വ്യത്യസ്തമെന്ന് എപ്പോഴും മേനി നടിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. പ്രതിപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നിരന്തരം വേട്ടയാടുന്നതിനും രാഷ്ട്രീയ അട്ടിമറി നടത്തി അധികാരം പിടിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. അതേസമയംതന്നെ കേന്ദ്ര ഏജന്‍സികള്‍ ബിജെപി ഭരിക്കുന്ന കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതികള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങി പ്രമുഖ സംസ്ഥാനങ്ങളിലെല്ലാം ബിജെപി സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ നിരന്തരം അഴിമതിക്കഥകള്‍ പുറത്തുവരുന്നുണ്ടെങ്കിലും കേന്ദ്ര ഏജന്‍സികളൊന്നുംതന്നെ നടപടിക്കു തയാറാകുന്നില്ല. ഖനനാനുമതി നല്കിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ ദുരുപയോഗം ചെയ്ത് അയോഗ്യനാക്കുന്നതിനുള്ള നടപടി ആരംഭിച്ചിരിക്കുന്നത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജി, മഹാരാഷ്ട്രയില്‍ എന്‍സിപി മന്ത്രിയായിരുന്ന നവാബ് മാലിക്, ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ബിജെപിയുടെ വിദ്വേഷരാഷ്ട്രീയത്തിന്റെ ഇരകളായി നടപടി നേരിടുന്ന പ്രതിപക്ഷ മന്ത്രിമാരുടെയും നേതാക്കളുടെയും എണ്ണം പലതാണ്. ഇത്തരത്തില്‍ പ്രതിപക്ഷത്തെ വേട്ടയാടുന്ന ഏജന്‍സികളൊന്നും ബിജെപി മന്ത്രിമാരുടെയോ നേതാക്കളുടെയോ അഴിമതി അന്വേഷിക്കുന്നതിനോ നടപടിയെടുക്കുന്നതിനോ സന്നദ്ധമാകുന്നില്ല. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ ഗോവയില്‍ അനധികൃതമായി ബാര്‍ ഹോട്ടല്‍ നടത്തുന്നുവെന്ന ആരോപണങ്ങള്‍ പുറത്തുവന്നുവെങ്കിലും അത് ആവിയായി പോയി.
ഏറ്റവും ഒടുവില്‍ അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് ഭീമന്‍ അഴിമതി വാര്‍ത്തകളാണ് കര്‍ണാടകയില്‍ നിന്ന് പുറത്തുവന്നത്. രണ്ട് ആരോപണങ്ങളും ഉന്നയിച്ചിരിക്കുന്നത് പ്രതിപക്ഷപാര്‍ട്ടികളല്ലെന്നതാണ് പ്രത്യേകത. സംസ്ഥാനത്ത് ഏത് പ്രവൃത്തി കരാറെടുക്കുന്നതിനും 30 ശതമാനം കമ്മിഷന്‍ തുകയായി ബിജെപി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും നല്കണമെന്ന ആരോപണം കരാറുകാരുടെ സംഘടന ഒരുവര്‍ഷം മുമ്പുതന്നെ ഉന്നയിച്ചിരുന്നു. എന്നാ ല്‍ ഒരു നടപടിയുമുണ്ടായില്ല. കഴിഞ്ഞ ദിവസം കമ്മിഷന്‍ തുക 40 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുന്നുവെന്ന ഗുരുതരമായ ആരോ പണവുമായി കരാറുകാരുടെ സംഘടന വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. അസോസിയേഷന്‍ ഓഫ് സ്റ്റേറ്റ് കോണ്‍ട്രാക്ടേഴ്സ് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്‍പ്പെടെ ഇതുസംബന്ധിച്ച് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല. കമ്മിഷന്‍ തുക 30 ല്‍ നിന്ന് 40 ശതമാനമായി ഉയര്‍ത്തിയെന്ന ആരോപണം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച സംഘടന വീണ്ടും പ്രധാനമന്ത്രിക്കു പരാതി നല്കുമെന്നറിയിച്ചിരിക്കുകയാണ്. സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണസംവിധാനമാകെ അഴിമതി നിറഞ്ഞിരിക്കുകയാണെന്നും മന്ത്രിമാരും നിയമസഭാംഗങ്ങളും നേതാക്കളും ഒരുപോലെ കോഴ ആവശ്യപ്പെടുന്നുവെന്നും കരാര്‍ തുകയുടെ കമ്മിഷന്‍ നിര്‍ബന്ധിതമായി വാങ്ങുന്നുവെന്നുമാണ് സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.
ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ 13,000ത്തിലധികം സ്കൂളുകളെ പ്രതിനിധീകരിക്കുന്ന ദ അസോസിയേറ്റഡ് മാനേജ്മെന്റ്സ് ഓഫ് പ്രൈമറി ആന്റ് സെക്കന്‍ഡറി സ്കൂള്‍സ്, ദ രജിസ്റ്റേഡ് അണ്‍എയ്ഡഡ് പ്രൈവറ്റ് സ്കൂള്‍സ് മാനേജ്മെന്റ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ വിദ്യാഭ്യാസരംഗത്തെ ഭീമമായ അഴിമതിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഈ സംഘടനകളും പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പരാതി നല്കിയിരിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ പേരെടുത്ത് പറഞ്ഞാണ് അഴിമതി ആരോപണം ആവര്‍ത്തിച്ചിരിക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്കുന്നതിലാണ് കോഴയും ക്രമക്കേടുകളും നടക്കുന്നത്. കോഴ നല്കാത്ത സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്കാതിരിക്കുക, പുതുക്കി നല്കാതിരിക്കുക തുടങ്ങിയ ദ്രോഹനടപടികള്‍ സ്വീകരിക്കുന്നുവെന്നും രണ്ടു പ്രബല സംഘടനകളും കുറ്റപ്പെടുത്തുന്നുണ്ട്. കര്‍ണാടകയിലെ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ആദ്യമായല്ല ഉന്നയിക്കുന്നത്. പ്രധാനമന്ത്രിക്ക് പരാതിയായി നല്കിയിട്ടും വാര്‍ത്താ സമ്മേളനങ്ങളില്‍ വിശദീകരിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുവാന്‍ തയാറാകാതിരിക്കുകയാണ്. രാഷ്ട്രീയ വിരോധത്തോടെ ബിജെപി നേതാക്കള്‍ നല്കുന്നതും അജ്ഞാത കത്തുകളായി ലഭിക്കുന്നതുമായ പരാതികള്‍ പോലും ഉടന്‍ അന്വേഷിക്കുകയും മന്ത്രിമാരെയും നേതാക്കളെയും ജയിലില്‍ അടയ്ക്കുകയും ചെയ്യുന്ന കേന്ദ്ര ഏജന്‍സികള്‍ ബിജെപി സര്‍ക്കാരുകള്‍ക്കും നേതാക്കള്‍ക്കുമെതിരെ വ്യക്തവും ആധികാരികവുമായി ഉന്നയിക്കുന്ന പരാതികള്‍ അവഗണിക്കുകയും ചവറ്റുകുട്ടയിലിടുകയും ചെയ്യുന്നു. അഴിമതിക്കാരെ കണ്ടെത്തുന്നില്ലെന്നുമാത്രമല്ല സംരക്ഷിക്കുകയുമാണ് ബിജെപി ചെയ്യുന്നത്. അഴിമതിക്കെതിരെ തങ്ങളുടെ നിലപാട് സത്യസന്ധമാണെങ്കില്‍ കര്‍ണാടകയിലെ കരാറുകാരുടെ സംഘടന ആവശ്യപ്പെട്ടതുപോലെ എല്ലാ ആരോപണങ്ങളെക്കുറിച്ചും സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നതിന് ബിജെപി സന്നദ്ധമാകണം.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.