26 April 2024, Friday

കൈത്തറി മേഖലയിൽ പ്രതിസന്ധി; നൂൽ ക്ഷാമവും അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതും തിരിച്ചടി

 ബേബി ആലുവ
കൊച്ചി
December 5, 2022 7:34 pm

നൂലിന്റെ ക്ഷാമവും വില വർദ്ധനവും കൈത്തറി മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. നിറക്കൂട്ടുകളടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ വില ഉയർന്നതും മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. സംസ്ഥാനത്ത് ആവശ്യമായ നൂലിന്റെ വലിയൊരളവ് വരുന്നത് പുറത്തു നിന്നാണ്. എന്നാൽ, വിപണിയിൽ പരുത്തിയുടെ വരവ് കുറഞ്ഞതോടെ അവിടങ്ങളിൽ നൂൽ ഉല്പാദനം കുറഞ്ഞ തോതിലാണ്. പരുത്തി നൂലിന്റെയും പഞ്ഞിയുടെയും ദൗർലഭ്യവും വിലക്കയറ്റവുംമൂലം തമിഴ് നാട്ടിലെ തിരുപ്പൂർ, കോയമ്പത്തൂർ ജില്ലകളിലെ നൂറുകണക്കിന് നെയ്ത്ത് യൂണിറ്റുകളും 300‑ലേറെ വലിയ തുണി നിർമ്മാന്ന യൂണിറ്റുകളും അടച്ചിട്ടിരിക്കുന്ന സ്ഥിതിയാണ്. വില വർദ്ധനവിൽ പൊറുതി മുട്ടിയതിനാൽ മില്ലുകളിൽ നിന്ന് 14 ദിവസത്തേക്ക് നൂൽ വാങ്ങേണ്ടതില്ലെന്നാണ് നിർമ്മാണ യൂണിറ്റുകളുടെ തീരുമാനം. ഇതോടെയാണ്, കേരളത്തിലെ പ്രശ്നങ്ങളും സങ്കീർണ്ണമായത്.

ചേന്ദമംഗലം, ബാലരാമപുരം, കൂത്താമ്പിള്ളി, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളാണ് പ്രധാനമായി സംസ്ഥാനത്തെ കൈത്തറി നെയ്ത്ത് കേന്ദ്രങ്ങൾ. സംസ്ഥാനത്ത് ചുരുങ്ങിയ രീതിയിലേ നൂൽ ഉല്പാദനമുള്ളൂ. മില്ലുകളിൽ പലതും പൂട്ടിപ്പോയി. ശേഷിക്കുന്ന 17 മില്ലുകളിൽ ഒൻപത് എണ്ണം സഹകരണ മേഖലയിലും എട്ട് എണ്ണം ഹാൻഡ്‌ലൂം കോർപ്പറേഷന്റെ കീഴിലുമാണ്. അവയിൽ ഉല്പാദിപ്പിക്കുന്നവ സംസ്ഥാനത്തെ ആവശ്യത്തിന് മതിയാവുകയുമില്ല.

കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിൽ ലഭ്യമാക്കുന്നതാണ് ടെക്സ്റ്റയിൽ രംഗം. ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉല്പാദന രാജ്യമായിട്ടും, ഏറ്റവും കൂടുതൽ ഭൂമി പരുത്തി കൃഷിക്കായി ഉപയോഗിക്കുന്ന രാജ്യമായിട്ടും ഇന്ത്യയിൽ ഒരു ഹെക്ടറിൽ നിന്നുള്ള വിളവ് 460 കിലോഗ്രാം മാത്രമാണെന്നും ആഗോള തലത്തിൽ ഇത് 800 കിലോഗ്രാമാണെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ തന്നെ വെളിപ്പെടുത്തുന്നു. കൃഷി സാന്ദ്രത വർദ്ധിപ്പിക്കൽ, വിളവെടുപ്പിലെ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കൽ, അഗ്രോണമി രംഗത്തെ ഗവേഷണങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകൽ തുടങ്ങിയ കാര്യങ്ങളിൽ നിന്ന് കേന്ദ്രം പിന്നോക്കം പോകുന്നതാണ് പരുത്തി കൃഷിരംഗത്തെ ഇന്നുള്ള ഗുരുതര പ്രശ്നങ്ങൾക്ക് കാരണമെന്ന് ഈ രംഗവുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായം.
കൈത്തറി മേഖലയ്ക്ക് നൽകി വന്ന റിബേറ്റും നൂൽ സബ്സിഡിയും നേരത്തേ തന്നെ കേന്ദ്രം നിർത്തലാക്കിയിരുന്നു.

Eng­lish Sum­ma­ry: Cri­sis in hand­loom sector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.