25 December 2024, Wednesday
KSFE Galaxy Chits Banner 2

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും ദേശീയ പ്രസ്ഥാനവും

കെ ദിലീപ്
നമുക്ക് ചുറ്റും
December 29, 2022 4:41 am

റഷ്യൻ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ അലയൊലികൾ അക്കാലത്തു തന്നെ ഇന്ത്യയിലും എത്തിയിരുന്നു. ഇന്ത്യയിലെ പ്രമുഖരായ രാഷ്ട്രീയ‑സാമൂഹ്യ നേതാക്കൾ, സാഹിത്യകാരന്മാർ എല്ലാവരുംതന്നെ റഷ്യൻ വിപ്ലവത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്, അത് സാധാരണ ജനജീവിതത്തിൽ ഉണ്ടാക്കിയ പുരോഗമനപരമായ മാറ്റത്തെക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്തിരുന്നു. മാർക്സിനെക്കുറിച്ചും മാർക്സിയൻ ചിന്തകളെ കുറിച്ചും അക്കാലത്തെ ഇന്ത്യയിൽ വിദ്യാസമ്പന്നരുടെ ഇടയിൽ ഒരു സാമാന്യധാരണ ഉണ്ടായിരുന്നു. 1912ല്‍ തന്നെ മലയാളത്തിൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മാർക്സിന്റെ ഒരു ലഘു ജീവചരിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. അതേ വർഷം തന്നെ ലാലാ ഹർദയാൽ ഇംഗ്ലീഷിലും മാര്‍ക്സിന്റെ ഒരു ജീവചരിത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു. കാറൽ മാര്‍ക്സ് എന്ന മഹാ പണ്ഡിതന് ഇന്ത്യയെക്കുറിച്ച് വലിയ ധാരണകൾ ഉണ്ടായിരുന്നെങ്കിലും ഇന്ത്യക്കാർക്ക് മാർക്സിനെ കുറിച്ച് വലിയ ധാരണ അക്കാലത്ത് ഉണ്ടായിരുന്നില്ല. 1921 കാലഘട്ടത്തിലാണ് ദേശീയവാദികൾ സാമൂഹ്യ പ്രവർത്തകർ, തുടങ്ങിയ ചില ചെറുപ്പക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ രൂപീകരിച്ചത്. കൽക്കത്തയിൽ മുസാഫിർ അഹമ്മദ്, ലാഹോറിൽ ഗുലാം ഹുസൈൻ ബോംബെയിൽ ഡാങ്കെ എന്നിവരുടെയൊക്കെ നേതൃത്വത്തിലാണ് ഈ ഗ്രൂപ്പുകൾ സജീവമായത്. ചില പത്രങ്ങളും ഈ ഘട്ടത്തിൽ ഇവർ പുറത്തിറക്കി. കൽക്കട്ടയിൽ നിന്ന് മുസാഫിർ അഹമ്മദിന്റെ നേതൃത്വത്തിൽ നവയുഗം, ബോംബെയിൽ നിന്ന് ഡാങ്കെ പത്രാധിപരായ സോഷ്യലിസ്റ്റ്, ലാഹോറിൽ നിന്ന് ഗുലാം ഹുസൈൻ പ്രസിദ്ധീകരിച്ച ഇങ്ക്വിലാബ് എന്നിവ ഇവയിൽ ചിലതാണ്. ഈ ഗ്രൂപ്പുകൾ എല്ലാം വളരെ സജീവമായി ഇന്ത്യയുടെ രാഷ്ട്രീയസ്വാതന്ത്ര്യം ലക്ഷ്യം വച്ചുതന്നെ രൂപീകരിക്കപ്പെട്ടവയായിരുന്നു.
കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളാണ് ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് വ്യക്തമായ ദിശാബോധം നല്കുന്നത്. കാരണം ആ കാലഘട്ടത്തിൽ ദേശീയ പ്രസ്ഥാനത്തെ നയിച്ചിരുന്ന പലരും വളരെ പരിമിതമായ അവകാശങ്ങൾക്കു വേണ്ടി മാത്രമാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം വ്യവസായത്തൊഴിലാളികളുടെയോ കർഷകത്തൊഴിലാളികളുടെയോ 22 മണിക്കൂർ വരെ നീണ്ടുനില്ക്കുന്ന അടിമ വേലയെ കുറിച്ചോ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ചോ സമൂഹത്തിൽ നിലനില്ക്കുന്ന വലിയ അനാചാരങ്ങൾക്കെതിരെയുള്ള വ്യക്തമായ നിലപാടുകളോ അവർക്കുണ്ടായിരുന്നില്ല.

 


ഇതുകൂടി വായിക്കു; കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വെല്ലുവിളികളും ചുമതലകളും


രാജാറാം മോഹൻ റോയ് എന്ന അതുല്യ പണ്ഡിതനായ സാമൂഹ്യപരിഷ്കർത്താവ് മാത്രമായിരിക്കും ഒരുപക്ഷേ സാമൂഹ്യ തിന്മകൾക്കെതിരെ അന്നത്തെ ഇന്ത്യയിൽ വലിയ യുദ്ധം നയിച്ചത്. 1923 ആകുമ്പോഴേക്കും മദ്രാസിലും ശിങ്കാരവേലു ചെട്ടിയാർ എന്ന ഒരു അഭിഭാഷകൻ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ ആരംഭിക്കുകയുണ്ടായി. ഇന്ത്യയിൽ സാമ്രാജ്യവിരുദ്ധ സമരങ്ങൾ വളരെ സജീവമായ 1918 മുതൽ 1922 വരെയുള്ള കാലഘട്ടത്തിലാണ് കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ രൂപീകരിക്കപ്പെട്ടത്. എന്നാൽ ഈ ഗ്രൂപ്പുകൾ രൂപീകൃതമാകുന്നതിന് മുമ്പ് 1880കളിൽ തന്നെ വിവിധ തൊഴിൽശാലകളിൽ വളരെ മോശമായ തൊഴിൽ സാഹചര്യങ്ങൾക്കെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു. 1904ൽ ബോംബെയിൽ മിൽത്തൊഴിലാളികളുടെ വലിയ സമരങ്ങൾ നടക്കുകയുണ്ടായി. ഈ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ലോകമാന്യ തിലകനെ നാടുകടത്താനും ശ്രമം ഉണ്ടായി. ഇതിനെതിരെ ബോംബെ ബന്ദ് നടന്നു. തുടര്‍ന്ന് ബ്രിട്ടീഷ് സർക്കാരിന് തിലകനെതിരായ നാടുകടത്തൽ നടപടി ഉപേക്ഷിക്കേണ്ടിവന്നു. ഇത്തരത്തിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽ സാമ്രാജ്യത്വ സർക്കാരിനെതിരെ നിരന്തരം പടപൊരുതിയത് ട്രേഡ് യൂണിയനുകളും കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളും ആണ്. 1913 ൽ ഗദർ പാർട്ടി, ഏതാണ്ട് അതേ കാലത്തുതന്നെ ബംഗാൾ റവല്യൂഷനറി പാർട്ടി തുടങ്ങിയവ രൂപീകൃതമായി. കോൺഗ്രസിൽ ബാലഗംഗാധര തിലകൻ, ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ തുടങ്ങിയ നേതാക്കൾ ശക്തമായി തന്നെ സാമ്രാജ്യത്വത്തിനെതിരായി നിലപാട് സ്വീകരിച്ചു. ലാലാ ലജ്പത് റായി എഐടിയുസി സ്ഥാപക നേതാക്കളിൽ പ്രമുഖനാണ്. അക്കാലത്ത് കോൺഗ്രസ് പൂർണസ്വാതന്ത്ര്യം ലക്ഷ്യമായി പ്രഖ്യാപിക്കാനോ വലിയ ജനകീയ സമരങ്ങൾ സംഘടിപ്പിക്കാനോ മുതിർന്നിരുന്നില്ല. സമ്പൂർണ സ്വാതന്ത്ര്യത്തിനായി വാദിക്കുകയും രാജ്യമാകമാനം തൊഴിലാളികളെ സംഘടിപ്പിച്ചു മൂലധന ശക്തികൾക്കെതിരെ സമരങ്ങൾ നയിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളിലെ നേതാക്കളെ വലിയൊരു ഗൂഢാലോചന കേസിൽ ഉൾപ്പെടുത്തി ജയിലിൽ അടയ്ക്കാനാണ് ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചത്. അവർക്ക് വലിയ മർദനങ്ങളും നേരിടേണ്ടിവന്നു.

1924 ൽ കാൺപൂർ ഗൂഢാലോചന കേസില്‍ മുസാഫിർ അഹമ്മദ് തുടങ്ങിയ 13 കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് നേതാക്കളെ ജയിലിൽ അടച്ചു. ഇന്നും വ്യാജമായ കേസുകൾ ചമച്ച് ഇടതുപക്ഷ ബുദ്ധിജീവികളെ ജയിലിൽ അടയ്ക്കുന്ന സംഭവങ്ങൾ നമ്മുടെ നാട്ടിൽ അരങ്ങേറുന്നുണ്ട് എന്നത് ചരിത്രം ആവർത്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. 1921 ലെ അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിലെ അധ്യക്ഷനായിരുന്ന ഹസ്രത്ത് മുഹാനി ആണ് സമ്പൂർണ സ്വാതന്ത്ര്യ പ്രമേയം അവതരിപ്പിച്ചത് ഗാന്ധിജി അതിനെ എതിർത്തു, പ്രമേയം തള്ളിപ്പോയി. പിന്നീട് 1922ൽ ഗയ കോൺഗ്രസ് സമ്മേളനത്തിൽ ശിങ്കാരവേലു ചെട്ടിയാർ പൂർണ സ്വാതന്ത്ര്യ പ്രമേയം അവതരിപ്പിച്ചു. കൂടുതൽ പിന്തുണ ലഭിച്ചു. ഒരു ഏകീകൃത കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായാൽ മാത്രമേ യഥാർത്ഥ രാഷ്ട്രീയ സ്വാതന്ത്ര്യത്തിലേക്കുള്ള സമര മുന്നേറ്റങ്ങൾ ശക്തമാവുകയുള്ളൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് സിപിഐ രൂപീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ഇക്കാര്യം തിരിച്ചറിഞ്ഞാണ് ബ്രീട്ടീഷ് സർക്കാർ കാൺപൂർ ഗൂഢാലോചന കേസ് ചമച്ച് കമ്മ്യൂണിസ്റ്റ് നേതാക്കളെ ജയിലിലടച്ചത്. കേസിന്റെ വിചാരണ വേളയിലാണ് ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതും സമ്പൂർണ സ്വാതന്ത്ര്യം നേടിയെടുക്കാൻ ഉതകുന്നതുമായ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കണം എന്ന ആശയം ഉയർന്നുവരുന്നത്. 1925 ഫെബ്രുവരി 14ന് ചേർന്ന എഐടിയുസി സമ്മേളനവും ഇതേ ആവശ്യം ഉന്നയിച്ചു. കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ അഞ്ചാംപ്ലീനം 1925 മാർച്ചിലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാർ ഒരു ബഹുജന വിപ്ലവ പാർട്ടി രൂപീകരിക്കണമെന്ന് നിർദേശിച്ചു. ഇങ്ങനെ വിവിധ ദിശകളിൽ ഉള്ള ചർച്ചയുടെയും പ്രവർത്തനങ്ങളുടെയും ഫലമായാണ് 1925 ഡിസംബർ 25 മുതൽ 28 വരെ കാൺപൂരിൽ നടന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ അഥവാ സിപിഐ രൂപീകരിക്കുവാനുള്ള തീരുമാനമെടുത്തത്. 1925 ഡിസംബർ 26-ാം തീയതി വൈകിട്ട് സിപിഐ രൂപീകരണ പ്രമേയം അംഗീകരിച്ചു. 27ന് ഭരണഘടന അംഗീകരിച്ചു. കേന്ദ്ര നിർവാഹക സമിതിയും രൂപീകരിച്ചു. 30 അംഗ സമിതിയിലെ 16 പേരെയാണ് അന്ന് തെരഞ്ഞെടുത്തത്. ബാക്കി ആളുകളെ പ്രവിശ്യ കമ്മിറ്റികളിൽ നിന്നും വിദേശ ഗ്രൂപ്പുകളിൽ നിന്നും തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. 28ന് രാവിലെ പ്രസിഡന്റായി ശിങ്കാര വേലു ചെട്ടിയാരും സെക്രട്ടറിമാരായി എസ് വി ഘാട്ടെയും ജെ പി ബാഹർ ഹട്ടയും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ആസാദ് ശോഭാനിയും സെക്രട്ടറിമാരായി കൃഷ്ണസ്വാമി അയ്യങ്കാരും മുസാഫിർ അഹമ്മദും എസ് ഡി ഹസനും തെരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന അഖിലേന്ത്യാ പാർട്ടി നിലവിൽ വന്നതായും പ്രാദേശികമായി നിലവിലുള്ള ഗ്രൂപ്പുകൾ എല്ലാം പിരിച്ചുവിട്ടതായും ഡിസംബർ 28ന് പത്രക്കുറിപ്പ് നല്കുകയുണ്ടായി.

 


ഇതുകൂടി വായിക്കു; കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വെല്ലുവിളികളും ചുമതലകളും


 

പാർട്ടി രൂപീകരണത്തെ തുടർന്ന് ദേശീയ വിമോചന പ്രസ്ഥാനത്തിൽ പാർട്ടി നടത്തിയ പോരാട്ടങ്ങൾ, പാർട്ടി പ്രവർത്തകർ അനുഭവിച്ച ത്യാഗങ്ങൾ ഇവയെല്ലാംതന്നെ ഇന്ത്യാ ചരിത്രത്തിൽ സുവർണ ലിപികളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെയാണ് ഇന്ത്യാചരിത്രത്തിൽ ഒറ്റുകാരും കൂട്ടിക്കൊടുപ്പുകാരും മറ്റുമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചില പ്രസ്ഥാനങ്ങൾ ചരിത്രം മാറ്റി എഴുതണമെന്ന് ഇന്ന് മുറവിളി കൂട്ടുന്നതും അവരുടെ പൂർവകാല ചെയ്തികളെ മറച്ചുവയ്ക്കാനായി കള്ളക്കഥകൾ മെനയുന്നതും. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ രൂപീകരണത്തിന്റെ 97 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ഇന്നും ഒരേ പ്രതിബദ്ധതയോടെ അധഃസ്ഥിതരായ മനുഷ്യരുടെ വിമോചനത്തിനായി നിലകൊള്ളുന്നു. അതിനാൽത്തന്നെയാണ് ഇന്നും ഭരണവർഗങ്ങളും മുതലാളിത്ത പ്രചാരകരും വലിയ ശത്രുവായി സിപിഐയെ കണക്കാക്കുന്നത്. മാനായും മാരീചനായും ദിനംപ്രതി നിറംമാറുന്ന കുത്സിത ശക്തികൾ എക്കാലത്തും അധികാരത്തിൽ തുടരുകയില്ല എന്ന് ഉറപ്പാക്കിക്കൊണ്ട് ജനകീയ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ പാർട്ടി ഇന്നും നിലകൊള്ളുന്നു. ദേശീയ സമരങ്ങളിൽ സ്വീകരിച്ച അതേ നിലപാടോടുകൂടി തന്നെ. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ നിന്ന് വളർന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ദേശീയ തലത്തിൽ രാഷ്ട്രം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയെ നേരിടുന്നതിലും മുൻ നിരയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.