19 December 2024, Thursday
KSFE Galaxy Chits Banner 2

ഈ വീഴ്ച ഗുരുതരവും രാജ്യത്തിന് നാണക്കേടുമാണ്

Janayugom Webdesk
March 20, 2023 5:00 am

നമ്മുടെ അന്വേഷണ ഏജന്‍സികളും രഹസ്യാന്വേഷണ വിഭാഗങ്ങളും പൂര്‍ണ പരാജയമാണെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഏറ്റവും ഒടുവില്‍ കശ്മീരില്‍ സംഭവിച്ച വീഴ്ച ഈ സംവിധാനങ്ങളാകെ വന്‍ പരാജയമാണെന്ന് തെളിയിക്കുന്നു. ഗുജറാത്തുകാരനായ ഒരാള്‍ മാസങ്ങളായി ഈ ഏജന്‍സികളെയെല്ലാം പറ്റിക്കുകയായിരുന്നു. ഗുജറാത്തില്‍ നിന്ന് കിരണ്‍ ഭായ് പട്ടേല്‍ എന്ന ഒരു തട്ടിപ്പുകാരനും സംഘവും വിമാനം കയറി കശ്മീരിലെത്തുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തുന്നു. മറ്റൊരു പരിശോധനയുമില്ലാതെ, നടപടിക്രമങ്ങളൊന്നും പാലിക്കാതെ അയാള്‍ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയും യാത്രയ്ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനവും ഒരുക്കുന്നു. പഞ്ചനക്ഷത്ര ഹോട്ടലില്‍ അയാള്‍ താമസിക്കുന്നു. ഒന്നല്ല മൂന്നുതവണയാണ് ഇത് ആവര്‍ത്തിച്ചത്. സംസ്ഥാനത്തെ അതീവ സുരക്ഷാ കേന്ദ്രങ്ങള്‍ തടസങ്ങളേതുമില്ലാതെ സന്ദര്‍ശിക്കുന്നു. ആ യാത്രയ്ക്ക് രണ്ടും മൂന്നും വാഹനങ്ങളില്‍ സുരക്ഷാ ഭടന്മാര്‍ തട്ടിപ്പുകാരനെ അനുഗമിക്കുന്നു. എന്നിട്ടും ആരുമൊന്നുമറിയുന്നില്ല. കശ്മീരിലെ ഓരോ സാധാരണക്കാരനും കേന്ദ്ര‑സംസ്ഥാന ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലാണ്.

ഏത് ഹോട്ടലില്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് ഒരാളെത്തിയാലും അന്വേഷണവും നിരീക്ഷണവും ഉറപ്പാണ്. വിവാഹംപോലുള്ള ചടങ്ങുകളില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍പോലും അന്വേഷണ ഉദ്യോഗസ്ഥരെത്തും. അവിടെയാണ് ചിലര്‍ ഇത്തരം തട്ടിപ്പുകള്‍ തടസമില്ലാതെ നടത്തിയത്. വ്യാജനാണെന്നറിയാതെയാണ് സൗകര്യങ്ങള്‍ ഒരുക്കിയതെന്ന ബാലിശമായ വിശദീകരണമാണ് അധികൃതരില്‍ നിന്നുണ്ടായിരിക്കുന്നത്. ഐബി, ആര്‍മി ഇന്റലിജന്‍സ്, കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍… എന്തെല്ലാം ഏജന്‍സികളാണ് നമ്മുടെ ഭരണ സംവിധാനത്തിനു കീഴിലുള്ളത്. ഈ വീഴ്ച സംഭവിച്ചിരിക്കുന്നത് കശ്മീരിലാണ്. അതിര്‍ത്തിക്കു തൊട്ടടുത്ത സംസ്ഥാനത്ത്. കേന്ദ്ര ഭരണത്തിനു കീഴിലാണ് പ്രദേശം. എന്നിട്ടും ഒരു സംഘം തട്ടിപ്പുകാര്‍ വിലസുമ്പോള്‍ ഒന്നുമറിഞ്ഞില്ലെങ്കില്‍ അത് വീഴ്ച മാത്രമല്ല ദുരൂഹവുമാണ്. ഈ സംഭവം ഒത്തിരി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നെന്ന് പറഞ്ഞ് ആരെങ്കിലും വന്നാല്‍ അയാള്‍ക്ക് ഇസഡ് പ്ലസ് സുരക്ഷ നല്കുവാന്‍ സാധിക്കില്ല. കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്നുള്ള നിര്‍ദേശം വേണം. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള അറിയിപ്പും ആവശ്യമാണ്. ഇതെന്തെങ്കിലുമുണ്ടായോ, ഉണ്ടായെങ്കില്‍ അത് നല്കിയത് ആരാണ്. അഥവാ ഇല്ലെങ്കില്‍ ഈ സൗകര്യങ്ങള്‍ ഒരുക്കി നല്കിയ ഉദ്യോഗസ്ഥര്‍ ആരാണ്. അവര്‍ക്കെതിരെ ഉടന്‍ പ്രാബല്യത്തില്‍ നടപടിയെടുക്കേണ്ടതാണ്, അതുണ്ടായോ. ചോദ്യങ്ങള്‍ നിരവധിയാണ്.


ഇതുകൂടി വായിക്കൂ: ബാങ്കുകള്‍ തകര്‍ന്നടിയുമ്പോള്‍


മാര്‍ച്ച് രണ്ടിനാണ് കിരണ്‍ ഭായ് പട്ടേല്‍ പിടിയിലാകുന്നത്. ഇത്ര ദിവസമായിട്ടും ഒരു നടപടിയുമുണ്ടായതായി വിവരമില്ല. മാത്രമല്ല, അറസ്റ്റ് വിവരം രഹസ്യമാക്കിവയ്ക്കുന്നതിന് ശ്രമിക്കുകയും ചെയ്തു. രണ്ടു ദിവസം മുമ്പ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാത്രമാണ് വിവരം പുറംലോകമറിയുന്നത്. എന്നാല്‍ അറസ്റ്റ് നടന്നയുടന്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനു കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്യാനെത്തിയെന്നതും ഗൗരവമുള്ളതാണ്. അത് ഒരു പക്ഷേ ഇയാളെ രക്ഷപ്പെടുത്തുന്നതിനുള്ള വഴിയൊരുക്കുന്നതിന് ആയിരിക്കുമെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. കാരണം സമൂഹമാധ്യമങ്ങളില്‍ പട്ടേല്‍ ബിജെപിക്കാരനാണ്. ബന്ധം വ്യക്തമാക്കുന്ന മറ്റ് തെളിവുകളും പുറത്തുവന്നിട്ടുണ്ട്. സാഹചര്യത്തെളിവുകളെല്ലാം ഇത് ആരൊക്കെയോ അറിഞ്ഞു നടന്നതാണെന്ന സംശയം ബലപ്പെടുത്തുകയാണ്. സമൂഹമാധ്യമങ്ങളില്‍ എന്ത് പങ്കുവച്ചാലും അതിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതൊന്നും അറിഞ്ഞില്ലെങ്കില്‍ അത് തികച്ചും അവിശ്വസനീയമാണ്. ആരൊക്കെയാണ് ഈ തട്ടിപ്പ് മുന്‍കൂട്ടി അറിഞ്ഞവര്‍, എന്തൊക്കെയായിരുന്നു ഇതിന് പിന്നിലെ ഉദ്ദേശ്യങ്ങള്‍, സുരക്ഷാ മേഖലകളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രഹസ്യങ്ങള്‍ ചോര്‍ത്തി നല്കിയോ. ചോദ്യങ്ങള്‍ പലതാണ്. നമ്മുടെ അന്വേഷണ സംവിധാനങ്ങള്‍ പരാജയമാണ് എന്നതിന്റെ ഉദാഹരണങ്ങള്‍ ഇതിന് മുമ്പും പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അത് അനുസ്മരിപ്പിക്കുന്നൊരു പ്രസ്താവന നടത്തിയിട്ടുണ്ട്. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിതി അപകടകരവും ദുര്‍ബലവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അതിര്‍ത്തിയില്‍ നടക്കുന്ന പല കാര്യങ്ങളും നമ്മുടെ ഏജന്‍സികള്‍ അറിയാതെ പോയിട്ടുണ്ട്. ചൈന കടന്നുകയറി ഗ്രാമങ്ങള്‍ പണിതതും പാലങ്ങള്‍ നിര്‍മ്മിച്ചതും അന്താരാഷ്ട്ര നിരീക്ഷണ ഏജന്‍സികളുടെ അറിയിപ്പുകളായും മാധ്യമ വാര്‍ത്തകളായുമാണ് പുറത്തറിഞ്ഞത്. കിരണ്‍ ഭായ് പട്ടേലിന്റെ അറസ്റ്റിന് പിന്നാലെ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷ നേതാക്കള്‍ക്കു പിറകേ പോകുകയാണ്, അതിനിടെ കിരണ്‍ ഭായ് പട്ടേലിനെ പോലുള്ള തട്ടിപ്പുകാര്‍ വിലസുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അമിത് ഷായ്ക്കൊപ്പം നില്‍ക്കുന്ന പട്ടേലിന്റെ ചിത്രം പുറത്തുവന്നതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ബിജെപി ഭരണത്തിനു കീഴില്‍ നമ്മുടെ രാജ്യം ഫാസിസ്റ്റ് വാഴ്ചയിലാണ്. എങ്കിലും കേന്ദ്ര ഭരണത്തെയും ബിജെപി നേതാക്കളെയും ചാരിനിന്നാല്‍ ഏത് തട്ടിപ്പുകാരനും വിരാജിക്കാവുന്ന വെള്ളരിക്കാപ്പട്ടണത്തിന് സമാനമാവുകയും ചെയ്തിരിക്കുന്നുവെന്നാണ് കശ്മീരിലെ സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ഇത് രാജ്യത്തിനാകെ നാണക്കേടാണ്. കേന്ദ്രം ഇതിന് മറുപടി നല്കിയേ മതിയാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.