4 March 2024, Monday

നീതിന്യായ വ്യവസ്ഥയെ തകര്‍ക്കുന്ന കോടതി ഉത്തരവുകള്‍

അഡ്വ. വി ബി ബിനു
(സംസ്ഥാന സെക്രട്ടറി, എഐടിയുസി)
April 11, 2022 5:23 am

2022 മാര്‍ച്ച് 28, 29 തീയതികളില്‍ നടന്ന ദ്വിദിന പണിമുടക്കില്‍ 25 കോടിയിലധികം തൊഴിലാളികള്‍ പങ്കുചേര്‍ന്നു. ലോക തൊഴിലാളി സംഘടന (ഡബ്ല്യുഎഫ്‌ടിയു) പണിമുടക്കിനുശേഷം നടത്തിയ പ്രതികരണത്തില്‍ ലോകത്തു നടന്നിട്ടുള്ള പണിമുടക്കങ്ങളില്‍ ഏറ്റവുമധികം തൊഴിലാളികള്‍ പങ്കെടുത്ത പണിമുടക്കെന്നാണ് ഈ ദ്വിദിന പണിമുടക്കിനെ വിശേഷിപ്പിച്ചത്. പണിമുടക്കിനെതിരെ സംഘടിതമായ ആക്രമണമാണ് കോര്‍പറേറ്റ് ശക്തികളുടെ പിന്തുണയോടെ ഒരു വിഭാഗം മാധ്യമങ്ങളും കേന്ദ്ര ഭരണാധികാരികളും നടത്തുന്നത്. പണിമുടക്ക് ആരംഭിച്ച് പാതിവഴിയില്‍ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് അമ്പരപ്പിക്കുന്നതായിരുന്നു. കീഴ്‌ക്കോടതി ഉത്തരവുകള്‍ പൂര്‍ണമായും നിരാകരിച്ച ഉപരികോടതികളുടെ വിധിന്യായങ്ങള്‍ വിരളമല്ല. എന്നാല്‍ ഇവിടെ അപ്പീല്‍ നല്‍കുന്നതിനോ കേരള ഹൈക്കോടതി വിധിന്യായത്തിലെ നിയമവിരുദ്ധത ചൂണ്ടിക്കാണിക്കുവാനോ ഉള്ള സാവകാശം പോലും നല്‍കിയില്ല.
ഭരണകൂടം തെറ്റായ വഴിയിലൂടെ യാത്ര ചെയ്യുമ്പോള്‍ കോടതിയുടെ നിര്‍ഭയവും നിഷ്പക്ഷവുമായ നിലപാടുകളില്‍ കൂടി മാത്രമേ ജനാധിപത്യം നിലനില്‍ക്കുകയുള്ളു. ഭരണഘടനയും നിലവിലെ തൊഴില്‍ നിയമങ്ങളും തൊഴിലാളി സംഘടനകള്‍ രൂപീകരിക്കുന്നതിനും പണിമുടക്കുന്നതിനും തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 19ല്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ രാജ്യത്തെ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങളും ശ്രദ്ധേയമാണ്. ഡോ. ബി ആര്‍ അംബേദ്ക്കര്‍ ഭരണഘടനാ നിര്‍മ്മാണസഭയിലും തുടര്‍ന്ന് ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിയിരുന്നത്.


ഇതുകൂടി വായിക്കൂ:  ഇത് മരണമല്ല, ഭരണകൂടം കൊന്നതാണ്


ഭരണഘടന നിലവില്‍ വരുന്നതിന് മുന്‍പുതന്നെ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ 1926ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്ട് തൊഴിലാളികള്‍ക്ക് യൂണിയന്‍ രൂപീകരിക്കുന്നതിനും പണിമുടക്ക് അടക്കമുള്ള സമരങ്ങള്‍ നടത്തുന്നതിനും നിയമപരമായ അവകാശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വേണം മാര്‍ച്ച് 28, 29 തീയതികളില്‍ നടന്ന പണിമുടക്ക് നിരോധിക്കുവാനുള്ള കോടതിയുടെ ഇടപെടല്‍ ചര്‍ച്ച ചെയ്യേണ്ടത്.
മുന്‍കൂട്ടി നോട്ടീസ് നല്‍കി മാത്രമേ പണിമുടക്ക് നടത്താന്‍ പാടുള്ളു എന്നാണ് നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. അങ്ങനെ ചെയ്തു നടത്തുന്ന പണിമുടക്കിന് നിയമസാധുതയുണ്ട്. 2021 നവംബര്‍ 11ന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെ തൊഴിലാളികളുടെയും ദേശീയ കണ്‍വെന്‍ഷന്‍ ഡല്‍ഹിയില്‍ ചേര്‍ന്നാണ് ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഈ സമരപ്രഖ്യാപന സമ്മേളനത്തില്‍ പണിമുടക്കിനാധാരമായി 12 ആവശ്യങ്ങള്‍ അംഗീകരിക്കുകയും അത്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തൊഴിലാളി സംഘടനകള്‍ നല്‍കിയ ഡിമാന്‍ഡിനെക്കുറിച്ച് നാലു മാസത്തിനുശേഷം പണിമുടക്ക് നടക്കുന്ന ദിവസം വരെ പ്രധാനമന്ത്രിയോ തൊഴില്‍കാര്യ മന്ത്രിയോ ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്യാന്‍ തയാറായിട്ടില്ല. ഡല്‍ഹി കണ്‍വെന്‍ഷനുശേഷം എല്ലാ വ്യവസായ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ഫാക്ടറികളിലുമെല്ലാം തൊഴില്‍ നിയമപ്രകാരം പണിമുടക്ക് നോട്ടീസ് തൊഴിലാളി സംഘടനകള്‍ കൂട്ടമായി നല്‍കിയിട്ടുണ്ട്. 25 കോടിയിലധികം തൊഴിലാളികള്‍ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പണിമുടക്ക് നോട്ടീസ് നല്‍കിയതിനുശേഷം പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില വര്‍ധനവും അതിരൂക്ഷമായി തുടരുകയാണുണ്ടായത്. കോടാനുകോടി ലാഭത്തില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവരുന്ന നാടിന്റെ അടിസ്ഥാന പൊതുമേഖലാ വ്യവസായങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ തന്നെ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് നല്‍കുകയും ചെയ്യുന്നു. അതിരൂക്ഷമായ ജീവിത പ്രതിസന്ധിയുടെ സാഹചര്യത്തില്‍ തൊഴിലാളി സംഘടനകള്‍ മാത്രമല്ല സമസ്ത മേഖലയിലെയും ജനങ്ങള്‍ പണിമുടക്കില്‍ പങ്കാളികളാകാന്‍ മുന്നോട്ടുവന്നു. മൂലധനശക്തികള്‍, കോര്‍പറേറ്റ് ഭീമന്‍മാര്‍ തുടങ്ങിയ പണിമുടക്കിനെ ഏതുവിധേനയും തകര്‍ക്കുവാനുള്ള ഉദ്ദേശവുമായി രംഗത്തുവരികയും ചെയ്തു.


ഇതുകൂടി വായിക്കൂ: ഇന്ത്യയുടെ ക്ഷേമരാഷ്ട്ര സങ്കല്പം


പണിമുടക്ക് ആരംഭിച്ച മാര്‍ച്ച് 28ന് ഉച്ച കഴിഞ്ഞ സമയം വാര്‍ത്താ ചാനലുകളില്‍ കൂടി കോടതി പ്രഖ്യാപനം വരുന്നു. പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നു. പിറ്റേ ദിവസം എല്ലാവരും ജോലിക്കുകയറണം. താല്കാലിക ജീവനക്കാര്‍ പണിമുടക്കിയാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടണം. ജീവനക്കാര്‍ ജോലിക്ക് കയറിയില്ലെങ്കില്‍ കര്‍ശന നടപടികള്‍ ഉണ്ടാവും എന്നിങ്ങനെ.
പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുള്ള തൊഴിലാളി സംഘടനകള്‍ക്ക് കോടതി നോട്ടീസ് നല്‍കിയിരുന്നോ എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്. കോടതിയുടെ മുന്‍പില്‍ ഒരു ഹര്‍ജി വന്നാല്‍ പരാതിക്കാരന്റെ വാദം മാത്രം കേട്ടിട്ടല്ല കേസുകളില്‍ ഉത്തരവുകള്‍ ഉണ്ടാകേണ്ടത്. ഇവിടെ പരാതിയുമായി കോടതിയെ സമീപിച്ചയാള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച, സെക്രട്ടേറിയറ്റില്‍ നിന്നും വിരമിച്ച ഒരു വ്യക്തിയാണ്. അദ്ദേഹത്തിന് രാഷ്ട്രീയ താല്പര്യങ്ങള്‍ ഉണ്ടാവാം. എന്നാല്‍ സാമാന്യ നീതി പോലും അനുവദിക്കാതെയും പണിമുടക്കിന് നോട്ടീസ് നല്‍കിയ സംഘടനകളെ അറിയിക്കാതെയും ഉണ്ടായ കോടതി ഉത്തരവ് വര്‍ധിത വീര്യത്തോടെ തൊഴിലാളികളും ജീവനക്കാരും തള്ളിക്കളയുകയാണ് ഉണ്ടായത്.
നിയമവാഴ്ച നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് ഭരണകൂടം ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും വിധേയമായി വേണം പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഭരണഘടനയുടെ അന്തസത്തയെ തന്നെ നിരാകരിക്കുകയും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെ നോക്കുകുത്തിയാക്കുകയും ചെയ്യുമ്പോള്‍ നിര്‍ഭയമായി നീതിപീഠത്തിന്റെ ഇടപെടലാണ് ഉണ്ടാകേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.