23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം; പ്രവര്‍ത്തകസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കടലാസില്‍ ഒതുങ്ങും, രാഹുലിനൊപ്പം നില്‍ക്കുന്നവര്‍ അട്ടിമറിക്കും

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
May 10, 2022 12:52 pm

രാജ്യത്താകമാനം ദുര്‍ബലമായി മാറികൊണ്ടിരിക്കുന്ന കോൺഗ്രസിനെ ഉടച്ചു വാര്‍ക്കാനായി കോണ്‍ഗ്രസിന്‍റെ താല്‍ക്കാലിക അദ്ധ്യക്ഷ സോണിയഗാന്ധി മുന്‍കൈഎടുത്തു രാജസ്ഥാനിലെ ഉദയ്പുരിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന ചിന്തൻ ശിബിരം എങ്ങനെയായിരിക്കും അവസാനിക്കുകയെന്നു പാര്‍ട്ടിയില്‍ ചര്‍ച്ചായായിട്ടുണ്ട്. നേരത്തേതുപോലെ എല്ലാം അദ്ധ്യക്ഷയെ ചുമതലപ്പെടുത്തുന്ന തരത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയും അണികള്‍ക്കിടയിലുണ്ട്.

എന്നാല്‍ അന്നത്തെ സാഹചര്യമല്ല നിലനില്‍ക്കുന്നത്. ഇന്നു പാര്‍ട്ടി ജനങ്ങളില്‍ നിന്നും അകന്നിരിക്കുന്നു. തെരഞ്ഞെടുപ്പുകളിലെല്ലാം വന്‍ പരാജയമാണ് ഏറ്റുവാങ്ങുന്നത്. താല്‍ക്കാലിക അദ്ധ്യക്ഷ സോണിയഗാന്ധിഏറെ ശാരീരികമായി ബുദ്ധിമുട്ടിലുമാണ്. പഴയതുപോലെ ഓടി നടന്നു സംഘടനാ പ്രവര്‍ത്തനംനടത്തുവാന്‍ കഴിയുന്നുമില്ല. രാഹുല്‍ഗാന്ധിക്ക് പ്രത്യേകിച്ച് ചുമതലകളൊന്നും ഇല്ലതാനും, ചില ഉപജാപകവൃന്ദങ്ങളില്‍ അമര്‍ന്നു ഇരിക്കുകയാണ്. ശിബിറിനു മുന്നോടിയായി കൂടിയ പ്രവര്‍ത്തക സമതിയില്‍ ചില നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്. പലവിധത്തിലുള്ള ചർച്ചകളാകും നടക്കുക. ഒരാൾക്ക് ഒരു പദവി, ഒരു കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർത്ഥി എന്നിവയടക്കമുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള വിപ്ലവകരമായ നിര്‍ദ്ദേശങ്ങളുമൊക്കെ വരുന്നു. 

തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങൾക്കു മേൽനോട്ടം വഹിക്കാൻ ജനറൽ സെക്രട്ടറി പദവിയിൽ എഐസിസിയിൽ പുതിയ തസ്തിക സൃഷ്ടിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള വഴികൾ തേടി ഹൈക്കമാൻഡുമായി അടുത്തിടെ ചർച്ച നടത്തിയ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ സമാന ആശയം മുന്നോട്ടുവച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെയാണ് പദവിയിലേക്കു പ്രശാന്ത് ശുപാർശ ചെയ്തത്.ദേശീയതലത്തിൽ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കണം, തിരഞ്ഞെടുപ്പ് പ്രവർത്തനം, സഖ്യങ്ങൾ സംബന്ധിച്ച തീരുമാനം എന്നിവയ്ക്കു മേൽനോട്ടം വഹിക്കാൻ ഏകോപന സമിതിയും വേണം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി ദയനീയമായി തോറ്റ സീറ്റുകളിൽ സ്ഥാനാർത്ഥികളെ അടുത്ത വർഷം തന്നെ തീരുമാനിക്കുക.പ്രവർത്തകരുടെയും ഭാരവാഹികളുടെയും പ്രവർത്തനം വിലയിരുത്താൻ മൊബൈൽ ആപ്, സംസ്ഥാനങ്ങളെ രണ്ടായി വിഭജിക്കുക കോൺഗ്രസിനു സംഘടനാപരമായി ശക്തിയുള്ളവ, പാർട്ടി വെല്ലുവിളി നേരിടുന്നവ, വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളിൽ താഴെത്തട്ടിൽ 50 100 സംഘടനാകാര്യ സെക്രട്ടറിമാരെ നിയമിക്കുക.

പഞ്ചായത്ത് തലത്തിൽ പാർട്ടിയെ നയിക്കാൻ കെൽപുള്ള മികച്ച നേതാക്കളെ ഇവർ കണ്ടെത്തണംഎഐസിസി, ഡിസിസി ഭാരവാഹികൾക്കു നിശ്ചിത സേവന കാലാവധി നിശ്ചയിക്കുക എന്നതാണ് മറ്റൊരു നിർദ്ദേശം. എഐസിസി, പിസിസി ജനറൽ ബോഡി യോഗങ്ങൾ വർഷത്തിൽ 2 തവണ ചേരണമെന്നും നിർദേശിക്കുന്നു. പാർട്ടി പ്രത്യയശാസ്ത്രം പ്രവർത്തകരെ പഠിപ്പിക്കാൻ പരിശീലന കളരി കൊണ്ടുവരുംബ്ലോക്ക്, ബൂത്ത്, ജില്ലാ, പിസിസി ഘടകങ്ങൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കാൻ സമിതികളും രൂപീകരിക്കും. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പോഷക സംഘടനകൾ, പ്രവർത്തക സമിതി എന്നിവയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുക. പാർട്ടി ഫണ്ട് സ്വരൂപിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും.സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലെ ജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുമായി പാർട്ടി നിരന്തരം ആശയവിനിമയം നടത്തുക. ഇതിനു മേൽനോട്ടം വഹിക്കാൻ പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഉൾപാർട്ടി പ്രശ്‌നങ്ങൾ പൊതുസദസ്സിൽ ചർച്ച ചെയ്യുന്നതിനു വിലക്ക്. പർട്ടിയുടെ മീഡിയ വിഭാഗം അടിമുടി ഉടച്ചുവാർക്കണമെന്നും നിർേദശമുണ്ട്.

അതേസമയം പാർട്ടി നിർണായകമായ ഒരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് പാർട്ടിയെ വീണ്ടെടുക്കണം എന്ന് സോണിയ ഗാന്ധി ആഹ്വാനം ചെയ്തു. പാർട്ടി ആസ്ഥാനത്ത് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ സോണിയ പാർട്ടിയുടെ നിലവിലെ അവസ്ഥയേയും മുന്നോട്ടു പോക്കിനേയും കുറിച്ച് വിശദമായി സംസാരിച്ചു. മെയ് 13 മുതൽ 15 വരെ നടക്കുന്ന ചിന്തൻ ശിബിരം കോൺഗ്രസിന്റെ വലിയ യാത്രയുടെ തുടക്കമായിരിക്കുമെന്ന് നേതാക്കൾ യോഗത്തിന് ശേഷം വ്യക്തമാക്കി.തിരിച്ചുവരവിനുള്ള ശ്രമങ്ങൾ സജീവമാക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പിലെ വിജയം ആവശ്യമാണ്. പക്ഷേ അതിലേക്കുള്ള യാത്രയിലെ ആദ്യപടി മികച്ച സംഘടനാ സംവിധാനം കെട്ടിപ്പടുക്കലാണ് എന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു. അതിനുള്ള സജീവ ശ്രമങ്ങൾ ചിന്തൻ ശിബിരത്തിൽ ഉണ്ടാകും എന്ന ആത്മവിശ്വാസമാണ് പ്രവർത്തക സമിതി യോഗത്തിന് ശേഷം നേതാക്കൾ പ്രകടിപ്പിക്കുന്നത്.

തിരിച്ചുവരവിന് മാന്ത്രിക വിദ്യയോ കുറുക്കു വഴികളോ ഇല്ല എന്ന ചൂണ്ടിക്കാട്ടൽ സോണിയാ ഗാന്ധി പ്രവർത്തക സമിതി യോഗത്തിൽ നടത്തി. പ്രത്യയശാസ്ത്രപരമായും സംഘടനാപരമായുമുള്ള വെല്ലുവിളികളെ നേരിടാൻ കോൺഗ്രസിനെ പ്രാപ്തമാക്കുന്നതിനുള്ള വിളംബരമാകണം ചിന്തൻ ശിബിരമെന്നും സോണിയ നിർദേശിച്ചു.രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന ചിന്തൻ ശിബിരത്തിൽ 422 പ്രതിനിധികൾ ഉണ്ടാകും. 50 ശതമാനം പേർ 50 വയസ്സിന് താഴെയുള്ളവർ. 21 ശതമാനം സ്ത്രീകൾ. ആറ് സമിതികൾ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച് ചർച്ച നടത്തി മെയ് 15ന് ഉദയ്പൂർ പ്രഖ്യാപനം നടത്തും. 

എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളൊന്നും കോണ്‍ഗ്രസില്‍ നടപ്പാകില്ലെന്നു ഒരു വിഭാഗം നേതാക്കള്‍ തന്നെ പറയുന്നു. പാര്‍ട്ടിയില്‍ തന്നെ രാഹുലിനൊപ്പം നില്‍ക്കുന്ന നേതാക്കള്‍ സമ്മതിക്കത്തില്ല. ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുവാന്‍ എന്നു പാര്‍ട്ടിയില്‍ തന്നെ അഭിപ്രായം ശക്തമാണ്. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രാഹുലിനൊപ്പം നില്‍ക്കുന്ന നേതാക്കളില്‍ പ്രധാനിയാണ്. കെ സി ആ സ്ഥാനത്തുനിന്നു മറ്റണമെന്ന ജി23 നേതാക്കള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്.

ലോക്സഭയിലെ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ അധിര്‍രജ്ഞന്‍ദാസിനെ മാറ്റണെന്നു നേരത്തെ മുതല്‍ വിവിധ കോണുകളില്‍നിന്നും ആവശ്യമുണ്ടായിരുന്നു. എന്നാല്‍നിലനിര്‍ത്തുന്നതിനു പിന്നിലും കെ സി ആണെന്നു പറയപ്പെടുന്നു. മനീഷ്തിവാരി, ശശിതരൂര്‍ എന്നിവരില്‍ ആരെങ്കിലും വന്നാല്‍ രാഹുലിന്‍റെ വഴി അടയുമെന്നു കുടുംബവാദികളെ ബോധ്യപ്പെടുത്തിയതും രാഹുല്‍ ഭക്തരാണ്. പാര്‍ട്ടിയില്‍ ഒരു തരത്തിലും മാറ്റം വരുത്തുവാന്‍ ഇക്കൂട്ടര്‍ തയ്യാറാകില്ല. 

Eng­lish Summary:Congress think tank; The rec­om­men­da­tions of the work­ing com­mit­tee will be kept on paper and those who are with Rahul will be subverted

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.