19 April 2024, Friday

മാവോയിസ്റ്റ് ആക്രമണത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥര്‍ കൊ ല്ലപ്പെട്ടു

Janayugom Webdesk
പാലക്കാട്
November 30, 2022 10:53 pm

ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പാലക്കാട് അകത്തേത്തറ, ധോണി ഇഎംഎസ് നഗര്‍, ദാറുസലാം വീട്ടില്‍ മുഹമ്മദ് ഹക്കീം (33) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ക്യാമ്പ് ആക്രമിച്ചത്. വെടിയേറ്റ ഉടന്‍ ഹക്കീമിനെ ഭേജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന സന്ദേശം മിലിട്ടറിയില്‍ നിന്നും ലഭിച്ചതായി പിതാവ് സുലൈമാന്‍ പറഞ്ഞു.

ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് സുക്മ ജില്ലയിലെ ക്യാമ്പ്. മുഹമ്മദ് ഹക്കീമിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് ഏഴിന് കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിച്ചു. രാത്രി ഒമ്പത് മണിയോടെ ധോണിയിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹം ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ്, ജില്ലാ കളക്ടർ മൃണ്‍മയീ ജോഷി, എ പ്രഭാകരന്‍ എംഎല്‍എ, തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഹക്കീമിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

2007 ലാണ് മുഹമ്മദ് ഹക്കീം സിആർപിഎഫിൽ ചേരുന്നത്. പിന്നീട് സിആർപിഎഫിന്റെ കോബ്ര യൂണിറ്റിന്റെ ഭാഗമായിരുന്നു. മികച്ച ഹോക്കി താരം കൂടിയാണ്. ജമ്മു കശ്മീർ, ഒഡിഷ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ ഹക്കീം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ അവധിക്ക് ധോണിയിൽ എത്തി മടങ്ങിയിരുന്നു. ഉമ്മിണി സ്കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം സമീപത്തു തന്നെയുള്ള ജുമാ മസ്ജിദില്‍ ഇന്ന് രാവിലെ 10ന് മൃതദേഹം സംസ്കരിക്കും.
വിമുക്ത ഭടനായ സുലൈമാന്റെയും റയില്‍വേ ജീവനക്കാരിയായ നിലാവര്‍ണ്ണീസയുടെയും മൂന്നാമത്തെ മകനാണ് മുഹമ്മദ് ഹക്കീം. ഭാര്യ: പി യു റംസീന, മകള്‍: നാലുവയസുള്ള അഫ് സിന. സഹോദരങ്ങള്‍: കാജഹുസൈന്‍, ജംഷീര്‍.

Eng­lish Summary:CRPF per­son­nel killed in Maoist attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.