5 May 2024, Sunday

Related news

May 4, 2024
May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024

കോവിഡ്; ആശുപത്രികള്‍ പ്രത്യേക സൗകര്യമൊരുക്കണം, ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Janayugom Webdesk
December 19, 2023 6:05 pm

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നവംബര്‍ മാസത്തില്‍ കോവിഡ് കേസിലുള്ള വര്‍ധനവ് കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലും നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകള്‍ അയക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല ഈ മാസത്തില്‍ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നേതൃത്വത്തില്‍ നിലവിലെ കൊവിഡ് സാഹചര്യവും ആശുപത്രി സംവിധാനവും വിലയിരുത്തി. സംസ്ഥാനത്ത് നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തും. ആശുപത്രികള്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണം. ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കല്‍ കോളേജില്‍ റഫര്‍ ചെയ്യാതെ ജില്ലകളില്‍ തന്നെ ചികിത്സിക്കണം. ഇതിനായി നിശ്ചിത കിടക്കകള്‍ കോവിഡിനായി ജില്ലകള്‍ മാറ്റിവയ്ക്കണം. ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവ നിലവിലുള്ള പ്ലാന്‍ എ, ബി അനുസരിച്ച് ഉറപ്പ് വരുത്തണം. ഡയാലിസിസ് രോഗികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഡയാലിസിസ് മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. കോവിഡ് പോസിറ്റീവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ ചികിത്സ ഉറപ്പാക്കണം. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിക്കണം. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരും മാസ്‌ക് ധരിക്കണം.

നിലവിലെ ആക്ടീവ് കേസുകളില്‍ ബഹുഭൂരിപക്ഷം പേരും നേരിയ രോഗലക്ഷണങ്ങളുള്ളതിനാല്‍ വീടുകളിലാണുള്ളത്. മരണമടഞ്ഞവരില്‍ ഒരാളൊഴികെ എല്ലാവരും 65 വയസിന് മുകളിലുള്ളവരാണ്. കൂടാതെ ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ഗുരുതര അനുബന്ധ രോഗങ്ങള്‍ ഉള്ളവരുമായിരുന്നു. ഫലം ലഭിച്ചതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെഎന്‍-1 ഒമിക്രോണ്‍ വേരിയെന്റാണ് സ്ഥിരീകരിച്ചത്. ആ വ്യക്തിക്ക് രോഗം ഭേദമാകുകയും ചെയ്തു.

ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ഡിസംബര്‍ 13 മുതല്‍ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ മോക് ഡ്രില്‍ നടത്തി. ഓക്‌സിജന്‍ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റര്‍ സൗകര്യമുള്ള ഐസിയു കിടക്കകളുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry; covid; Hos­pi­tals should pro­vide spe­cial facil­i­ties, Health Min­is­ter says no need to worry
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.