27 May 2024, Monday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

ഭൂപതിവ് ഭേദഗതിയിലെ കോൺഗ്രസ് വഞ്ചന

നിരീക്ഷണം / കെ കെ ശിവരാമൻ
ഒറ്റുകാരെ ഒറ്റപ്പെടുത്തുക — 2
April 19, 2024 1:22 pm

മലയോര മേഖലകളിലെ, പ്രത്യേകിച്ച് ഇടുക്കിയിലെ ജനങ്ങളുടെ ഏറ്റവും പ്രധാന ആവശ്യമായിരുന്ന പട്ടയ ഭൂമിയിലെ സമ്പൂർണ്ണ അവകാശം. 1960ലെ ഭൂപതിവ് നിയമത്തെയും 64 ലെ ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന പട്ടയ ഭൂമിയിൽ വീട് വയ്ക്കാനും, കന്നുകാലികളെ വളർത്തുന്നവർക്ക് തൊഴുത്ത് നിർമ്മിക്കാനുള്ള അവകാശമേ ഉള്ളൂ. നിയമം കൊണ്ടുവന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള ഗവൺമെന്റ്. ചട്ടം കൊണ്ടുവന്നത് ആർ ശങ്കർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ. ഈ നിയമത്തിന്റെയും ചട്ടങ്ങളുടെയും സമ്പൂർണ്ണ ഉത്തരവാദിത്വം യുഡിഎഫിനാണ്. 

പക്ഷേ ചട്ടം ലംഘിച്ച് മലയോര മേഖലകളിൽ എല്ലാ പട്ടയ ഭൂമിയിലും പതിനായിരക്കണക്കിന് നിർമിതികൾ ഉണ്ടായി. സ്കൂളുകളും കോളജുകളും ആശുപത്രികളും ആരാധനാലയങ്ങളും ലോഡ്ജുകളും റിസോർട്ടുകളും ഷോപ്പിംഗ് കോംപ്ലക്സുകളും ഉണ്ടായി. ഒരു തടസവും ഇല്ലാതെ ഇവയെല്ലാം പ്രവർത്തിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ കേരള ഹൈക്കോടതിയിൽ നിന്നൊരു ഉത്തരവുണ്ടായി. 2010 സെപ്റ്റംബറിലെ കോടതി ഉത്തരവിൽ രണ്ടു കാര്യങ്ങളാണ് പറഞ്ഞത് ഒന്ന്. മൂന്നാർ മേഖലയിൽ ഇനിയുള്ള നിർമാണങ്ങൾക്ക് റെവന്യൂ എൻഒസി വേണം. രണ്ട് ഏതെല്ലാം വില്ലേജുകൾ ആണ് മൂന്നാർ മേഖലയിൽ ഉൾപ്പെടുത്തേണ്ടത് എന്നതിനെപ്പറ്റി ഗവൺമെന്റ് കോടതിക്ക് റിപ്പോർട്ട് നൽകണം. 2011ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നു. കോടതി ആവർത്തിച്ച് കത്തിടപാടുകൾ നടത്തി. മൂന്നാർ മേഖലയിൽ ഉൾപ്പെടുത്തേണ്ട വില്ലേജുകളുടെ ലിസ്റ്റ് കൊടുത്തില്ല. കോടതിവിധി കാറ്റിൽ പറത്തി മൂന്നാർ മേഖലയിൽ ഒട്ടനവധി നിർമിതികൾ ഉണ്ടായി. എല്ലാത്തിന്റെയും പിന്നിൽ കോൺഗ്രസ് നേതാക്കന്മാർ. ഒടുവിൽ 2016ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ അന്നത്തെ ദേവികുളം സബ് കളക്ടർ എട്ട് വില്ലേജുകളുടെ ലിസ്റ്റ് കൊടുത്തു. അതിലൊന്ന് ആനവിലാസം. കോടതിവിധി ലംഘിച്ച് നൂറുകണക്കിന് നിർമ്മാണങ്ങൾ എൻഒസി ഇല്ലാതെ മൂന്നാർ മേഖലയിൽ ഉണ്ടായി. കോൺഗ്രസ് നേതാക്കന്മാരുടെ കൊയ്ത്തു കാലമായിരുന്നു 2011 — 16 കാലഘട്ടം. 

ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നതിനെ തുടർന്ന് കോടതി ശക്തമായ ഇടപെടൽ ആരംഭിച്ചു. അതിനിടയിൽ ചില കോൺഗ്രസ് നേതാക്കന്മാർ കോടതി കയറി ഇറങ്ങി എട്ട് വില്ലേജുകളിൽ ഉണ്ടായിരുന്ന നിർമ്മാണ നിയന്ത്രണം ജില്ലയാകെ ബാധകമാക്കി. പിന്നീട് സംസ്ഥാന വ്യാപകമാക്കി കോടതി ഉത്തരവായി. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിലാണ് 1960ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തീരുമാനിച്ചത്. അതിന് ഏറെ ചർച്ചകളും പരിശോധനകളും വേണ്ടിവന്നു. മറ്റു സംസ്ഥാനങ്ങളിൽ ഈ മേഖലയിൽ വരുത്തിയ മാറ്റങ്ങളും പഠിക്കേണ്ടതായി. അവസാനം നിയമ ഭേദഗതി സഭയിൽ അവതരിപ്പിച്ചു. ഇതുവരെയുള്ള നിർമ്മാണങ്ങളും ക്രമപ്പെടുത്തി കൊടുക്കുവാൻ സർക്കാരിന്റെ അധികാരപ്പെടുത്തുന്നതായിരുന്നു ഭേദഗതി. 

നിയമസഭയിൽ പ്രതിപക്ഷം രണ്ട് കൈയും ഉയർത്തി ഭേദഗതിയെ സ്വാഗതം ചെയ്തു. എന്നാൽ സഭയ്ക്കു വെളിയിൽ അവർ ഭേദഗതിക്കെതിരെ വ്യാപകമായ കള്ള പ്രചരണം ആരംഭിച്ചു. നട്ടാൽ കുരുക്കാത്ത ആരോപണങ്ങളാണ് ഡീൻ കുര്യാക്കോസ് അടക്കമുള്ളവർ നാട്ടിൽ പ്രചരിപ്പിച്ചത്. ആറുമാസം കഴിഞ്ഞിട്ടും ഗവർണർ ഈ ഭേദഗതിക്ക് അംഗീകാരം നൽകിയില്ല. അദ്ദേഹം ഒരു നിയമനിർമ്മാണത്തിനും അനുമതി നൽകാറില്ല. പ്രതിപക്ഷം ഈ നിയമഭേദഗതി അംഗീകരിക്കരുതെന്ന് പരസ്യമായി ഗവർണറോട് ആവശ്യപ്പെട്ടു. ജില്ലയിലെ ജനങ്ങളോട് നീതി കാണിക്കുവാൻ അനുവദിക്കില്ല എന്ന ജനവിരുദ്ധ നിലപാടാണ് യുഡിഎഫും ഡീൻ കുര്യാക്കോസും സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് മലയോര ജനത രാജ്ഭവനിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചത്. പതിനായിരം പേരുടെ മാർച്ച് ആണ് നിശ്ചയിച്ചത്. രാജ്ഭവൻ മാർച്ചിന്റെ അന്നുതന്നെ ഗവർണർക്ക് തൊടുപുഴയിൽ ഒരു പരിപാടി നൽകി. ഇത് ജില്ലയിലെ ജനങ്ങളോട് ഉള്ള വെല്ലുവിളിയായിരുന്നു. ഈ വെല്ലുവിളി എൽഡിഎഫ് ഏറ്റെടുത്തു. 10000 പേർ രാജ് ഭവനിലേക്ക് മാർച്ച് നടത്തി. അന്നുതന്നെ തൊടുപുഴയിൽ ഹർത്താൽ പ്രഖ്യാപിച്ചു. ആ സന്ദർഭത്തിൽ യുഡിഎഫും ഡീൻ കുര്യാക്കോസും പരസ്യമായി പ്രഖ്യാപിച്ചു- ഞങ്ങൾ ഗവർണർക്ക് എല്ലാവിധ സംരക്ഷണവും നൽകും. ഇത് മലയോര ജനതയെ ഒറ്റു കൊടുക്കൽ അല്ലെങ്കിൽ മറ്റെന്താണ്.
ഇടുക്കി ജില്ലയിലെ 90 ശതമാനം ജനങ്ങൾക്കും ആശ്വാസം പകരുന്ന നിയമ ഭേദഗതിയെ സംസ്ഥാന വിരുദ്ധനായ അമിത്ഷായുടെ കൂലിക്കാരനായ ഗവർണറെ ഉപയോഗിച്ച് അട്ടിമറിച്ച ഡീൻ കുര്യാക്കോസിനോടും യുഡിഎഫിനോടും കണക്കു പറയാൻ കിട്ടുന്ന അവസരമാണ് ഈ തെരഞ്ഞെടുപ്പ്. ഈ ഒറ്റുകാരും ഇനിയും വിജയിക്കണമോ? സുദീർഘമായ ജില്ലാ കർഷക സമര ചരിത്രം പരിശോധിച്ചാൽ അവിടെയെല്ലാം യുഡിഎഫ് നടത്തിയ കർഷക വഞ്ചനയുടെ തെളിവുകൾ കാണാൻ കഴിയും. ഈ വഞ്ചകരെ, ഒറ്റുകാരെ, എന്നെന്നേക്കുമായി ഒറ്റപ്പെടുത്താൻ നമുക്ക് കഴിയണം.
(അവസാനിക്കുന്നില്ല… )

Eng­lish Sum­ma­ry: Con­gress’s betray­al of Bhu­pa­tiv amendment

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.