചന്ദ് — ജോളി ട്രീസ സഖ്യം പേര്‍ളി ടീന്‍ — തിന്ന മുരളീധരന്‍ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ടീമിന്റെ പതനം പൂര്‍ത്തിയായി. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമ പുനിയയ്ക്ക് മെഡല്‍ നേടാനായില്ല. ഫൈനലില്‍ 55.92 മീറ്ററാണ് എറിയാനായത്. നവജീത് കൗര്‍ 53.51 മീറ്ററെറിഞ്ഞ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
English Summary:Commonwealth Games; Silver for Badminton Mixed Team
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.