25 November 2024, Monday
KSFE Galaxy Chits Banner 2

Related news

August 31, 2023
June 14, 2023
November 4, 2022
October 25, 2022
October 21, 2022
October 18, 2022
October 16, 2022
October 14, 2022
October 12, 2022
August 31, 2022

കൊറോണ വൈറസ് ഭീഷണി: ജാഗ്രത കൈവിടരുത്

Janayugom Webdesk
February 24, 2022 5:00 am

കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന ഒമിക്രോൺ വ്യാപനം ലോകത്തിന്റെ ഏതാണ്ട് എല്ലാഭാഗങ്ങളിലും നിയന്ത്രണ വിധേയമാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലും രോഗവ്യാപനത്തോത് കുറഞ്ഞുവരുന്നതായാണ് സൂചനകൾ. എന്നാൽ രോഗവ്യാപനത്തിനെതിരെ ജാഗ്രത കുറയുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന ഡബ്ല്യുഎച്ച്ഒ, ഐസിഎംആർ, ഐഎംഎ അടക്കമുള്ള സംഘടനകളുടെ മുന്നറിയിപ്പുകൾ അവഗണിക്കാവുന്നതല്ല. ഒമിക്രോണിന്റെ വകഭേദങ്ങൾ തീവ്ര വ്യാപനശേഷി ഉള്ളവ ആയിരിക്കുമെന്നും, ചൈനയും കൊറിയയും ഉൾപ്പെടുന്ന കിഴക്കൻ പസഫിക് മേഖലകളിൽ ഏപ്രിൽ മാസത്തോടെ അത് വ്യാപിച്ചേക്കുമെന്നും ഡബ്ല്യുഎച്ച്ഒ ഇതിനകം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അത് അവിടെ മാത്രമായി ഒതുങ്ങി നിന്നുകൊള്ളണം എന്നില്ല. അവിടെയാണ് കേരളത്തിലും ഇന്ത്യയിലും ജാഗ്രതയും രോഗവ്യാപനത്തെ നേരിടാനുള്ള തയാറെടുപ്പുകളും പ്രസക്തമാവുന്നത്. കേരളത്തിൽ സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടിട്ടുള്ളതായാണ് ആരോഗ്യവകുപ്പുമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവനകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട ഒരു ആശുപത്രിയിൽ പത്തുവീതം കിടക്കകളോടുകൂടിയായ പ്രത്യേക സാംക്രമികരോഗ വാർഡുകൾ സജ്ജമാക്കാനുള്ള തീരുമാനം ആ കരുതലിന്റെ ഭാഗമാണ്. തീരുമാനം സമയബന്ധിതമായി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുക എന്നത് ചികിത്സയ്ക്കും രോഗവ്യാപനം തടയുന്നതിലും നിർണായകമാകും. കോവിഡ് ഭേദമായവർ പലതരം ഗുരുതര ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നുണ്ട്. 1188 കോവിഡാനന്തര ക്ലിനിക്കുകൾ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട് എന്നത് ഏറെ ആശ്വാസകരമാണ്. എന്നാൽ, ദേശീയ തലത്തിൽ അത്തരം തയാറെടുപ്പുകളോ അവ ഒരുക്കാനുള്ള ബ‌ജറ്റ് വിഹിതമോ, ദൗർഭാഗ്യകരം എന്നുപറയട്ടെ, ദൃഷ്ടിഗോചരമല്ല. രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനത്തെ, അത് സാംക്രമിക രോഗങ്ങളോ അല്ലാത്തവയോ ആയിക്കൊള്ളട്ടെ, ഫലപ്രദമായി നേരിടുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ട ബജറ്റ് വിഹിതം ഈ മഹാമാരിക്കാലത്തുപോലും കേന്ദ്രബജറ്റിൽ വകയിരുത്തിയിട്ടല്ല.


ഇതുകൂടി വായിക്കാം; ഒമിക്രോൺ വ്യാപനം രൂക്ഷം: കേന്ദ്രസർക്കാർ ഒളിച്ചോടുന്നു


ആരോഗ്യ വകുപ്പിനുള്ള ബജറ്റ് വിഹിതത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 16 ശതമാനം ഇക്കൊല്ലം വർധന ഉണ്ടായിട്ടുണ്ട്. എന്നാൽ, ചികിത്സയ്ക്കും പൊതുജന ആരോഗ്യപരിപാലനത്തിനുമായി നീക്കിവച്ചിട്ടുള്ള തുകയിൽ ഇക്കൊല്ലം 33,809 കോടി രൂപയുടെ കുറവാണ് വന്നിട്ടുള്ളത്, 74,820 കോടിയിൽ നിന്നും 41,011 കോടിയിലേക്കാണ് ആ കൂപ്പുകുത്തൽ. വാക്സിനേഷന്റെ ആവശ്യകതയിൽ വന്ന കുറവാണ് അതിനു ന്യായീകരണമായി മോഡി സർക്കാർ പറയുന്നത്. കൊറോണ വൈറസ് ബാധയുടെ മൂന്നുതരംഗങ്ങളില്‍ ആരോഗ്യപ്രശ്നങ്ങളും ചികിത്സാ ആവശ്യങ്ങളും യഥാർത്ഥത്തിൽ ഗണ്യമായി ഉയർന്നു എന്ന യാഥാർത്ഥ്യം അവഗണിക്കുകയാണ് കേന്ദ്രസർക്കാർ. കൊറോണ വൈറസ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ ഇത്രയും തുച്ഛമായ തുകകൊണ്ട് ദുർബലമായ ആരോഗ്യസംവിധാനത്തെ മതിയായ ഫണ്ടുനൽകി ശക്തിപ്പെടുത്താൻ വിസമ്മതിക്കുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനുനേരെ ഉയർത്തുന്ന വെല്ലുവിളിയാണ്. കേരളംപോലെ സുശക്തമായ പൊതു ആരോഗ്യ സംവിധാനം നിലനിൽക്കുന്ന സംസ്ഥാനങ്ങൾക്കു കടുത്ത സാമ്പത്തിക പ്രതിസന്ധിക്കുനടുവിലും അവ മികവോടെ നിലനിർത്താൻ ഏറെ ക്ലേശിക്കേണ്ടിവരും. പാർലമെന്റിന്റെ ബജറ്റ് ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ വിഷയം അർഹിക്കുന്ന ഗൗരവത്തോടെ അവിടെ ഉന്നയിക്കാനും സാംക്രമിക രോഗപ്രതിരോധത്തിനും, പൊതുജന ആരോഗ്യ പരിപാലനത്തിനും, ആരോഗ്യ‑ചികിത്സാ അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതൽ ബജറ്റ് വിഹിതം അനുവദിപ്പിക്കാനും എംപിമാർ സജീവ ഇടപെടൽ നടത്തേണ്ടതുണ്ട്. കോവിഡ് പ്രതിരോധത്തിലും ചികിത്സയിലുമടക്കം കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്താനും അത് കൂടുതൽ മികച്ച നിലവാരത്തിലേക്ക് ഉയർത്താനും അത്തരം ക്രിയാത്മക ഇടപെടൽ അനിവാര്യമാണ്. ആരോഗ്യരംഗത്തടക്കം കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാൻ ബിജെപി-സംഘപരിവാർ ശക്തികൾ നടത്തുന്ന കുപ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽ ഭരണ‑പ്രതിപക്ഷഭേദമെന്യേയുള്ള യോജിച്ച പ്രവർത്തനം നിർണായകമാണ്.

You may also like this video;

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.