9 May 2024, Thursday

കോണ്‍ഗ്രസിന്‍റെ പരാജയം: രാജസ്ഥാന്‍ ഗലോത്ത്-സച്ചിന്‍ പോര്, മധ്യപ്രദേശ്; കമല്‍നാഥിന്‍റെ മൃദുഹിന്ദുത്വം, ഛത്തീസ് ഗഢ്; അഴിമതി

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
December 3, 2023 4:27 pm

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പക്കലുണ്ടായിരുന്ന രാജസ്ഥാനും, ഛത്തീസ്ഗഢും നഷ്ടപ്പെടുകയും, മധ്യപ്രദേശില്‍ ഭരണത്തില്‍ എത്താന്‍ കഴിതായിരിരുന്നതും പാര്‍ട്ടിയെ സംബന്ധിച്ച് വന്‍ തിരച്ചടിയാണ് നേരിട്ടിരിക്കുന്നത്. തെലങ്കാനയിലുണ്ടായ വിജയം മാത്രമാണ് അല്പം ആശ്വാസം പകര്‍ന്നിട്ടുള്ളത്. അവിടെ സിപിഐയുമായി കോണ്‍ഗ്രസ് സഖ്യത്തിലായിരന്നു. ഇവിടെബിജെപിക്ക് ഒരു തരത്തിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. മധ്യപ്രദേശില്‍ ബിജെപി ഉയര്‍ത്തിയ തീവ്രഹിന്ദുത്വത്തിന് കോണ്‍ഗ്രസ് നേതാവുംമുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് മറുപടി നല്‍കിയത് മൃദുഹിന്ദുത്വത്തിലൂടെയാണ്. 

മധ്യപ്രദേശിൽ ബിജെപിയുടെ തീവ്രഹിന്ദുത്വത്തിന് കോൺഗ്രസ് നേതാവ് കമൽനാഥിന്റെ മറുപടി മൃദുഹിന്ദുത്വത്തിലൂടെയായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും കമൽനാഥ് മധ്യപ്രദേശിൽ മൃദുഹിന്ദുത്വം പറഞ്ഞു. പാർട്ടി നയങ്ങളേക്കാളുപരി മധ്യപ്രദേശിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നിയന്ത്രിച്ചത് കമൽനാഥായിരുന്നു. മുൻ മുഖ്യമന്ത്രിയായ കമൽനാഥിന് ചുറ്റുമായിരുന്നു മധ്യപ്രദേശിലെ കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ, ഈ കമൽനാഥിന്റെ തന്ത്രങ്ങൾ അമ്പേ പാളി.ബിജെപിയേക്കാളും ആവേശത്തോടെ രാമക്ഷേത്ര വിഷയം പല ഘട്ടങ്ങളിലും കമൽനാഥ് ഉയർത്തി. തെരഞ്ഞെടുപ്പിന് വർഷങ്ങൾക്ക് മുമ്പ് തന്നെ രാമക്ഷേത്രം കോൺഗ്രസ് നേട്ടമായി ഉയർത്തിക്കാട്ടാനായിരുന്നു കമൽനാഥിന്റെ ശ്രമം. രാമക്ഷേത്രത്തിന്റെ ഭൂമി പൂജയുടെ തലേന്ന് ക്ഷേത്ര നിർമ്മാണത്തിന് മധ്യപ്രദേശ് കോൺഗ്രസിന്റെ വക 11 വെള്ളിക്കട്ടകൾ നൽകുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ കമൽ നാഥിന്റെ പ്രഖ്യാപനം.ക്ഷേത്രത്തിന്റെ ഭൂമിപൂജയുടെ തലേന്ന് അദ്ദേഹത്തിന്റെ വസതിയിൽ നടത്തിയ ഹനുമാൻ ചാലിസയോടനുബന്ധിച്ചാണ് ഇതേക്കുറിച്ച് കമൽനാഥ് പ്രഖ്യാപനം നടത്തിയത്.

കോൺഗ്രസ് അംഗങ്ങൾ നൽകിയ സംഭാവനകളിൽ നിന്നാണ് വെള്ളിക്കട്ടകൾ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.മധ്യപ്രദേശിന്റെ സന്തോഷത്തിനും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഹനുമാൻ ചാലിസ ചൊല്ലിയതെന്ന് കമൽനാഥ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധീകരിച്ചാണ് അയോധ്യയിൽ രാമക്ഷേത്രം പണിയാൻ ഞങ്ങൾ 11 വെള്ളിക്കട്ടകൾ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പക്ഷേ, ജനങ്ങളുടെ വോട്ടുകളെ സ്വാധീനിക്കാൻ കമൽനാഥിന്റെ പ്രസ്താവനക്കും കഴിഞ്ഞില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളും തെളിയിക്കുന്നത്.1985ൽ രാമജന്മഭൂമി തുറന്നുകൊടുത്ത അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് യഥാർഥത്തിൽ ക്ഷേത്രത്തിന് അടിത്തറയിട്ടതെന്നും കമൽനാഥ് അവകാശപ്പെട്ടിരുന്നു. രാമരാജ്യം സ്ഥാപിക്കപ്പെടണമെന്ന് രാജീവ്ഗാന്ധി 1989ൽ പറഞ്ഞിരുന്നു. രാമക്ഷേത്ര സ്വപ്നം സാക്ഷാത്കരിക്കപ്പെടാൻ കാരണം രാജീവ് ഗാന്ധിയാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ വളരെയേറെ സന്തോഷിക്കുമായിരുന്നു കമല്‍നാഥ് പറയുന്നു. പക്ഷേ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ പുറത്ത് വരുമ്പോൾ തന്നെ കമൽനാഥിന്റെ പ്രചാരണം ഏശിയില്ലെന്നതാണ് തെളിയിക്കുന്നത്. 

തീവ്ര ഹിന്ദുത്വയെ ഒരിക്കലും മൃദുഹിന്ദുത്വം കൊണ്ട് നേരിടാൻ കഴിയില്ലെന്ന് മധ്യ പ്രദേശിലെ ഫലങ്ങൾ തെളിയിക്കുന്നു. രാജസ്ഥാനില്‍ നേതാക്കളുടെ താന്‍പ്രമാണിത്തവും,ഗ്രൂപ്പ് പോരുമാണ് അധികാരത്തില്‍ നിന്നും പുറത്തു പോകാന്‍ പ്രധാനകാരണം. ഇവിടെ അധികാരം കിട്ടിയാല്‍ തമ്മിൽ തല്ല്, കുതിൽകാൽവെട്ട് എന്നിവയിലാണ കോൺഗ്രസിന് കമ്പം. അതുകൊണ്ടുതന്നെ രാജസ്ഥാനിൽ കോൺഗ്രസ് പരാജയം, പാർട്ടി ദേശീയ നേതൃത്വവും ഏറെക്കുറെ പ്രതീക്ഷിരുന്നതാണ്. മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടും, യുവ നേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള ഏറ്റുമുട്ടൽ പാർട്ടിയുടെ താഴെ തട്ടിലേക്ക് വ്യാപിച്ചിരുന്നു.സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെക്കാൾ കോൺഗ്രസിലെ വിഭാഗീയതയാണ് ജനങ്ങളിലേക്കെത്തിയത്. അശോക് ഗലോത്തിനെ മാറ്റി പൈലറ്റിനെ പ്രതിഷ്ഠിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയാതെ പോയി. ഗെലോത്തിനെ മാറ്റാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല കോൺഗ്രസ് ഹൈക്കമാൻഡ്.രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഗ്രൂപ്പുകൾ പരസ്പരം കാലുവാരിയെന്നും വ്യക്തമാണ്. അഞ്ചുശതമാനം വോട്ട് രാജസ്ഥാനിലുള്ള വിഭാഗമാണ് സച്ചിൻ ഉൾപ്പെട്ട ഗുജ്ജാർ വിഭാഗം. 

കോൺഗ്രസിനൊപ്പം നിന്ന വിഭാഗമായിരുന്നു ഇവരെങ്കിലും നിലവിൽ ബിജെപിക്കായിരിക്കും തങ്ങളുടെ വിഭാഗത്തിന്റെ വോട്ടുകളെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വോട്ടുകൾ നഷ്ടമാക്കിയത് കോൺഗ്രസ് ഗ്രൂപ്പിസമാണ്.ഛത്തീസ്‌ഗഡിൽ ഈ രീതിയിലുള്ള ഒരു വിജയം ബിജെപി നേതാക്കൾപോലും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം എക്സിറ്റുപോളുകളിലും അവിടെ കോൺഗ്രസിനാണ് മുൻ തൂക്കം പ്രവചിക്കപ്പെട്ടത്. കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് എതിരെ ശക്തമായ ഒരു സമരം നയിക്കാൻ പോലും ബിജെപിക്ക് ആയിരുന്നില്ല. എന്തിന് പ്രതിപക്ഷ നേതാവായ ബിജെപിയിലെ രമൺസിങ് വീടിന് പുറത്തിറങ്ങാത്ത ആളാണെന്നുവരെ പഴി കേട്ടു എന്നിട്ടും ബിജെപി വിജയിച്ചത് എങ്ങനെയാണ് .മോഡി അമിത്ഷാ, ജെപി നദ്ദ ഈ മൂന്നുപേരാണ് ഛത്തീഗ്ഗഡിൽ ക്യാമ്പയിന് ബിജെപിനേതൃത്വം കൊടുത്തത്. ഭൂപേഷ് ബാഗലിന്റെ അഴിമതിയും, നക്സലിസത്തിന്റെ വളർച്ചയുമാണ് അമിത്ഷാ ആയുധമാക്കിയത്. ഭൂപേഷ് ബാഗലിന് മഹാദേവ വാതുവെപ്പ് ആപ്പ് കമ്പനി പ്രെമോട്ടർമാർ 508 കോടി രൂപ നൽകിയതായുള്ള എൻഫോഴ്സ്മെന്റ് ആരോപണം ഇ ഡി ആന്വേഷിക്കയാണ്. ഇത് എടുത്തിട്ടാണ് അവസാനനിമിഷം മോഡി ഇവിടെ കാടിളക്കി കാമ്പയിൻ നടത്തിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ചാണകത്തിൽപോലും അഴിമതി നടത്തിയ സർക്കാർ എന്നാണ് ബാഗേൽ സർക്കാറിനെ വിശേഷിപ്പിച്ചത്.

കോൺഗ്രസ് ആവട്ടെ അഴിമതി ആരോപണങ്ങളെ കാര്യമായി കണ്ടില്ല. ഭൂപേഷ് ബാഗലിന്റെ ബഡായികൾക്ക് അപ്പുറം സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമായിരുന്നെന്നാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധർ ഇപ്പോൾ പറയുന്നത്.ആദിവാസികൾ വലിയ ഭൂരിപക്ഷമുള്ള ഛത്തീസ്‌ഗഡിൽ കോൺഗ്രസിനെ ഗോത്ര വർഗപാർട്ടികളും ചതിച്ചു. അരവിന്ദ് നേതം എന്ന മുൻ കോൺഗ്രസ് നേതാവിനെ മുൻ നിർത്തി ബിജെപി ഉണ്ടാക്കിയ ഹമാർ രാജ് പാർട്ടിയാണ് യഥാർത്ഥത്തിൽ ചത്തീസ്ഗഡിൽ കോൺഗ്രസിന്റെ അടിവേര് തോണ്ടിയത്. ഗോത്ര വർഗ പാർട്ടികളെ മുന്നിൽ നിർത്തി കോൺഗ്രസിന്റെ വോട്ടു ബാങ്കുകളെ ചോർത്തിയെടുക്കുക എന്ന ബിജെപി തന്ത്രം വിജയിച്ചു. ആദിവാസി മേഖലകളിൽ കോൺഗ്രസ് വലിയ തോതിൽ പിന്നോട്ട് പോയി. പതിനഞ്ചുവർഷം ബിജെപി ഭരിച്ച സംസ്ഥാനത്തെയാണ് കഴിഞ്ഞ തവണ കോൺഗ്രസ് പിടിച്ചെടുത്തത്. 

തെലങ്കാനയില്‍ കോണ്‍ഗ്രസ് സിപിഐയുമായി സഖ്യം ചേര്‍ന്ന് ചിട്ടയായ പ്രവര്‍ത്തനം നടത്തി.കർണ്ണാടകയിലെ കോൺഗ്രസ് കിങ്ങ് മേക്കറായ ഡി കെ ശിവകുമാർ തന്നെയാണ് തെലുങ്കാനയിലും തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചത്.തെലങ്കാനയിൽ ആറിന വാഗ്ദാനങ്ങളുമായാണ് കോൺഗ്രസ് രംഗത്തുവന്നത്. സംസ്ഥാന രൂപീകരണ വാർഷികത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ വെച്ച് സോണിയാ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. മഹാലക്ഷ്മി സ്‌കീമിന്റെ കീഴിൽ സ്ത്രീകൾക്ക് മാസം 2,500 രൂപവീതം ധനസഹായം നസൽകും. 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ നൽകും. തെലങ്കാന സ്റ്റേറ്റ് ആർടിസിയിലെ ബസുകളിൽ സംസ്ഥാനമൊട്ടാകെ വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഗൃഹജ്യോതി പദ്ധതിയുടെ ഭാഗമായി 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകും. വീടില്ലാത്തവർക്ക് വീടു വയ്ക്കാനായി സ്ഥലും അഞ്ചുലക്ഷം രൂപയും നൽകും. കർഷകർക്ക് പ്രതിവർഷം 15,000 രൂപവീതവും കർഷകത്തൊഴിലാളികൾക്ക് 12,000 രൂപയും ധനസഹായം നൽകുമെന്നും സോണിയ പ്രഖ്യാപിച്ചു. ഇതിന് പിന്നിൽ പൾസ് അറിഞ്ഞുള്ള രേവന്ത് റെഡ്ഡിയുടെ നീക്കമായിരുന്നു. സ്ത്രീകൾക്കൊപ്പം കർഷകരേയും ചേർത്തു നിർത്തി. ഇതോടെ ഗ്രാമ മേഖലയിലെ വോട്ടുകൾ കോൺഗ്രസിലേക്ക് ഒഴുകിയെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘടനാ പ്രവര്‍ത്തനവും ഏറെ ഗുണകരമായി 

Eng­lish Summary:
Con­gress defeat: Rajasthan Galoth-Sachin bat­tle, Mad­hya Pradesh; Kamal­nath’s mild Hin­duism, Chhat­tis­garh; Corruption

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.