4 November 2024, Monday
KSFE Galaxy Chits Banner 2

വിപണിയിടപെടലിനുള്ള വിപുല സജ്ജീകരണങ്ങള്‍

Janayugom Webdesk
August 31, 2022 5:00 am

രാഴ്ചയ്ക്കപ്പുറം തിരുവോണമാണ്. തിരുവോണം പലപ്പോഴും വിലക്കയറ്റത്തിന്റെ കാലം കൂടിയാകാറുണ്ട്. പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യസൂചനകളും കാരണം രാജ്യമാകെ വന്‍ വിലക്കയറ്റം നേരിടുമ്പോഴാണ് ഇത്തവണത്തെ ഓണമെത്തുന്നത്. ആഗോള പ്രതിഭാസമെന്നു പേരിട്ട് കേന്ദ്ര സര്‍ക്കാര്‍ പോലും വിലക്കയറ്റത്തെ സാമാന്യവല്ക്കരിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ അല്പംകൂടി വില കയറ്റുന്നതിനുള്ള സുവര്‍ണാവസരമായി ഇത്തവണത്തെ ഓണത്തെ ഉപയോഗിക്കാനാകുമായിരുന്നു. പക്ഷേ വന്‍വിലക്കയറ്റത്തിനിടയില്‍ കേരളത്തിലെ എല്‍ഡിഎഫ് തുടര്‍സര്‍ക്കാര്‍ പതിവുപോലെ ഇത്തവണയും വിപണിയിടപെടലിനുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. പാവപ്പെട്ടവനും പണക്കാരനെന്നുമുള്ള വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഓണം ആഘോഷിക്കണമെന്ന നിലപാടില്‍ നിന്നാണ് ഇത്തവണയും മുഴുവന്‍ റേഷന്‍കാര്‍ഡുടമകള്‍ക്കും സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് സൗജന്യ ഓണക്കിറ്റ് നല്കിക്കൊണ്ടിരിക്കുന്നത്. 465 കോടി രൂപ അധികബാധ്യത ഏറ്റെടുത്താണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഇത് നടപ്പിലാക്കുന്നത്. അവശ്യവസ്തുക്കള്‍ക്ക് ആവശ്യക്കാര്‍ കൂടുമ്പോള്‍ വിലക്കയറ്റമുണ്ടാകുമെന്നത് വിപണിയുടെ സാമാന്യ തത്വമാണ്. ഓണത്തിന് ഏറ്റവും അവശ്യമായ വസ്തുക്കള്‍ ഉള്‍പ്പെടുത്തി അവ സൗജന്യമായി നല്കുമ്പോള്‍ ആവശ്യക്കാരുടെ എണ്ണം കുറയും. അങ്ങനെ വരുമ്പോള്‍ കിറ്റിലുള്ളതിനെക്കാള്‍ കൂടുതല്‍ ആവശ്യമുള്ളവര്‍ ചെന്നാലും വിലയേറുന്ന സാഹചര്യമുണ്ടാകില്ല. സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അതുകൊണ്ടുതന്നെ ഏറ്റവും വലിയ വിപണിയിടപെടലാണ്. ഇതിനുപുറമേ പ്രത്യേക കിറ്റും വിതരണം ചെയ്യുന്നുണ്ട്. 1,000 മുതൽ 1,200 രൂപവരെ വിലയുള്ള സ്പെഷ്യൽ കിറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഓണത്തിനു പുറമേ ക്രിസ്മസ്, റംസാൻ തുടങ്ങിയ ഉത്സവ സീസണുകളിലും പ്രത്യേക കിറ്റുകളുണ്ടാകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കു; കര്‍ണാടക ബിജെപി സര്‍ക്കാരിന്റെ അഴിമതി | Janayugom Editorial


അതിനു പുറമേയാണ് വിവിധ വകുപ്പുകളും പൊതുമേഖലാ സംരംഭങ്ങളും അവരുടേതായ രീതിയില്‍ ഓണത്തിന് പ്രത്യേകമായി നടത്തുന്ന ഫെയറുകള്‍, ചന്തകള്‍ തുടങ്ങിയവ. സിവിൽ സപ്ലൈസ് കോർപറേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ വിപുലമായ ഓണം വിപണന മേള ഇതിനകംതന്നെ ആരംഭിച്ചു കഴിഞ്ഞു. ജില്ലാ ആ സ്ഥാനങ്ങളിലും 500 സൂപ്പർ മാർക്കറ്റുകളിലുമാണ് സപ്ലൈകോയുടെ വിപണന മേളയുള്ളത്. അവശ്യവസ്തുക്കളെല്ലാം വിപണി വിലയെക്കാള്‍ കുറവിലാണ് ഇവിടെ വിതരണം ചെയ്യുന്നത്. ശബരി ഫ്രഷ് ആട്ട കിലോയ്ക്ക് 51 രൂപ, തേയിലയ്ക്ക് 208, വെളിച്ചെണ്ണ ഒരു ലിറ്ററിന് 162 രൂപ എന്നിങ്ങനെയാണ് വില. അരി മുതലുള്ള അവശ്യസാധനങ്ങള്‍ എല്ലാം മിതമായ നിരക്കില്‍ ഇവിടെ ലഭ്യമാണ്. കാര്‍ഷിക ഉല്പന്നങ്ങളുടെ നിരക്കും വിപണി വിലയെ അപേക്ഷിച്ച് ഫെയറില്‍ കുറവാണ്. അരി മുതല്‍ ഉഴുന്ന് വരെയുള്ള സാധനങ്ങള്‍ ഫെയറില്‍ തന്നെയാണ് പാക്ക് ചെയ്യുന്നതും. സോപ്പ് മുതല്‍ ചവിട്ടുമെത്ത വരെ സ്റ്റാളുകളില്‍ ലഭ്യമാണ്.

കണ്‍സ്യൂമര്‍ ഫെഡിന്റെ 1600 ഓണച്ചന്തകളാണ് വിലക്കയറ്റ വിപണിയെ തടയുന്നതിനായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. മറ്റ് അവശ്യവസ്തുക്കള്‍ക്കൊപ്പം 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സർക്കാർ സബ്സിഡിയോടെയാണ് കണ്‍സ്യൂമര്‍ഫെഡ് ചന്തകളില്‍ വില്ക്കുന്നത്. ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നീ ഇനങ്ങൾ സപ്ലൈകോ ഉല്പന്നങ്ങള്‍ക്കുള്ളതുപോലെ സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നുണ്ട്. ഓണസദ്യയ്ക്ക് ആവശ്യമായ ആറിനങ്ങൾ അടങ്ങിയ സ്പെഷ്യൽ കിറ്റും ഈ ചന്തകളിൽ ഏര്‍പ്പാടാക്കി. 356 രൂപയുള്ള കിറ്റ് 297 രൂപയ്ക്കാണ് നല്കുന്നത്.


ഇതുകൂടി വായിക്കു;കൃഷിയുടെ പാരിസ്ഥിതിക മൂല്യം അംഗീകരിക്കപ്പെടണം


ഓണക്കാലത്തെ വിപണിയിടപെടലിന് രണ്ടായിരത്തിലധികം നാടന്‍ കാര്‍ഷിക ചന്തകളാണ് കൃഷിവകുപ്പ് ഒരുക്കുന്നത്. ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്‌പിസികെ എന്നിവ സംയുക്തമായാണ്‌ വിപണികള്‍ സംഘടിപ്പിക്കുന്നത്‌. കൃഷി വകുപ്പിന്റെ 1350, ഹോര്‍ട്ടികോര്‍പ്പിന്റെ 500, വിഎഫ് പിസികെയുടെ 160 വീതം നാടന്‍ ചന്തകളാണ് അടുത്ത ഞായറാഴ്ച മുതല്‍ സംസ്ഥാനത്താകെ പ്രവര്‍ത്തിക്കുക. വ്യാപാരികള്‍ കര്‍ഷകര്‍ക്ക്‌ നല്കുന്ന സംഭരണ വിലയേക്കാള്‍ 20 ശതമാനം കൂടുതല്‍ നല്കി വാങ്ങുകയും അതേസമയം പൊതുവിപണി വിലയില്‍ നിന്നും 10 ശതമാനം കുറഞ്ഞവിലയ്ക്ക്‌ ഉപഭോക്താക്കള്‍ക്ക്‌ വില്ക്കുകയും ചെയ്യുന്നവയായിരിക്കും ഈ കാര്‍ഷിക ചന്തകള്‍. ഉപഭോക്താക്കള്‍ക്കെന്നതുപോലെ കര്‍ഷകര്‍ക്കും നേട്ടമുണ്ടാകുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത. ഈ വിധത്തില്‍ എല്ലാ വകുപ്പുകളും സാധ്യമായ വിവിധ സംവിധാനങ്ങള്‍ ഒരുക്കിയാണ് മലയാളിക്ക് സമ്പല്‍സമൃദ്ധമായ ഓണം വിലക്കുറവില്‍ ആഘോഷിക്കുന്നതിന് വഴിയൊരുക്കുന്നത്. രാജ്യമാകെയുള്ള വിലക്കയറ്റത്തിന്റെ പ്രതിഫലനം സ്വാഭാവികമായി ഉണ്ടാകാമെങ്കിലും അതു തടഞ്ഞു നിര്‍ത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുകയാണ് സര്‍ക്കാര്‍. ആറുവര്‍ഷമായി സബ്സിഡി നല്കി വിതരണം ചെയ്യുന്ന അവശ്യവസ്തുക്കളുടെ വില ഉയരാതെ പിടിച്ചുനിര്‍ത്തിയാണ് സപ്ലൈകോ വഴി വിതരണം ചെയ്യുന്നത്. അതിനു പുറമെയാണ് ഈ ഓണക്കാലത്ത് വിപണി ഇടപെടലിനും അതുവഴി വിലവര്‍ധന പിടിച്ചുനിര്‍ത്തുന്നതിനുമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

You may also like this video;

TOP NEWS

November 4, 2024
November 3, 2024
November 3, 2024
November 3, 2024
November 3, 2024
November 3, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.