സംസ്ഥാനത്ത് കെട്ടിട നിർമാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നു. നിർമാണ സാമഗ്രികളുടെ വില വർധനവിനെത്തുടർന്ന് കെട്ടിട നിർമാണ ചെലവിൽ രണ്ടു വർഷത്തിനുള്ളിൽ 20- 30 ശതമാനം വർധനയുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വില വർധനയെത്തുടർന്നു സ്വകാര്യ, സർക്കാർ മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ച അവസ്ഥയിലാണ്. സിമന്റ്, കമ്പി, എം സാൻഡ്, കല്ല്, പ്ലമ്പിങ്, ഇലക്ട്രിക്കൽ സാമഗ്രികൾ, പെയിന്റ് എന്നിവയുടെയെല്ലാം വില വർധിച്ചു. കേരളത്തിൽ പ്രതിമാസം രണ്ടുകോടിയിലധികം സിമന്റ് ചാക്കുകൾ വിൽക്കുന്നുണ്ടെന്നാണ് കണക്ക്. സംസ്ഥാനത്ത് കഴിഞ്ഞ ഒരുമാസത്തിനിടെ സിമന്റിന് വർധിച്ചത് 60 രൂപയിലധികമാണ്. വിപണിയുടെ 96 ശതമാനവും നിയന്ത്രിക്കുന്ന സ്വകാര്യ സിമന്റ് കമ്പനികൾ തോന്നുംപടി വില കൂട്ടുകയാണ്. ഓരോ ജില്ലയിലെയും പ്രാദേശിക വ്യത്യാസം അനുസരിച്ച് ഓരോ വിലയാണ് പല നിർമാണസാമഗ്രികൾക്കും ഈടാക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
എം സാൻഡ് വില ഒരടിയ്ക്ക് 60 ‑70 രൂപയിലെത്തി. 55 രൂപയിൽ നിന്നാണ് കുതിച്ചുച്ചാട്ടം. കല്ലിന് 150 അടിക്ക് 7,500 രൂപയും വരും. പലയിടങ്ങളിലും കല്ലു കിട്ടാനേയില്ല. ഇതോടെ പലരും അടിത്തറ നിർമാണവും കോൺക്രീറ്റിലേക്കു മാറ്റിയിരിക്കുകയാണ്. കമ്പിയുടെ വില അടുത്തിടെ കിലോയ്ക്ക് ശരാശരി 20 രൂപ വർധിച്ചു. ഓരോ ആഴ്ചയും കമ്പിയുടെ വില വർധിക്കുമ്പോൾ ചെറുകിട കരാറുകാരാണ് ഏറെ വലയുന്നത്. 80 — 85 രൂപ നിരക്കിലാണ് നിലവിൽ ഒരു കിലോഗ്രാം കമ്പിയുടെ വില. നിലവിലെ സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും 100 രൂപ കടക്കുമെന്നാണു സ്ഥിതി.
2020 ന്റെ തുടക്കത്തിൽ ശരാശരി 45 രൂപയായിരുന്ന വിലയാണ് ഇപ്പോൾ കുതിച്ചുയർന്നിരിക്കുന്നത്. വൻകിട ബ്രാൻഡുകളുടെ കമ്പിക്ക് ഇപ്പോൾ തന്നെ 95- 100 രൂപ നൽകണം. വീടുപണിയുടെ രണ്ടാംഘട്ടത്തിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന ഇലക്ട്രിക്കൽ, പ്ലമ്പിങ്ങ് മേഖലയിലും ഇതു വിലക്കയറ്റത്തിന്റെ കാലമാണ്. ഇലക്ട്രിക്കൽ, പ്ലമ്പിങ്ങ് ഉൽപന്നങ്ങൾക്കും 50 ശതമാനം വില കൂടി. പെയിന്റുകൾക്കു ശരാശരി 35 ശതമാനം വില വർധിച്ചു. ഇതിനെല്ലാം ഒപ്പമാണ് തൊഴിൽ കൂലിയിലെ വർധനയും വിദഗ്ധ തൊഴിലാളികളുടെ അഭാവവും തിരിച്ചടിയാകുന്നത്. മുൻകൂട്ടി കരാർ ഉറപ്പിച്ചു വർക്ക് ഏറ്റെടുത്ത ചെറുകിട കരാറുകരാണ് വിലക്കയറ്റ പ്രതിന്ധിയിൽ നട്ടം തിരിയുന്നത്. പല ചെറുകിട കരാറുകാരും നഷ്ട ഭീഷണിയിലാണ്. പഞ്ചായത്തുകളിൽ ചെറിയ കോൺക്രീറ്റ്, റോഡ് നിർമാണ കരാറുകൾ എടുത്തവരും വെട്ടിലായിരിക്കുകയാണ്. വില നിയന്ത്രണത്തിനായി ശക്തമായ ഇടപെടലുണ്ടായില്ലെങ്കിൽ നിർമാണ മേഖല തകർന്നടിയുമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.
English Summary: cost of building materials in skyrocketing
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.