26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 21, 2024
July 21, 2024
July 17, 2024
July 17, 2024
July 17, 2024
July 14, 2024
July 13, 2024

സവര്‍ണ വോട്ടില്‍ ശ്രദ്ധയൂന്നി ബിജെപി: പിന്നാക്കക്കാരെ അവഗണിച്ചുവെന്ന് പരാതി

കെ കെ ജയേഷ്
കോഴിക്കോട്
March 3, 2024 7:35 pm

സവർണ വോട്ടിൽ കണ്ണും നട്ട് കേരളത്തിൽ ബിജെപി. ഇതോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തെത്തുടർന്ന് എൻഡിഎയിൽ ഉയർന്ന തമ്മിൽത്തല്ലിന് പിന്നാലെ, ബിജെപി പിന്നാക്ക വിഭാഗത്തിൽ പെടുന്നവർക്ക് അർഹമായ പ്രാധാന്യം നൽകിയില്ലെന്ന ആക്ഷേപവും പാർട്ടിയിൽ ശക്തമായി. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ച ആറു പേരും നായൻമാരാണെന്നും ഇനി പ്രഖ്യാപിക്കുന്ന സീറ്റുകളിൽ ഈ നിലപാട് ആവർത്തിക്കരുതെന്നുമാണ് പാർട്ടിയിൽ ആവശ്യം ഉയരുന്നത്. തിരുവനന്തപുരത്ത് മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖർ, പാലക്കാട്ടെ സി കൃഷ്ണകുമാർ, തൃശൂരിൽ മത്സരിക്കുന്ന സുരേഷ് ഗോപി, പൊന്നാനിയിൽ ഇടം പിടിച്ച നിവേദിത സുബ്രഹ്മണ്യൻ, വടകരയിലെ പ്രഫുൽ കൃഷ്ണ, കണ്ണൂരിലെ സി രഘുനാഥ് എന്നിവരാണ് നായർ വിഭാഗത്തിൽ ഉള്ളവർ. പാർട്ടിയിലെ മുതിർന്ന നേതാക്കളായ വി മുരളീധരൻ (ആറ്റിങ്ങൽ), ശോഭാ സുരേന്ദ്രൻ (ആലപ്പുഴ) എന്നിവർ മാത്രമാണ് ഈഴവ വിഭാഗത്തിൽ പെട്ടവർ. ഒഴിച്ചു നിർത്താൻ കഴിയാത്തതുകൊണ്ട് മാത്രമാണ് ഇവർക്ക് സീറ്റ് നൽകിയതെന്നും പാർട്ടിയിലെ ഈഴവ വിഭാഗത്തിൽ പെട്ടവർ വ്യക്തമാക്കുന്നു. 

മറ്റ് പിന്നോക്ക വിഭാഗത്തിൽ പെടുന്ന എം ടി രമേശ് (കോഴിക്കോട്), എം എൽ അശ്വിനി (കാസർകോട് ) എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മലപ്പുറത്ത് മത്സരിക്കുന്ന ഡോ. അബ്ദുൽ സലാം, പത്തനംതിട്ടയിൽ മത്സരിക്കുന്ന അനിൽ ആന്റണി എന്നിവരാണ് ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവർ.
ബിഡിജെഎസ് മത്സരിക്കാനുള്ളതാണ് ഈഴവർക്ക് കൂടുതൽ സീറ്റ് നൽകാതിരിക്കുന്നതിന് കാരണമായി നേതൃത്വം വിശദീകരിക്കുന്നത്. എന്നാൽ ബിഡിജെഎസിന്റെ സീറ്റുകളിൽ എല്ലാം ഈഴവരാവില്ല മത്സരിക്കുകയെന്നും, ബിഡിജെഎസ് മത്സരിക്കുന്നു എന്നുള്ളതുകൊണ്ട് ദേശീയ പാർട്ടിയായ ബിജെപി ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ പാടില്ലെന്നുമാണ് ഒരു വിഭാഗം വ്യക്തമാക്കുന്നത്. പ്രഖ്യാപിക്കാനിരിക്കുന്ന പാർട്ടിയുടെ നാലു സീറ്റുകളിൽ പിന്നാക്ക വിഭാഗക്കാർക്ക് പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. പി കെ കൃഷ്ണദാസ്, എ എൻ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് പ്രഖ്യാപിക്കാനിരിക്കുന്ന സീറ്റുകളിൽ നായർ വീതം വെപ്പ് ഒഴിവാക്കണമെന്ന ആവശ്യം എതിർവിഭാഗം ശക്തമാക്കുന്നതെന്ന് വ്യക്തമാണ്. 

ഇതേസമയം പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണിയിൽ ഉയർന്ന പ്രതിഷേധങ്ങളും ബിജെപിക്ക് തലവേദനയായിട്ടുണ്ട്. പത്തനംതിട്ട മണ്ഡലത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ ബിഡിജെഎസിനും തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ പി സി ജോർജ് രംഗത്ത് വന്നതാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നത്. സീറ്റ് നൽകാതിരിക്കാൻ ഇടപെട്ടത് തുഷാറും വെള്ളാപ്പള്ളി നടേശനുമാണെന്നായിരുന്നു പി സി ജോർജിന്റെ പ്രതികരണം. ബിജെപിയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പും സാമുദായിക സംഘടനകൾക്ക് താത്പര്യമില്ലാത്തതും കാരണമാണ് പി സി ജോർജിന് സീറ്റ് നിഷേധിച്ചത്. എന്നാൽ അക്കാര്യം വ്യക്തമാക്കാൻ സാധിക്കാത്തതുകൊണ്ട് തന്നെ ബിഡിജെഎസിന്റെ പേരിൽ വിഷയം ചർച്ചയാക്കാനാണ് പി സി ജോർജ് നീക്കം ആരംഭിച്ചിട്ടുള്ളത്. പത്തനംതിട്ട സീറ്റിൽ പി സി ജോർജ് മത്സരിച്ചാൽ കേരളം മുഴുവൻ ബിഡിജെഎസ് ബിജെപിക്കെതിരാവുമെന്നതുകൊണ്ടാണ് ഇത്തരമൊരു നിലപാടെടുത്തതെന്ന് ഒരു ബിജെപി നേതാവ് പ്രതികരിച്ചു. കഴിഞ്ഞ തവണ ശബരിമലയുടെ സാഹചര്യത്തിൽ നായർ- ഈഴവ വോട്ടുകൾ നന്നായി പാർട്ടിക്ക് ലഭിച്ചു. പി സി മത്സരിച്ചാൽ ഈഴവ വോട്ട് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലോ മറ്റേതെങ്കിലും മേഖലകളിലോ നല്ലൊരു സ്ഥാനം നൽകാമെന്ന് പറഞ്ഞ് പി സി ജോർജിനെ അനുനയിപ്പിക്കാനാണ് ബിജെപി നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്. കണ്ണൂർ സീറ്റ് നൽകാത്തതിലുള്ള എ പി അബ്ദുള്ളക്കുട്ടിയുടെ എതിർപ്പും ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് നേതൃത്വം കരുതുന്നു. 

Eng­lish Summary:Complaint that BJP focused on the upper class vote and neglect­ed the back­ward people
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.