18 November 2024, Monday
KSFE Galaxy Chits Banner 2

ക്യൂബൻ പ്രസിഡന്റിന്റെ വത്തിക്കാൻ സന്ദർശനം

അരുൺ കുമാർ ടി
June 25, 2023 4:33 am

കഴിഞ്ഞയാഴ്ച നടന്ന ആഗോള സംഭവങ്ങളിൽ പ്രധാനം ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് കാനൽ, ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു. ഉദര ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ആദ്യമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു ഇത്. ജൂൺ ഏഴിന് നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിക്കുന്ന 86 കാരനായ ഫ്രാൻസിസ് മാര്‍പാപ്പയോട് ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരുന്നു. അതിനാൽതന്നെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തീർത്ഥാടകരും വിനോദസഞ്ചാരികളുമൊത്തുള്ള തന്റെ പരമ്പരാഗത ചടങ്ങുകള്‍ ഉൾപ്പെടെ ഒഴിവാക്കിയിരിക്കുകയാണ്. മറ്റ് കൂടിക്കാഴ്ചകളും ജൂലൈ മാസം മാറ്റിവച്ചിരുന്നു. എങ്കിലും ക്യൂബൻ പ്രസിഡന്റിനെ കാണുന്നതിന് അദ്ദേഹം തയ്യാറായി.
1998 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ക്യൂബൻ സന്ദർശനം നടത്തിയതിന്റെ 25-ാം വാർഷിക വേളയിലാണ് ക്യൂബൻ പ്രസിഡന്റിന്റെ സന്ദർശനം. ഇക്കാര്യം ഇരുരാജ്യ നേതാക്കളും എടുത്തുപറഞ്ഞു. 2015 മേയ് മാസം അന്നത്തെ പ്രസിഡന്റ് റൗൾ കാസ്ട്രോയും വത്തിക്കാനിലെത്തിയിരുന്നു.


ഇത് കൂടി വായിക്കൂ: ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


40 മിനിറ്റിലധികം നേരം കാനലും മാർപാപ്പയും സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ആഗോള രാഷ്ട്രീയ — സാമൂഹ്യ വിഷയങ്ങളുമാണ് ചർച്ച ചെയ്തതെന്ന് ക്യൂബയും വത്തിക്കാനും വെളിപ്പെടുത്തി. ക്യൂബയ്ക്കെതിരെ ഉപരോധവും വിഘടന പ്രവർത്തനങ്ങളും ഉണ്ടാകുന്ന ഘട്ടങ്ങളിൽ അനുകൂല നിലപാട് കൈക്കൊള്ളാറുള്ള വത്തിക്കാന്റെ മഹാമനസ്കതയ്ക്ക് ക്യൂബൻ പ്രസിഡന്റ് നന്ദി പറഞ്ഞു. വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് ഉൾപ്പെടെയുള്ള സംഘമായിരുന്നു ക്യൂബൻ പ്രസിഡന്റിനെ വത്തിക്കാനിലേക്കുള്ള യാത്രാ വേളയിൽ അനുഗമിച്ചിരുന്നത്. സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ഉൾപ്പെടെയുള്ളവർ മാർപാപ്പയ്ക്കൊപ്പമുണ്ടായിരുന്നു.
ജോൺ പോൾ രണ്ടാമന്റെ ദ്വീപ് സന്ദർശനത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ഈ വർഷം ജനുവരി 14ന്, റോം ക്യൂബയിലെ ജനങ്ങൾക്ക് പ്രത്യേക ആശംസാ സന്ദേശം അയച്ചിരുന്നു. സഹകരണത്തിനും പരസ്പര സഹായത്തിനും നന്ദി പ്രകാശിപ്പിക്കുന്നതായിരുന്നു പ്രസ്തുത സന്ദേശം. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ജനുവരി 24ന് ക്യൂബയിൽ നടന്ന ലോക ബാലൻസ് ഫോർ വി ഇന്റർനാഷണൽ സമ്മേളനത്തെ അഭിവാദ്യം ചെയ്തും ഫ്രാൻസിസ് മാർപാപ്പ സന്ദേശം പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ 12ന്, ക്യൂബ ഒരു പ്രതീകമാണ്, ക്യൂബയ്ക്ക് മഹത്തായ ചരിത്രമുണ്ട് എന്ന് മാർപാപ്പ അഭിപ്രായപ്പെട്ടിരുന്നു. ഞാൻ ക്യൂബൻ ജനതയെ വളരെയധികം സ്നേഹിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആ വർഷം ഓഗസ്റ്റ് 10ന് പടിഞ്ഞാറൻ ക്യൂബൻ പ്രവിശ്യയായ മാറ്റാൻസാസിലെ ഒരു എണ്ണഖനിയിലുണ്ടായ സ്ഫോടനങ്ങളും തീപിടിത്തവും മൂലമുണ്ടായ ദുരന്തത്തിലും പടിഞ്ഞാറൻ ക്യൂബയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിന്റെ ഘട്ടത്തിലും ഇരകളുടെയും ക്യൂബയുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ പ്രസ്താവന നല്കിയിരുന്നു. ഇക്കാര്യങ്ങൾ ഓർമ്മിച്ചുകൊണ്ട്, ക്യൂബയുടെ പ്രതികൂല സാഹചര്യങ്ങളിൽ കൂടെ നിന്ന റോമിന് ക്യൂബൻ ഭരണാധികാരി നന്ദി നേരിട്ട് പാപ്പയെ അറിയിച്ചു.


ഇത് കൂടി വായിക്കൂ: കര്‍ണാടക; പ്രതിപക്ഷത്തിന് ഒരു പാഠമാണ്


സമാധാനത്തിന്റെ ദൂതന്മാരാകൂ എന്ന ലിഖിതത്തോടുകൂടിയ ഒലിവ് ശാഖ വഹിക്കുന്ന ഒരു പ്രാവിന്റെ വെങ്കല ശില്പവും ഫ്രാൻസിസ് മാർപാപ്പ ക്യൂബൻ പ്രസിഡന്റിന് സമ്മാനിച്ചു. വെള്ളി, വെങ്കലം, മരം എന്നിവ ചേർത്ത് സമാധാന സന്ദേശം ആലേഖനം ചെയ്ത ശില്പവും വിവിധ എഴുത്തുകാരുടെ ക്യൂബൻ കവിതാ പുസ്തകങ്ങളുമാണ് തിരികെ സമ്മാനമായി നല്കിയത്.
ക്യൂബയുടെ പ്രത്യേക സാഹചര്യങ്ങളും പ്രത്യേകിച്ച് ജീവകാരുണ്യ മേഖലയിൽ സഭ നൽകുന്ന സംഭാവനകളും സഭാധ്യക്ഷനും ക്യൂബൻ നേതാവും ചർച്ച ചെയ്തുവെന്ന് സന്ദർശനാനന്തരം വത്തിക്കാൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. എല്ലായ്പ്പോഴും പൊതുനന്മയെ അനുകൂലിക്കുന്നതിനുള്ള പ്രതിബദ്ധത തുടരേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.
ക്യൂബയ്ക്കെതിരെ യുഎസ് ഭരണകൂടങ്ങൾ പ്രയോഗിക്കുന്നത് പോലുള്ള സാമ്പത്തിക ഉപരോധങ്ങളെ പൊതുവെ സംശയത്തോടെയാണ് വത്തിക്കാൻ സമീപിച്ചിരുന്നത്. അതുകൊണ്ട് സഭയുടെ ആത്യന്തിക നിലപാട് യുഎസിനെതിരാണ് എന്ന് കരുതുവാൻ സാധിക്കില്ല. എങ്കിലും മനുഷ്യത്വപരമായ പല നിലപാടുകളും ക്യൂബയുടെ കാര്യത്തിലുണ്ടായിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്.
യുദ്ധത്തിന്റെയും പരസ്പര വൈരത്തിന്റെയും സാന്നിധ്യം ലോകത്ത് വർധിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ക്യൂബയുടെയും റോമിന്റെയും ഭരണാധികാരികളുടെ ഔദ്യോഗിക കൂടിക്കാഴ്ചയുണ്ടായത്. പടിഞ്ഞാറൻ അധിനിവേശ ശ്രമങ്ങൾക്കും കടുത്ത ഉപരോധങ്ങൾക്കുമിടയിൽ ചെറുത്തുനില്പിന്റെ പ്രതീകമായി നിലകൊള്ളുന്ന രാജ്യമാണ് ക്യൂബ. അതിനോട് വിഷയാധിഷ്ഠിതമായി ചേർന്നുള്ള റോമിന്റെ നിലപാട് സുപ്രധാനമാണ്.


ഇത് കൂടി വായിക്കൂ: നദികളുടെ വീണ്ടെടുപ്പിനായി ഒരു ദിനം


ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിലും ഈ സന്ദർശനത്തിന് പ്രാധാന്യമേറുന്നു. സോഷ്യലിസ്റ്റ് ഭരണക്രമത്തെ പിന്തുടർന്നാണ് ക്യൂബ നിലകൊള്ളുന്നത്. ക്രൈസ്തവ വിശ്വാസികളിൽ ആധുനിക പുരോഹിതർ കമ്മ്യൂണിസ്റ്റ് വിരുദ്ധത അടിച്ചേല്പിക്കുവാൻ ശ്രമിക്കുന്ന പുതിയ കാലത്താണ് നാമുള്ളത്. കേരളത്തെ സംബന്ധിച്ചാണെങ്കിൽ തീവ്ര ഹൈന്ദവതയോട് ചേർന്നാലും കുഴപ്പമില്ലെന്ന് അഭിപ്രായമുള്ള കമ്മ്യൂണിസ്റ്റ് അലർജി ബാധിച്ച ചില പുരോഹിതരുമുണ്ട്. ഈ പരിസരത്തുനിന്നാണ് മാർപാപ്പയും ക്യൂബൻ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചയെ വിലയിരുത്തേണ്ടത്. അതുകൊണ്ടുതന്നെ ഒരു രാജ്യത്തിന്റെ മേധാവിയെന്ന നിലയിൽ നരേന്ദ്രമോഡിയെ യുഎസ് വരവേൽക്കുന്നത് പോലെ കാണേണ്ടതല്ല ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.