26 July 2024, Friday
KSFE Galaxy Chits Banner 2

കോവിഡ് വാക്സിൻ സ്വീകരിച്ചവരില്‍ 13 ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിച്ചേക്കാമെന്ന് പഠനം

Janayugom Webdesk
ന്യൂഡല്‍ഹി
February 22, 2024 6:04 pm

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരില്‍ മസ്തിഷ്ക, ഹൃദയ, രക്ത സംബന്ധിയായ അപൂര്‍വ രോഗങ്ങള്‍ കണ്ടുവരുന്നതായി പഠനം. വാക്സിൻ എന്ന ശാസ്ത്ര ജേണലിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ വാക്സിൻ 13 ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ ഗവേഷണ വിഭാഗമായ ഗ്ലോബല്‍ വാക്സിൻ ഡാറ്റ നെറ്റ്‌വര്‍ക്കിനെ ഉദ്ധരിച്ച് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ച 9.9 കോടി പേരെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. അര്‍ജന്റീന, ഓസ്ട്രേലിയ, കാനഡ, ഡെൻമാര്‍ക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ന്യൂസീലാൻഡ്, സ്കോട്ട്ലാൻഡ് എന്നീ രാജ്യങ്ങളില്‍ ഉള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. ചില വിഭാഗം എംആര്‍എൻഎ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരില്‍ ഹൃദയ പേശികളില്‍ വീക്കം ഉണ്ടാക്കുന്ന മയോകാര്‍ഡൈറ്റിസ് പോലുള്ളവയ്ക്ക് കാരണമാകുന്നതായും പഠനം കണ്ടെത്തി. ഫൈസര്‍-ബയോഎൻടെക്കിന്റെയും മൊഡേണയുടെ എംആര്‍എൻഎ വാക്സിനും സ്വീകരിച്ചവര്‍ക്ക് മയോകാര്‍ഡൈറ്റിസ് സാധ്യത ഉള്ളതായി കണ്ടെത്തി. മൊഡേണയുടെ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ചവരില്‍ മറ്റുള്ളതിനെക്കാള്‍ 6.1 തവണയാണ് രോഗസാധ്യതയെന്നും ഫോബ്സ് റിപ്പോര്‍ട്ട് ചെയ്തതായി പഠനം പറയുന്നു.

ആസ്ട്രസെനക്കയുടെ വാക്സിൻ സ്വീകരിച്ചവരില്‍ മറ്റൊരു രോഗാവസ്ഥയായ പെരികാര്‍ഡൈറ്റിസിനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 6.9 ഇരട്ടിയാണ്. മൊഡേണയുടെ ആദ്യ ഡോസും നാലാം ഡോസും സ്വീകരിച്ചവരില്‍ ഇത് യഥാക്രമം 1.7 ഇരട്ടിയും 2.6 ഇരട്ടിയുമാണ്. ആസ്ട്രാസെനക്ക സ്വീകരിച്ചവരില്‍

ശരീരത്തിലെ നാഡീ ഞരമ്പുകളെ ബാധിക്കുന്ന ഗില്ലിന്‍ ബാരേ സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും രക്തം കട്ടപിടിക്കാനുള്ള സാധ്യത 3.2 ഇരട്ടിയാണെന്നും പഠനം വ്യക്തമാക്കുന്നു. മൊഡേണയുടെ വാക്സിൻ സ്വീകരിച്ചവരിൽ ആക്യൂട്ട് ഡെസിമിനേറ്റഡ് എൻസഫലോമൈലിറ്റിസിനുള്ള സാധ്യത 3.8 മടങ്ങും ആസ്ട്രസെനകയുടെ വാക്സിൻ സ്വീകരിച്ചവരിൽ ഇത് 2.2 മടങ്ങ് വർധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ കോവിഡ് വാക്സിന് അപകട സാധ്യതകള്‍ ഉണ്ടെങ്കിലും ഗുണഫലങ്ങള്‍ ഇതിനെക്കാള്‍ കൂടുതലാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം തമിഴ്‌‌നാടിലെ വെല്ലൂരില്‍ ക്രിസ്ത്യൻ മെഡിക്കല്‍ കോളജില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ ഇന്ത്യയില്‍ കോവിഡിനെ തരണം ചെയ്തവര്‍ക്ക് യൂറോപ്യൻ രാജ്യങ്ങള്‍, ചൈന എന്നിവിടങ്ങളില്‍ ഉള്ളവരെക്കാള്‍ കരള്‍, ശ്വാസകോശ രോഗങ്ങള്‍ കൂടുതലാണെന്ന് കണ്ടെത്തി. 207 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. ചിലര്‍ കോവിഡ് ബാധിച്ച് ഒരു വര്‍ഷത്തിനിടെ രോഗമുക്തി നേടിയെങ്കില്‍ മറ്റു ചിലര്‍ സ്ഥായിയായ കരള്‍ രോഗബാധ ഉള്ളവരായി മാറിയെന്നും പഠനം വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: covid vaccine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.