പഴങ്ങളും പച്ചക്കറികളും മുതൽ ഭക്ഷ്യ എണ്ണയും വൈദ്യുതിയും വരെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റത്താൽ പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ അടുക്കളയിൽ കരി പടർത്തി പാചകവാതക വിലക്കയറ്റം. ഒരു വർഷത്തിനിടെ ഗാർഹിക ഉപയോഗത്തിനുള്ള വാതക സിലിണ്ടറിന്റെ വില 30 ശതമാനമാണ് കൂടിയത്. മൊത്തം 244 രൂപയാണ് വർധന.
ഏറ്റവും അവസാനം രണ്ടുദിവസം എൽപിജി 14.2 കിലോഗ്രാം സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 1060 രൂപയായി. 200 രൂപ സബ്‍സിഡി ലഭിക്കുമെന്നതിനാൽ പ്രധാന മന്ത്രി ഉജ്ജ്വൽ യോജന ഗുണഭോക്താക്കൾ 853 രൂപ നല്കിയാൽ മതി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഗ്യാസ് വിലയിലെ തുടർച്ചയായ എട്ടാമത്തെയും 2022ൽ നാലാമത്തെയും വർധനവാണിത്. 2021 ജൂൺ മുതലുള്ള ഒരു വർഷത്തിനിടയിൽ സിലിണ്ടറിന് 244 രൂപ കൂടി. രണ്ട് വർഷത്തിനിടയിൽ 90 ശതമാനത്തോളം വർധനവാണുണ്ടായത്. 2020 മേയിൽ ഒരു സിലിണ്ടറിന്റെ വില 581.5 ആയിരുന്നു. ഇപ്പോഴത് 1050 കടന്നിരിക്കുന്നു.
മൂന്ന് മാസത്തിനുള്ളിൽ മാത്രം സിലിണ്ടറിന് 150 രൂപ വർധിച്ചു. നികുതിയുൾപ്പെടെ ഇത് 160 രൂപയാകും. പ്രതിമാസം 10, 000 മുതൽ 15,000 രൂപ വരെ വരുമാനമുള്ളവരും ദിവസക്കൂലിക്കാരുമായ വിഭാഗത്തെയാണ് വിലക്കയറ്റം കൂടുതൽ ബാധിച്ചിരിക്കുന്നത്. അവരുടെ വരുമാനത്തിന്റെ 10 ശതമാനം പാചക ഇന്ധനത്തിന് നല്കണം.
2020 ൽ സബ്സിഡി കേന്ദ്രത്തിന്റെ ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതോടെ ശേഷം ഭൂരിഭാഗം കുടുംബങ്ങളും സബ്സിഡിയില്ലാത്ത പാചക വാതകമാണ് വാങ്ങുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് ഓരോ വർഷവും കേന്ദ്ര സർക്കാർ 12 സിലിണ്ടറുകൾക്കാണ് സബ്സിഡി നൽകുന്നത്.
പാചകവാതക വില ആയിരം കടന്നതോടെ നിരവധി ഗ്രാമീണ കുടുംബങ്ങള്‍ വിറകടുപ്പിലേക്ക് മടങ്ങിയിട്ടുണ്ട്. 800–900 രൂപയാണ് ഒരു ക്വിന്റൽ വിറകിന് വില. എന്നാൽ നഗര പ്രദേശങ്ങളിലെ സാധാരണക്കാരുടെ അടുക്കള ശരിക്കും ആളിക്കത്തുകയാണ്.
English Summary: Cooking gas: Rs 244 per year
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.